ന്യൂദല്‍ഹി: ലോക്‌സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങൾ (എം.പി) സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇതോടെ പതിനെട്ടാമത് ലോക്‌സഭയുടെ രൂപീകരണ പ്രക്രിയ പൂർത്തിയായി. സഭയുടെ ആദ്യ സമ്മേളനം ഇപ്പോൾ പുരോഗമിക്കുകയാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയായ എന്‍ഡിഎ 293 സീറ്റുകളും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയായ ഇന്ത്യ 233 സീറ്റുകളുമാണ് നേടിയത്. രാജ്യത്തെ 41 രാഷ്ട്രീയ പാർട്ടികൾക്കാണ് ലോക് സഭയിൽ പ്രാതിനിധ്യമുള്ളത്. ബാക്കിയുള്ളത് സ്വതന്ത്രരും.
മണ്ഡലങ്ങളിലെ ജനസേവനത്തിന് ഉയര്‍ന്ന ശമ്പളത്തിനു പുറമെ യാത്രകള്‍ക്കും, താമസത്തിനും, മറ്റ് ആവശ്യങ്ങള്‍ക്കും മികച്ച ആനുകൂല്യങ്ങളാണ് എംപിമാര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്നത്. ഒഫീസ് പ്രവർത്തനങ്ങൾക്ക് ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചെലവുകളും ഇതിലുൾപ്പെടും. ചുരുങ്ങിയത് 26.60 ലക്ഷം രൂപയാണ് ശമ്പളവും അലവന്‍സുകളുമായി മാത്രം ഒരു എംപിക്ക് ഒരു വര്‍ഷം ലഭിക്കുക. സൗജന്യ വിമാന, ട്രെയിന്‍ യാത്രകള്‍, യാത്രാ ബത്ത, ഡെയ്‌ലി അലവന്‍സ്, ചികിത്സ, വീടും താമസ സൗകര്യങ്ങളും തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങള്‍ വേറെയും ലഭിക്കും.
ഇന്ത്യയില്‍ എംപിമാര്‍ക്ക് ലഭിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളേയും കുറിച്ച് വിശദമായി അറിയാം. ഒരു എംപിയുടെ അടിസ്ഥാന ശമ്പളം പ്രതിമാസം ഒരു ലക്ഷം രൂപയാണ്. പണപ്പെരുപ്പം, ജീവിതച്ചെലവിലെ വര്‍ധന എന്നിവ കണക്കിലെടുത്ത് 2018ലാണ് അവസാനമായി എംപിമാരുടെ ശമ്പളം പുതുക്കി നിശ്ചയിച്ചത്. അടിസ്ഥാന ശമ്പളത്തിനു പുറമെ ഒട്ടേറെ ആനുകൂല്യങ്ങളും ബത്തകളും എംപിമാര്‍ക്ക് ലഭിക്കും.
മണ്ഡല അലവന്‍സ് ആയി ഓരോ മാസവും 70,000 രൂപയും ലഭിക്കും. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കും മണ്ഡലങ്ങളിലെ മറ്റു കാര്യങ്ങളുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കാണിത്. ഓഫീസ് ചെലവുകള്‍ക്ക് മാത്രമായി 60,000 രൂപയും ലഭിക്കും. ഇതില്‍ ജീവനക്കാരുടെ ശമ്പളം, ഓഫിസ് ചെലവുകള്‍, ഫോണ്‍ ബില്ലുകള്‍ എന്നിവ ഉള്‍പ്പെടും.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന വേളയില്‍ എംപിമാര്‍ക്ക് ദല്‍ഹിയിലെ താമസം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ക്കായി പ്രതിദിന അലവന്‍സ് 2000 രൂപ ലഭിക്കും. ഒരു എംപിക്കും കുടുംബാംഗങ്ങള്‍ക്കും ഒരു വര്‍ഷം 34 ആഭ്യന്തര വിമാന യാത്രകള്‍ സൗജന്യമാണ്. ഔദ്യോഗിക, വ്യക്തിപര യാത്രകള്‍ക്കായി ട്രെയിനില്‍ സൗജന്യ ഫസ്റ്റ് ക്ലാസ് യാത്രകളും സൗജന്യമാണ്. കൂടാതെ മണ്ഡലത്തിനകത്തെ റോഡ് യാത്രകള്‍ക്ക് ഇന്ധന അലവന്‍സും ക്ലെയിം ചെയ്യാവുന്നതാണ്.
എംപിയായിരിക്കുന്ന അഞ്ചു വര്‍ഷത്തേക്ക് വാടകയില്ലാത്ത താമസ സൗകര്യം ലഭിക്കും. സീനിയോറിറ്റിയെ ആശ്രയിച്ച് ദല്‍ഹിയിലെ പ്രധാന സ്ഥലങ്ങള്‍ ബംഗ്ലാവ്, ഫ്‌ളാറ്റ്, ഹോസ്റ്റല്‍ മുറി എന്നിവ ലഭിക്കും. ഈ ഔദ്യോഗിക താമസ സൗകര്യം തിരഞ്ഞെടുക്കുന്നില്ലെങ്കില്‍ എംപിമാര്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഹൗസിങ് അലവന്‍സായി ക്ലെയിം ചെയ്യാവുന്നതാണ്.
ഒരു വര്‍ഷം ഒരു എംപിക്ക് ഒന്നര ലക്ഷം ഫോണ്‍ കോളുകള്‍ സൗജന്യമാണ്. കൂടാതെ വീട്ടിലും ഒഫീസിലും ഹൈ-സ്പീഡ് ഇന്റര്‍നെറ്റും സൗജന്യമായി ലഭിക്കും. ഒരു വര്‍ഷം 50,000 യൂനിറ്റ് വരെ ഇലക്ട്രിസിറ്റിയും, 4000 കിലോലിറ്റര്‍ വെള്ളവും എംപിമാര്‍ക്ക് സൗജന്യമാണ്.
എംപിക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും സെന്‍ട്രല്‍ ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം പ്രകാരം സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഈ പദ്ധതി പ്രകാരം ചികിത്സ തേടാം.
പാര്‍ലമെന്റില്‍ ഒരു ടേം (5 വർഷം) പൂര്‍ത്തിയാക്കി എംപിയായി വിരമിക്കുന്നവര്‍ക്ക് പ്രതിമാസം 25000 രൂപ പെന്‍ഷന്‍ ലഭിക്കും. ശേഷമുള്ള ഓരോ വര്‍ഷത്തേയും സേവനത്തിന് പ്രതിമാസം 2000 രൂപയുടെ വര്‍ധനയും ഉണ്ടാകും.