ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്തില്ല. യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖഡ്‌ഗെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഇതുന്നയിച്ചു. എന്നാല്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. സുപ്രധാന യോഗത്തില്‍ അധ്യക്ഷത വഹിക്കേണ്ട പ്രധാനമന്ത്രിയുടെ അഭാവം എല്ലാ പാര്‍ട്ടികളും യോഗത്തില്‍ ചോദ്യം ചെയ്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് യോഗത്തില്‍ അധ്യക്ഷനായത്. അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പ്രധാനമന്ത്രിക്കാണെന്നതിനാല്‍ അദ്ദേഹം യോഗത്തില്‍ ഉണ്ടായിരിക്കണമായിരുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പിന്നീട് വിശദീകരിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. വിശദീകരണം മറ്റൊരു കാര്യമാണ്, നേരിട്ട് കേട്ട് തീരുമാനം എടുക്കുക എന്നതാണ് പ്രധാനമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിലായിരുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പരിപാടികൾ ഉപേക്ഷിച്ച് തിരിച്ചെത്തിയിട്ടുണ്ട്. സർവകക്ഷി യോഗത്തിലും പങ്കെടുത്തു.
രാജ്യത്തിന്റെ താല്‍പര്യം അനുസരിച്ച് സര്‍ക്കാര്‍ എടുക്കുന്ന ഏതൊരു നടപടിക്കും പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുമെന്ന ഏകസ്വരത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ അറിയിച്ചത്. രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കുന്നതിന് ഈ വിഷയത്തില്‍ പ്രതിപക്ഷം പൂര്‍ണമായും സഹകരിക്കുമെന്നും ഖഡ്‌ഗെ പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ സുരക്ഷാ വീഴ്ചയാണ് യോഗത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച മറ്റൊരു പ്രധാന വിഷയം. ത്രിതല സുരക്ഷാ സംവിധാനം ഉണ്ടായിട്ടും കുറെ നിരപരാധികളുടെ മരണത്തിനിടയാക്കിയ ഒരു ആക്രമണം എങ്ങനെ ഉണ്ടായി എന്ന് ഖഡ്‌ഗെ ചോദിച്ചു. സംഭവം നടന്ന ബൈസരണിലേക്ക് കൂടുതല്‍ ആളുകളെത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം പൊലീസ് അറിയേണ്ടതാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. പഹല്‍ഗാം ആക്രമണത്തിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചാരണം ധ്രുവീകരണ ശ്രമമാണെന്നും യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ചു.
ഭീകരാക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരക്കിട്ടാണ് പ്രധാനമന്ത്രി മോഡി ദല്‍ഹിയില്‍ തിരിച്ചെത്തിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേര്‍ന്ന് സുപ്രധാന തീരുമാനങ്ങളെടുത്തു. ഭീകരരുടെ താവളമെന്ന് സംശയിക്കപ്പെടുന്ന പാക്കിസ്ഥാനെതിരെ ശക്തമായ നടപടികള്‍ ഈ യോഗത്തിലാണ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് പരസ്യമായൊന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല. പിന്നീട് ഇന്നു നടന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതെയാണ് അദ്ദേഹം ബിഹാറില്‍ തിരഞ്ഞെടുപ്പു റാലിയിലും ബിജെപി സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനുമായി പോയത്. പഹല്‍ഗാം സംഭവത്തിനു ശേഷം പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. പ്രസംഗത്തിലുടനീളം പഹല്‍ഗാം ആയിരുന്നു വിഷയം.