ജബൽപുർ- മധ്യപ്രദേശിലെ ജബൽപുരിലെ ദുമ്ന വിമാനതാവളത്തിന്റെ മേൽക്കൂരയിലെ മെറ്റൽ ഭാഗം തകർന്നുവീണ് പാർക്ക് ചെയ്തിരുന്ന കാർ തകർന്നു. ഇക്കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി മോഡിയാണ് വിമാനതാവളത്തിലെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ഇൻകം ടാക്സ് വകുപ്പിന്റെ കാറാണ് തകർന്നത്.
യാത്രക്കാരനെ ഇറക്കാൻ വിമാനത്താവളത്തിലെത്തിയ കാർ ഡ്രോപ്പ് ആൻഡ് ഗോ സൈറ്റിൽ പാർക്ക് ചെയ്തിരിക്കെയാണ് സംഭവം. എന്നാൽ, സംഭവം നടക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് കാറിലുണ്ടായിരുന്ന യാത്രക്കാരനും ഡ്രൈവറും പുറത്തിറങ്ങിയിരുന്നു.
എയർപോർട്ട് ടെർമിനലിൻ്റെ പ്രധാന ഗേറ്റിന് പുറത്തുള്ള പോർച്ചിൽ സ്ഥാപിച്ചിരുന്ന ടെൻ്റിൻ്റെ ഒരു ഭാഗമാണ് തകർന്നുവീണത്.
ടെർമിനൽ കെട്ടിടത്തിലേക്ക് മഴവെള്ളം കയറുന്നത് തടയാനാണ് മുകളിൽ ടെൻ്റ് നിർമിച്ചത്. എന്നാൽ, മഴവെള്ളം കുമിഞ്ഞുകൂടി ടെന്റ് തകരുകയായിരുന്നു.
കെട്ടിടം തകർന്നതിന് പിന്നിലെ കാരണം കണ്ടെത്താൻ എയർപോർട്ട് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.