ന്യൂഡൽഹി– രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ, അവകാശവാദം ഉന്നയിച്ച് എയർ ഇന്ത്യ സിഇഒ. തകർന്നുവീണ വിമാനത്തിലോ എൻജിനിലോ സാങ്കേതിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും എല്ലാ നിർബന്ധിത അറ്റകുറ്റപ്പണികളും പൂർത്തിയായിരുന്നതായുമാണ് എയർ ഇന്ത്യ സിഇഒ എംഡിയുമായ കാംബെൽ വിൽസൺ അറിയിച്ചത്. വിമാനപകടത്തെകുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമികമായ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടാണ് കാംബൽ അവകാശവാദം ഉന്നയിച്ചത്.
ഇന്ധനത്തിന്റെ ഗുണനിലവാരത്തിൽ ഒരു പ്രശ്നവുമില്ല. ടേക്ക് ഓഫിൽ ഒരു അസാധാരണത്വവുമില്ല. പൈലറ്റുമാർ നിർബന്ധിത പ്രീ ഫ്ലൈറ്റ് ബ്രെത്ത് അനലൈസിങ് ടെസ്റ്റ് പാസായിരുന്നു. അവരുടെ മെഡിക്കൽ നിലയെകുറിച്ച് പ്രത്യേകമായ നിരീക്ഷണവും വേണ്ടിവന്നില്ല- അദ്ദേഹം പറഞ്ഞു. കൂടാതെ, അത്യധികം ജാഗ്രതയോടെയും റെഗുലേറ്റർ ഡിജിസിഎയുടെയും മേൽനോട്ടത്തിലും തങ്ങളുടെ ഫ്ലീറ്റിൽ പ്രവർത്തിക്കുന്ന എല്ലാ ബോയിങ് 787 വിമാനങ്ങളും അപകടം നടന്ന് ദിവസങ്ങൾക്കുള്ളിൽ പരിശോധിച്ചുവെന്നും എല്ലാം വിമാനങ്ങളും സർവീസ് നടത്താൻ അനുയോജ്യമാണെന്ന് കണ്ടെത്തിയെന്നും വിൽസൺ പറഞ്ഞു. വിശദമായ അന്വഷണത്തിന് ഉദ്യോഗസ്ഥരുമായി എയർലൈൻ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക റിപ്പോർട്ട് പ്രകാരം വിമാനത്തിലോ എൻജിനുകളിലോ സാങ്കേതികമായതോ, അറ്റകുറ്റപ്പണി സംബന്ധിച്ചോ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും എല്ലാ നിർബന്ധിത അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയാതാണെന്നും എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച സന്ദേശത്തിലും വിൽസൺ ആവർത്തിച്ചു. കഴിഞ്ഞ 30 ദിവസമായി സിദ്ധാന്തങ്ങൾ, ആരോപണങ്ങൾ, കിംവദന്തികൾ, സെൻസേഷണൽ തലക്കെട്ടുകൾ എന്നിവയുടെ ഒരു പരമ്പര തന്നെ നിലനിൽക്കുന്നുണ്ടെന്നും അവയിൽ പലതും പിന്നീട് നിരാകരിക്കപ്പെട്ടുവെന്നും കാംബൽ കൂട്ടിചേർത്തു.
തകർന്നുവീണ ബോയിങ് 787-8 വിമാത്തിലെ അവസാന സംഭാഷണം ആയി രേഖപ്പെടുത്തിയത് എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ചെയ്തത് എന്ന് ഒരു തിരിച്ചറിയാത്ത പൈലറ്റ് മറ്റേയാളോട് ചോദിച്ചതായും മറ്റേയാൾ അത് ഞാനല്ല എന്ന് മറുപടി നൽകുന്നതുമാണ് എന്ന് 15 പേജുള്ള റിപ്പോർട്ടിൽ പറയുന്നത്. ഇന്ധന സ്വിച്ച് ഓഫ് ചെയ്യപ്പെട്ടതിനെ തുടർന്ന് രണ്ട് എൻജനുകളിലേക്കുമുള്ള ഇന്ധന വിതരണം നിലക്കപ്പെട്ടു. ശേഷം വിമാനത്തിന് ത്രസ്റ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമാനം താഴേക്ക് പതിച്ചതായുമാണ് എഎഐബി റിപ്പോർട്ട് പറയുന്നത്.
അപകടം സംഭവിച്ച വിമാനത്തിലെ ജീവനക്കാർ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അവരുടെ പരിശീലനത്തിനും ഉത്തരവാദിത്തങ്ങൾക്കും അനുസൃതമായി പ്രവർത്തിച്ചുവെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പൈലറ്റുമാരെ അധിക്ഷേപിക്കരുതെന്നും ഞായറാഴ്ച ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ പ്രസ്താവനയിറക്കിയിരുന്നു.
ജൂൺ 12 ന് 260 പേരുടെ മരണത്തിനിടയാക്കിയ മാരകമായ അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് വിവിധ കോണുകളിൽ നിന്നുള്ള ഊഹാപോഹങ്ങൾക്കിടയിൽ പ്രാഥമിക റിപ്പോർട്ടിൽ ഒരു കാരണവും കണ്ടെത്താനോ ശിപാർശകൾ നൽകാനോ കഴിയില്ലെന്നും അന്വഷണം അവസാനിച്ചിട്ടില്ലാത്തതിനാൽ അകാല നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ഒഴിവാക്കണമെന്നും എയർ ഇന്ത്യ മേധാവിയായ കാംബെൽ പറഞ്ഞു. യാത്രക്കാരും പ്രദേശവാസികളുമടക്കം 260 പേർ മരണപ്പെട്ട അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് എഎഐബി ശനിയാഴ്ചയാണ് പുറത്തുവിട്ടത്. വിമാനം ഒരു കെട്ടിടത്തിൽ ഇടിച്ചാണ് തകർന്നത്. യാത്രക്കാർ ആയി ഒരാൾ മാത്രമാണ് രക്ഷപ്പെട്ടെത്.