ചെന്നൈ: ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് ബി.ജെ.പി നേതാവ് എച്ച് രാജയ്ക്ക് തടവുശിക്ഷയും പിഴയും വിധിച്ച് കോടതി.
ആറുമാസം മാസം തടവും അയ്യായിരം രൂപ പിഴയുമാണ് മദ്രാസ് ഹൈക്കോടതി ജഡ്ജ് ജി ജയവേൽ ശിക്ഷ വിധിച്ചത്. ‘കനിമൊഴി ഡി.എം.കെ അധ്യക്ഷൻ എം കരുണാനിധിയുടെ അവിഹിത സന്തതിയെന്നായിരുന്നു’ ബി.ജെ.പി ദേശീയ ജനറൽസെക്രട്ടറിയായിരിക്കെ എച്ച് രാജ അധിക്ഷേപ പരാമർശം നടത്തിയത്. 2018-ഏപ്രിലിലാണ് കേസിന് ആസ്പദമായ പരാമർശമുണ്ടായത്.
സാമൂഹ്യപരിഷ്‌കർത്താവായ പെരിയാറിന്റെ പ്രതിമ തകർക്കുമെന്ന ഭീഷണിയിൽ എച്ച് രാജയ്‌ക്കെതിരായ മറ്റൊരു കേസിൽ പ്രത്യേക കോടതി ആറുമാസം തടവും അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതിന് സമാനമായി തമിഴ്‌നാട്ടിൽ പെരിയാറിന്റെ പ്രതിമകൾ തകർക്കണമെന്നായിരുന്നു ആഹ്വാനം.
തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈ യു.കെയിലായിരുന്നപ്പോൾ തമിഴ്‌നാട് ബി.ജെ.പിയെ നയിക്കുകയും കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ തല ചുമതലകളും ദേശീയ നേതൃത്വം വിശ്വസിച്ച് ഏൽപ്പിച്ച നേതാവാണ് എച്ച് രാജ.