കൊച്ചി- പഹൽഗാം ഭീകരാക്രമണത്തിലെ ഞെട്ടിക്കുന്ന അനുഭവങ്ങൾ വിവരിച്ച് ആക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ ആരതി. കൺമുന്നിൽ അച്ഛൻ വെടിയേറ്റു മരിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ആരതി വിവരിച്ചത്. ദുരന്തത്തിന് ശേഷം തന്റെ കൂടെ നിന്ന് എല്ലാ സഹായവും ചെയ്ത മുസാഫിർ, സമീർ എന്നിവർ തന്നെ സ്വന്തം അനിയത്തിയെ പോലെ പരിഗണിച്ചുവെന്നും ആരതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുസാഫിർ എന്ന ആ പാവം കശ്‌മീരി ഡ്രൈവർ. മറ്റൊരു ഡ്രൈവർ സമീർ. അവർ രണ്ട് പേരും അനിയനും ചേട്ടനും കൊണ്ടുനടക്കുന്നത് പോലെയാണ് എന്നെ നോക്കിയത്. രാത്രി മൂന്ന് മണിവരെ ഞാൻ മോർച്ചറിയുടെ മുന്നിലായിരുന്നു.
അപ്പോഴൊക്കൊ ഇവരായിരുന്നു കൂടെ, കശ്‌മീരിൽ പോയപ്പോൾ എനിക്ക് രണ്ട് സഹോദരന്മാരെ കിട്ടി എന്നാണ് യാത്രയയ്ക്കാൻ എയർപോർട്ടിൽ വന്നപ്പോൾ അവരോട് ഞാൻ പറഞ്ഞത്. അള്ളാഹു അവരെ രക്ഷിക്കട്ടേയെന്നും പറഞ്ഞു”വെന്നും ആരതി പറഞ്ഞു.
ആരതിയുടെ വാക്കുകൾ-
ഭീകരാക്രമണം നടക്കുമ്പോൾ പഹൽഗാമിൽ നിറയെ വിനോദസഞ്ചാരികളായിരുന്നു. എല്ലാവരും അവിടെ ഒരോ വിനോദ പരിപാടികളിലായിരുന്നു. പെട്ടന്നൊരു ശബ്‌ദം കേട്ടു. എന്താണെന്ന് മനസിലായില്ല. പടക്കം പൊട്ടുകയാണെന്നാണ് തോന്നിയത്. എന്നാൽ പിന്നീട് മനസിലായി ഭീകരാക്രമണം ആണെന്ന്. അച്ഛാ ഇത് ടെററിസ്റ്റ് അറ്റാക്കാണെന്ന് ഞാൻ പറഞ്ഞു. ഒരാൾ ദൂരെ നിന്ന് മേലേക്ക് വെടിവെക്കുന്നതായി കണ്ടു. അപ്പോ ഞാൻ എല്ലാവരെയും നിലത്തേക്ക് കടത്തി. പിന്നാലെ അവിടെ നിന്നും ഓടി. ഓടുന്നതിനിടെ ഞങ്ങളുടെ മുന്നിലേക്ക് ഒരു ഭീകരവാദി വന്നു. എല്ലാവരോടും കിടക്കാൻ ആവശ്യപ്പെട്ടു.
എന്തോ ചോദിക്കുന്നുണ്ട്. പേടിച്ചുമരവിച്ചു കിടക്കുന്നതിനാൽ എന്താണ് ചോദിക്കുന്നതെന്ന് വ്യക്തമാകുന്നില്ല. ചോദിക്കുന്നുണ്ട്, വെടിവെക്കുന്നുണ്ട്. പിന്നെ അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു. സെൻ്റൻസൊന്നും അല്ല ഒരൊറ്റ വാക്കാണ് അവര് ചോദിക്കുന്നത്. കലിമ, അങ്ങനെ എന്തോ ഒരോ വാക്ക് ചോദിച്ചു, മനസിലായില്ല എന്ന് ഹിന്ദിയിൽ മറുപടി കൊടുത്തു. അപ്പോഴേക്കും എൻ്റെ അച്ഛനെ വെടിവെച്ചിരുന്നു. എൻ്റെ തലയിലും തോക്കുകൊണ്ട് കുത്തി. പേടിപ്പിക്കാനോ മറ്റോ ആയിരിക്കും. പക്ഷേ ഒന്നും ചെയ്തില്ല.
ഞാൻ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. എനിക്ക് മനസിലായി, അച്ഛൻ ഇനി ഇല്ലാ എന്ന്. എന്റെ മക്കളും കൂടെയുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഉപദ്രവിക്കാതെ വിട്ടത്. അങ്ങനെ അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു. ഇങ്ങനെ പലിയടത്ത് നിന്നും എത്തിപ്പെട്ടവർ ഒരിടത്ത് ഒരുമിച്ച് കൂടി. മുക്കാൽ മണിക്കൂറിന് ശേഷം ഫോണിന് സിഗ്നൽ ലഭിക്കാൻ തുടങ്ങി. അപ്പോൾ വേഗം എൻ്റെ ഡ്രൈവറും നാട്ടുകാരനുമായ മുസാഫിറിനെ വിളിച്ചു. അയാളാണ് ബാക്കി എല്ലാവരെയും അറിയിക്കുന്നത്. പിന്നാലെ സൈന്യം ഓടിക്കയറിപ്പോകുന്നത് കണ്ടു. നാട്ടുകാരും സൈന്യത്തോടൊപ്പം സഹായത്തിനായി എത്തിയിരുന്നു.
എന്റെ അടുത്ത് വന്ന ഭീകരൻ സൈനിക വേഷത്തിൽ അല്ലായിരുന്നു. നാട്ടുകാർ വളരെയധികം സഹായിച്ചു. അവരാണ് റൂമും കാര്യങ്ങളുമെല്ലാം ചെയ്‌തു തന്നത്. അമ്മ ഏറ്റവും ഒടുവിലാണ് അച്ഛൻ മരിച്ച കാര്യം അറിഞ്ഞത്. പരിക്കേറ്റു എന്ന് മാത്രമാണ് അമ്മയോട് പറഞ്ഞത്. മുറിയിൽ എത്തുന്നതിന് മുമ്പു തന്നെ ടി.വി കണക്ഷൻ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഒന്നും അമ്മ അറിയാതിരിക്കാനാണ് അങ്ങിനെ ചെയ്തതെന്നും ആരതി പറഞ്ഞു.