ന്യൂഡല്‍ഹി– ഇന്‍ഡ്യ സഖ്യത്തില്‍ നിന്ന് പിന്മാറി ആം ആദ്മി പാര്‍ട്ടി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് സഖ്യം രൂപീകരിച്ചതെന്നും, 240 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും എ.എ.പി മാധ്യമവിഭാഗത്തിന്റെ ചുമതലക്കാരന് അനുരാഗ് ധാണ്ട പറഞ്ഞു. കോണ്‍ഗ്രസും ബി.ജെ.പിയും രഹസ്യസഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമൂഹമാധ്യമത്തിലൂടെ അനുരാഗ് ധാണ്ട ഇക്കാര്യം അറിയിച്ചത്.
മോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന കാര്യങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി പറയുന്നുള്ളൂ, പകരമായി ഗാന്ധി കുടുംബത്തെ ജയിലിലേക്ക് പോകുന്നതില്‍ മോദി രക്ഷിക്കുന്നു. സാധാരണക്കാരുടെ ആവശ്യങ്ങളായ സ്കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും താല്പര്യമില്ലെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ ദുര്‍ബല രാഷ്ട്രീയം ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നു. ബി.ജെ.പി കോണ്‍ഗ്രസിന്റെ അഴിമതിയെ മറച്ചുപിടിക്കുന്നു. പൊതു വേദികളില്‍ രാഹുല്‍ ഗാന്ധിയും മോദിയും എതിരാളി പ്രത്യക്ഷപ്പെട്ടേക്കാം, പക്ഷെ അവര്‍ പരസ്പരം രാഷ്ട്രീയ നിലനില്‍പ്പിന് ഉറപ്പു നല്കുന്നവരായി മാറിയിരിക്കുന്നെന്ന് എ.എ.പി പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന് സിന്ദൂര്‍ തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണം എന്നാവിശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രധാനമന്ത്രിക്ക് കത്തയക്കുന്നതില്‍ എ.എ.പി വിട്ടു നിന്നു. പകരം എ.എ.പി പ്രത്യേകം കത്തു നല്‍കുകയാണ് ചെയ്തത്.
ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സഖ്യം അതിന്റെ ലക്ഷ്യം നേടിക്കഴിഞ്ഞു. എ.എ.പി ഇന്‍ഡ്യ മുന്നണിയുടെ ഭാഗമല്ലെന്ന് അനുരാഗ് ധാണ്ടെ പറഞ്ഞു. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ എ.എപി ഒറ്റയക്ക് മത്സരിക്കും. ഈ വര്‍ഷം അവസാനം വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അനുരാഗ് ധണ്ട പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ എ.എ.പി കോണ്‍ഗ്രസ് സംഖ്യ കക്ഷികളായി മത്സരിച്ചു. പക്ഷെ പഞ്ചാബില്‍ പരസ്പരം മത്സരിച്ചു. കഴിഞ്ഞ വര്‍ഷം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ചു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും കടുത്ത പോരാട്ടം നടത്തി.