ന്യൂഡൽഹി: ഡൽഹിയിലെ നിയുക്ത മുഖ്യമന്ത്രി അതിഷി മെർലേനക്കെതിരെയും പാർട്ടി എം.എൽ.എമാരുടെയും രാഷ്ട്രീയകാര്യ സമിതിയുടെയും തീരുമാനത്തിനെതിരേയും രംഗത്തുവന്ന സ്വാതി മലിവാൾ, രാജ്യസഭാ എം.പി സ്ഥാനം രാജിവെക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
സ്വാതി മലിവാൾ വായിക്കുന്നത് ബി.ജെ.പി തിരക്കഥയാണ്. ബി.ജെ.പിക്കു വേണ്ടി പാർട്ടിയിൽ തുടരാനാകില്ല. നാണവും ധാർമികതയുമുണ്ടെങ്കിൽ രാജിവെച്ചു പോകണം. സ്വാതി മലിവാൾ ബി.ജെ.പിയോട് രാജ്യസഭാ ടിക്കറ്റ് ആവശ്യപ്പെടണമെന്നും എ.എ.പി നേതൃത്വം പ്രതികരിച്ചു.
അതിഷിയെ ഡൽഹി മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടി തീരുമാനം നിർഭാഗ്യകരമാണെന്നും അവർ ഡമ്മി മുഖ്യമന്ത്രിയായിരിക്കുമെന്നും ഡൽഹിയെ ദൈവം രക്ഷിക്കട്ടെയെന്നുമായിരുന്നു സ്വാതി മലിവാൾ എം.പിയുടെ സമൂഹമാധ്യമങ്ങളിലെ വിമർശം.
‘ഭീകരനായ അഫ്‌സൽ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ വാദിച്ചത് അതിഷിയുടെ കുടുംബമാണ്. അഫ്‌സൽ ഗുരുവിന് വേണ്ടി നിരവധി തവണയാണ് അതിഷിയുടെ മാതാപിതാക്കൾ രാഷ്ട്രപതിക്ക് ദയാഹർജി നല്കിയത്. അഫ്‌സൽ ഗുരു നിഷ്‌കളങ്കനാണെന്നും, രാഷ്ട്രീയ ഗൂഢാലോചനയെത്തുടർന്നാണ് അഫ്‌സൽ ഗുരുവിനെ കുറ്റവാളിയാക്കിയതെന്നുമാണ് അവർ വാദിച്ചത്. ആ കുടുംബത്തിൽപ്പെട്ട അതിഷിയെ മുഖ്യമന്ത്രിയാക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നുമാണ്’ ആം ആദ്മി പാർട്ടി നേതൃത്വവുമായി സ്വരച്ചേർച്ചയിലല്ലാത്ത ഡൽഹി മുൻ വനിതാ കമ്മിഷൻ അധ്യക്ഷ കൂടിയായ സ്വാതി മലിവാൾ എം.പിയുടെ കുറ്റപ്പെടുത്തൽ. ഇതിനെതിരെ പാർട്ടിയുടെ മുതിർന്ന നേതാവും ചീഫ് വിപ്പുമായ ദിലീപ് പാണ്ഡെ അടക്കമുള്ളവർ രംഗത്തുവന്ന് സ്വാതിയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇവരെ എം.പി സ്ഥാനത്തുനിന്നും പുകച്ചു ചാടിക്കാനുള്ള നീക്കത്തിലാണ് എ.എ.പി സംഘടനാ സംവിധാനം. എന്നാൽ, ഇവർക്ക് പിന്നിൽനിന്ന് കളിച്ച് പരമാവധി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി നീക്കം. അതിനിടെ, നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷി, കെജ്രിവാളിന്റെ കൈയ്യിലെ കളിപ്പാവ മാത്രമാകുമെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തി. ‘പാവ’ മുഖ്യമന്ത്രി എന്ന കുറിപ്പോടെ അതിഷിയെ ഒരു പാവയെപ്പോലെ നിയന്ത്രിക്കുന്ന കെജ്രിവാളിന്റെ ചിത്രം സഹിതമാണ് ബി.ജെ.പിയുടെ പ്രചാരണം.
മനീഷ് സിസോദിയയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കെജ്രിവാൾ അതിഷിയുടെ പേര് മുന്നോട്ട് വെച്ചതെന്നാണ് ഡൽഹി ബി.ജെ.പി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയുടെ ആരോപണം. കെജ്രിവാൾ അതിഷിയെ മുഖ്യമന്ത്രിയാക്കിയത് മനസ്സില്ലാ മനസ്സോടെയാണ്. മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനായിരുന്നു കെജ്രിവാളിന്റെ നീക്കം. പക്ഷേ, അത് നടന്നില്ല. മുഖം മാറിയത് കൊണ്ട് അഴിമതി ഇല്ലാതാകില്ല, ഡൽഹിയിലെ ജനങ്ങളോട് നിങ്ങൾ ഒരുനാൾ മറുപടി പറയേണ്ടി വരുമെന്നും ബി.ജെ.പി അധ്യക്ഷൻ പ്രതികരിച്ചു.
എന്നാൽ, ബി.ജെ.പിയുടെയും കേന്ദ്ര സർക്കാറിന്റെയും തിട്ടൂരങ്ങൾക്കു വഴങ്ങില്ലെന്നും ജനപക്ഷത്തുനിന്ന് മികച്ച ഭരണം തുടരുമെന്നും അതിന് തുരങ്കം വയ്ക്കാനാണ് മോഡി സർക്കാറും ബി.ജെ.പി കേന്ദ്രങ്ങളും കിണഞ്ഞു ശ്രമിക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും ആം ആദ്മി പാർട്ടി മുന്നറിയിപ്പ് നൽകി.