ബാലസോർ– ഒഡീഷയിൽ അധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ബാലസോറിലെ എഫ്എം ഓട്ടോണമസ് കോളേജിലെ ഇന്റഗ്രേറ്റഡ് ബിഎഡ് രണ്ടാം വർഷ വിദ്യാർഥിനിയാണ് മരിച്ചത്. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയാണ് മരണ വിവരം പുറത്തുവിട്ടത്. 90% പൊള്ളലേറ്റ നിലയിലായിരുന്നു. മൂന്നു ദിവസമായി ഭുവനേശ്വർ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹപാഠിക്കും പൊള്ളലേറ്റിരുന്നു. വിദ്യാർഥിയെ രാഷ്ട്രപതി കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബാലസോറിലെ ഫക്കിർ മോഹൻ ഓട്ടോണമസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറും വകുപ്പ് അധ്യക്ഷനുമായ സമീര കുമാർ സാഹുവിനെ അറസ്റ്റ് ചെയ്തിരുന്നു. സാഹുവിനെയും കോളജ് പ്രിൻസിപ്പൽ ദിലീപ് കുമാർ ഘോഷിനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജൂൺ 30ന് സമീര കുമാർ സാഹുവിനെതിരെ ലൈംഗിക പീഡനത്തിന് നടപടി ആവശ്യപ്പെട്ട് പെൺകുട്ടി പരാതി നൽകുകയും ഒരാഴ്ച മുൻപ് കോളജ് ക്യാംപസിൽ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നോ പോലീസിൽ നിന്നോ യാതൊരു നടപടിയും ഉണ്ടായില്ല. ഇതേതുടർന്ന് പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നും മറ്റ് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഉന്നതസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.