വിശ്വാസ് കുമാർ രമേഷിനെ വിമാനാപകടത്തിന്റെ നടുക്കുന്ന ഓർമകൾ ഇപ്പോഴും വേട്ടയാടുന്നു. ജൂൺ 12ന് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം കത്തിയമർന്നപ്പോൾ വിശ്വാസ് ഒഴികെ എല്ലാ യാത്രക്കാരും മരിച്ചു. ലോകം അദ്ദേഹത്തെ ഭാഗ്യവാനെന്ന് വിശേഷിപ്പിക്കുമ്പോഴും, കൺമുന്നിൽ വിമാനം കത്തിനശിച്ച കാഴ്ചയുടെ ട്രോമ വിശ്വാസിനെ വിട്ടൊഴിഞ്ഞിട്ടില്ല.
അപകടത്തിന്റെ മാനസികാഘാതത്തിൽനിന്ന് വിശ്വാസ് ഇതുവരെ മുക്തനായിട്ടില്ല. അദ്ദേഹം നിലവിൽ മാനസികാരോഗ്യ വിദഗ്ധന്റെ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടിഷ് പൗരത്വമുള്ള ഇന്ത്യൻ വംശജനായ വിശ്വാസിനൊപ്പം ആ യാത്രയിൽ സഹോദരൻ അജയും ഉണ്ടായിരുന്നു. അപകടത്തിൽ അജയ് മരിച്ചു. വിമാനാപകടത്തിന്റെ ഓർമകളും സഹോദരന്റെ വിയോഗവും വിശ്വാസിന്റെ മനോനിലയെ സാരമായി ബാധിച്ചതായി അടുത്ത ബന്ധു സണ്ണി വ്യക്തമാക്കി.
“വിദേശത്തുള്ള ബന്ധുക്കൾ ഉൾപ്പെടെ നിരവധി പേർ വിശ്വാസിന്റെ സുഖവിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. എന്നാൽ, അദ്ദേഹം ആരോടും സംസാരിക്കുന്നില്ല. അപകടം മൂലമുണ്ടായ മാനസികാഘാതവും സഹോദരന്റെ മരണവും അവന്റെ മനസ്സിനെ തകർത്തു. ഉറക്കക്കുറവ് അനുഭവപ്പെടുന്നു; പാതിരാത്രി ഞെട്ടിയുണർന്ന ശേഷം വീണ്ടും ഉറങ്ങാൻ പ്രയാസമാണ്. രണ്ട് ദിവസം മുമ്പ് ഞങ്ങൾ അദ്ദേഹത്തെ ഡോക്ടർക്ക് കാണിച്ചു. ഇപ്പോൾ ചികിത്സ തുടരുകയാണ്. ലണ്ടനിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് അദ്ദേഹം ഇതുവരെ ചിന്തിച്ചിട്ടില്ല,” സണ്ണി പറഞ്ഞു.
അപകടത്തിൽ പരുക്കേറ്റ വിശ്വാസ് ജൂൺ 17നാണ് ആശുപത്രി വിട്ടത്. അന്ന് തന്നെ ഡിഎൻഎ പരിശോധനയിലൂടെ സഹോദരൻ അജയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അജയുടെ സംസ്കാര ചടങ്ങിൽ വിശ്വാസ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്ത്യയിലെ ബന്ധുക്കളെ സന്ദർശിച്ച ശേഷം വിശ്വാസും അജയും ലണ്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.