മുംബൈ– മഹാരാഷ്ട്രയിൽ 21 വയസ്സുള്ള മുസ്ലിം യുവാവിനെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നു. ജാംനര്‍ താലൂക്കിലെ ഛോട്ടി ബെറ്റാവാഡില്‍ താമസിക്കുന്ന സുലൈമാന്‍ (21) എന്ന യുവാവിനെയാണ് തിങ്കളാഴ്ച ഒരു കൂട്ടം ആളുകള്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ള കുടുംബത്തെയും ജനക്കൂട്ടം അതി ക്രൂരമായി ആക്രമിച്ചു.
ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികളുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ജാംനര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും മീറ്ററുകള്‍ അകലെയുള്ള ഒരു കഫേയില്‍ നിന്നാണ് 9-15 പേരടങ്ങുന്ന ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. ജനക്കൂട്ടം യുവാവിനെ വാഹനത്തിലേക്ക് വലിച്ചിഴച്ച് കയറ്റി. ശേഷം വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി കഠിനമായി ആക്രമിച്ചു. നിരന്തരമുള്ള ക്രൂര ആക്രമണ ശേഷം മൃതപ്രായനാക്കി വീടിന്റെ വാതില്‍പ്പടിയില്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. മറ്റൊരു സമുദായത്തില്‍പ്പെട്ട 17 വയസ്സുള്ള പെണ്‍കുട്ടിയുമായി യുവാവ് പ്രണയം ഉണ്ടായിരുന്നതായി ആരോപിക്കപ്പെടുന്നു.