ചണ്ഡീഗഢ് – ഉത്സവ ബോണസുകളൊക്കെ പലകമ്പനികളിലും കിട്ടാക്കനിയായിരിക്കെ ചണ്ഡീഗഢിൽ ഇതാ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ ദീപാവലി സമ്മാനമായി തൻ്റെ ജീവനക്കാർക്ക് കൈമാറിയത് 51 പുത്തൻ കാറുകൾ. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എംഐടിഎസ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമായ എം.കെ ഭാട്ടിയയാണ് ജീവനക്കാർക്ക് ഈ ബമ്പര്‍ ബോണസ് നൽകിയത്. മഹീന്ദ്ര സ്കോർപിയോ ഉൾപ്പെടെയുള്ള എസ്‌യുവികളാണ് മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്കായി അദ്ദേഹം കൈമാറിയത്. താക്കോൽ ജീവനക്കാർക്ക് കൈമാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.
എന്നാൽ ഇത് ആദ്യമായിട്ടല്ല, ഇതിനുമുൻപും ദീപാവലിയുടെ ഭാഗമായി ഭാട്ടിയ തൻ്റെ ജീവനക്കാർക്ക് വാഹനങ്ങൾ സമ്മാനമായി നൽകിയിട്ടുണ്ട്. ‘കഴിഞ്ഞ രണ്ട് വർഷമായി ഏറ്റവും അർപ്പണബോധമുള്ള ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ചാണ് ഞങ്ങൾ ആഘോഷിക്കുന്നത്. ഈ വർഷവും ആ ആഘോഷം തുടരുന്നു’ എന്ന് ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റിലൂടെ ഭാട്ടിയ പങ്കുവെച്ചു. താൻ അവരെ ജീവനക്കാരെന്നോ സ്റ്റാഫെന്നോ വിളിച്ചിട്ടില്ലെന്നും, അവർ തൻ്റെ ജീവിതത്തിലെ റോക്ക്സ്റ്റാർ സെലിബ്രിറ്റികളാണെന്നും ഭാട്ടിയ പോസ്റ്റിൽ പറയുന്നു.
2002-ല്‍ തന്റെ മെഡിക്കല്‍ സ്‌റ്റോര്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടയാളാണ് ഭാട്ടിയ. അവിടെ നിന്ന് സ്വന്തം പ്രയത്‌നത്താല്‍ കമ്പനി ഉയർത്തിയെടുത്തു. നിലവില്‍ അദ്ദേഹത്തിന്റെ കീഴില്‍ രാജ്യത്ത് 12 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നു. ഔഷധോത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി ഇപ്പോള്‍ കാനഡ, ലണ്ടന്‍, ദുബായ് എന്നിവിടങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ലൈസന്‍സും നേടിയിട്ടുണ്ട്.



