ബെംഗളൂരു: സർക്കാർ സ്കൂളിലെ മുസ്ലീം ഹെഡ്മാസ്റ്ററെ സ്ഥാനത്ത് നിന്ന് മാറ്റാൻ വേണ്ടി വാട്ടർ ടാങ്കിൽ വിഷം കലർത്തിയ കേസിൽ ശ്രീ റാം സേന നേതാവ് അടക്കം മൂന്നു പേർ പിടിയിൽ. കർണാടകയിലെ ബെലഗാവി ജില്ലയിൽ കഴിഞ്ഞ മാസം 14ന് സംഭവത്തിലാണ് ശ്രീറാം സേനയുടെ പ്രാദേശിക നേതാവ് അടക്കം മൂന്നു പേർ പിടിയിലായത്.
ഹുലികാട്ടിയിലെ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിൽ കഴിഞ്ഞ 13 വർഷമായി സേവനമനുഷ്ഠിക്കുന്ന ഹെഡ്മാസ്റ്റർ സുലെമാൻ ഗൊരിനായിക്കിനെതിരെ പരിഭ്രാന്തിയും സംശയവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്ന് പോലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനും അദ്ദേഹത്തെ സ്ഥലം മാറ്റാനും ഉദ്ദേശിച്ചുള്ളതായിരുന്നു ഗൂഢാലോചനയെന്നും പോലീസ് പറഞ്ഞു.
സ്കൂളിലെ ടാങ്കിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്ന് പന്ത്രണ്ട് വിദ്യാർത്ഥികൾ രോഗബാധിതരായി. ലക്ഷണങ്ങൾ മാരകമല്ലെങ്കിലും, സ്കൂൾ അധികൃതരിലും രക്ഷിതാക്കളിലും ആശങ്ക ഉളവാക്കാൻ ഇത് കാരണമാകുകയും ചെയ്തു. ഉടനടി ചികിത്സ നൽകിയത് കൊണ്ടു മാത്രമാണ് കുട്ടികൾ രക്ഷപ്പെട്ടത്.
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഉപയോഗിച്ചാണ് പ്രതികൾ കൃത്യം നടത്തിയത്. കുട്ടിക്ക് വിഷദ്രാവകം അടങ്ങിയ കുപ്പി പ്രതികൾ കൈമാറുകയായിരുന്നു. കൃഷ്ണ മദാർ എന്നയാളാണ് കുപ്പി നൽകിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. സാഗർ പാട്ടീലും നാഗനഗൗഡ പാട്ടീലും ചേർന്ന് ബ്ലാക്ക് മെയിൽ ചെയ്താണ് കൃഷ്ണ മദാറിനെ കൊണ്ട് കൃത്യം ചെയ്യിപ്പിക്കാനുള്ള നീക്കം നടത്തിയത്. അദ്ദേഹത്തിന്റെ മിശ്രജാതി പ്രണയബന്ധം വെളിപ്പെടുത്തുമെന്ന് ബ്ലാക്ക്മെയിൽ ചെയ്തായിരുന്നു ഭീഷണി. ശ്രീരാമ സേനയുടെ താലൂക്ക് തല പ്രസിഡന്റ് സാഗർ പാട്ടീലാണ് സംഭവത്തിന് പിന്നിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു. പ്രാദേശിക സർക്കാർ സ്കൂളിൽ ഹെഡ്മാസ്റ്റർ സ്ഥാനം വഹിക്കുന്ന സുലെമാൻ ഗൊരിനായിക്കിനോട് തനിക്ക് വിരോധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ പാട്ടീൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു. സാഗർ പാട്ടീൽ, നാഗനഗൗഡ പാട്ടീൽ, കൃഷ്ണ മദാർ എന്നീ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിഷം കൊടുക്കാനുള്ള ശ്രമത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അപലപിച്ചു. ഇതിനെ “മത വിദ്വേഷവും മൗലികവാദവും നയിക്കുന്ന ഹീനമായ പ്രവൃത്തി” എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, കുറ്റകൃത്യം സാമുദായിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തിയതായും പറഞ്ഞു.
“ബെലഗാവി ജില്ലയിലെ സവദത്തി താലൂക്കിലെ ഹുലികാട്ടി ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ മുസ്ലീം സമുദായത്തിൽ പെട്ടയാളാണ്. അദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റുക എന്ന ദുരുദ്ദേശ്യത്തോടെ, സ്കൂൾ കുട്ടികളുടെ കുടിവെള്ളത്തിൽ വിഷം കലർത്തിയതിന് ശ്രീറാം സേനയുടെ താലൂക്ക് പ്രസിഡന്റ് സാഗർ പാട്ടീൽ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 15 ദിവസം മുമ്പ് നടന്ന ഈ സംഭവത്തിൽ നിരവധി കുട്ടികൾ രോഗബാധിതരായി, പക്ഷേ ഭാഗ്യവശാൽ, ആർക്കും ജീവൻ നഷ്ടപ്പെട്ടില്ല. മത മൗലികവാദവും വർഗീയ വിദ്വേഷവും ഹീനമായ പ്രവൃത്തികൾക്ക് കാരണമാകും, നിരപരാധികളായ കുട്ടികളുടെ കൂട്ടക്കൊലയ്ക്ക് കാരണമായേക്കാവുന്ന ഈ സംഭവം അതിനുള്ള തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.