ധാക്ക– ബംഗ്ലാദേശിൽ ഉണ്ടായ വിമാനദുരന്തത്തിൽ 25 കുട്ടികൾ അടക്കം 27 പേർ മരിച്ചതായി വിവരം. ബംഗ്ലാദേശിൽ സ്‌കൂളും കോളേജും പ്രവര്‍ത്തിക്കുന്ന മൈല്‍സ്റ്റോണ്‍ എന്ന വിദ്യാലയത്തിനു മുകളിലേക്കാണ് വിമാനം തകർന്നുവീണ് അപകടമുണ്ടായത്. 78 പേർ ചികിത്സയിലാണെന്നും ഇതിൽ 5 പേരുടെ നില ഗുരുതരമാണെന്നും മുഖ്യ ഉപദേശകന്റെ പ്രത്യക പ്രതിനിധി പ്രൊഫ. മുഹമ്മദ് സയീദുർ റഹ്മാൻ പറഞ്ഞു.
എഫ്-7 ബിജിഐ പരിശീലന ജെറ്റാണ് തകര്‍ന്നുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണി കഴിഞ്ഞാണ് സംഭവം. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ അപകടം നടക്കുകയും വിമാനത്തിന് തീപ്പിടിക്കുകയും ചെയ്തു. അഹമ്മദാബാദ് വിമാനാപകടത്തിന്റെ നടുക്കം മാറും മുമ്പാണ് അയൽരാജ്യമായ ബംഗ്ലാദേശിൽ മറ്റൊരു വിമാനദുരന്തം സംഭവിച്ചത്.
അതേസമയം, ബംഗ്ലാദേശിൽ നടന്ന വിമാനദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് എത്തി. ധാക്കയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ നിരവധി വിദ്യാർത്ഥികളുടെയും ജീവൻ നഷ്ടപ്പെട്ടതിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സാധ്യമായ എല്ലാ പിന്തുണയും സഹായവും നൽകുന്നതിനുമുള്ള സന്നദ്ധതയും അറിയിച്ചു.
https://x.com/narendramodi/status/1947286745914962083?t=i89UrT0TFJULRr56fCYOxw&s=08