ന്യൂ ഡൽഹി– ഉയർന്ന ജീവിത നിലവാരവും വേതനവും മെച്ചപ്പെട്ട അവസരങ്ങളും പ്രതീക്ഷിച്ച് ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറി പാർക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. രാഷ്ട്രീയ നിരീക്ഷകനും നയതന്ത്ര വിദഗ്ധനുമായ സഞ്ജയ ബാറു എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഉയർന്ന വൈദഗ്ധ്യവും വിദ്യാഭ്യാസവും വ്യത്യസ്ത കഴിവുകളും ഉള്ള വ്യക്തികൾ രാജ്യം വിടുന്നത് വലിയ നഷ്ടമാണ് – ഇതിനെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കവേ മുൻ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേശകൻ കൂടിയായിരുന്ന സഞ്ജയ ബാറു വ്യക്തമാക്കി. പത്ത് വർഷത്തിനുള്ളിൽ 23000 കോടീശ്വരൻമാരടക്കം 18 ലക്ഷം ആളുകൾ മറ്റു രാജ്യങ്ങളിൽ പൗരത്വം നേടിയതായി സഞ്ജയ ബാറു അഭിമുഖത്തിൽ പറഞ്ഞു.
ആളുകൾ രാജ്യം വിട്ട് നല്ല അവസരങ്ങൾ തേടി പോകുന്നത് പുതിയ പ്രവണത അല്ല, മുമ്പും സംഭവിച്ചുകൊണ്ടിരുന്ന കാര്യമല്ലേ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള ‘നാടുവിടൽ’ യഥാർത്ഥത്തിൽ എഴുപതുകളിലും എൺപതുകളിലും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അന്ന് സാമ്പത്തിക ശാസ്ത്രജ്ഞരും നയ രൂപീകരണ വിദഗ്ധരും ഈ വിഷയത്തെ കുറിച്ച് പഠിക്കുകയും ഈ പ്രശ്നത്തെ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടിയിരുന്നെന്നും സഞ്ജയ പറഞ്ഞു. ഇന്ന് നമ്മൾ ഈ വിഷയത്തെ ഗൗരവമായി എടുക്കുന്നില്ലെന്നും ഇത് എല്ലായിടത്തും നടക്കുന്ന ഒന്നായി കണക്കിലെടുത്ത് അവഗണിക്കുകയാണ്. എന്നാൽ പുറം രാജ്യങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം വർധിച്ചുവരികയാണെന്ന് നമ്മൾ മനസിലാക്കുന്നില്ല. പാർലമെന്റിൽ ഗവൺമെൻറ് കാണിച്ച കണക്ക് പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ 23000 കോടീശ്വരൻമാരാണ് രാജ്യം വിട്ട് പോയത്. 18 ലക്ഷം ആളുകൾ രാജ്യം വിട്ടതായും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഒരു വികസ്വര രാജ്യം എന്ന നിലയിൽ ഇത് നമ്മളെ വളരെ അധികം ഭീതിപ്പെടുത്തുന്ന ഒന്നാണ്. ഇന്നത്തെ തലമുറയുടെ വലിയ ഒരു ഭാഗം തന്നെ മറ്റു രാജ്യങ്ങളിലേക്ക് പോകുകയാണ്. തീരുമാനമെടുക്കേണ്ട ആളുകൾ തന്നെ പോകുന്നതിലെ നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു.
‘ദ ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ’ അടക്കം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് സഞ്ജയ ബാറു.