റായ്പൂർ– ഛത്തീസ്ഗഡിൽ പിടികിട്ടാപ്പുള്ളികളായ 22 മാവോയിസ്റ്റുകൾ കീഴടങ്ങി. കേന്ദ്ര സംസ്ഥാന സർക്കാറിന്റെ മാവോയിസ്റ്റ് കീഴടങ്ങൽ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കീഴടങ്ങിയവർക്ക് 50,000 രൂപ സഹായ ധനമായി നൽകും എന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വ്യക്തമാക്കി.
ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് മുന്നിലാണ് 22 പേരും കീഴടങ്ങിയത്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിലുള്ള നിരാശയും സംഘടനക്കുള്ളിലെ വർധിച്ചുവരുന്ന ആഭ്യന്തര വിള്ളലുകളുമാണ് ആയുധങ്ങൾ ഉപേക്ഷിക്കാനുള്ള പ്രധാന കാരണം ആയി മാവോയിസ്റ്റുകൾ ചൂണ്ടികാണിച്ചത്. ഇത് ഇനിയും കീഴടങ്ങാത്ത മുതിർന്ന മാവോയിസ്റ്റുകൾക്ക് കനത്ത പ്രഹരമാണ് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് കീഴടങ്ങിയത് 1,476 മാവോയിസ്റ്റുകൾ ആണ്.
സർക്കാർ പദ്ധതി പ്രകാരം മുപ്പത്തേഴര ലക്ഷം രൂപ കീഴടങ്ങിയ 22 പേർക്ക് വീതിച്ച് നൽകുമെന്നും, നിലവിൽ കീഴടങ്ങിയ ഓരോ മാവോയിസ്റ്റിനും അടിയന്തര സഹായമായി 50,000 നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കീഴടങ്ങൽ- പുനരധിവാസ നയത്തിന് കീഴിൽ ഇവരെ പുനരധിവസിപ്പിക്കും.