മുംബൈ– ഓടുന്ന ബസിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ബസിൽനിന്ന് പുറത്തേക്കറിഞ്ഞ് കൊന്നു. മഹാരാഷ്ട്രയിലെ പർബാനിയിലാണ് കൊടുംക്രൂരത. സംഭവത്തിൽ റിതിക ദേരെ(19) അൽത്താഫ് ഷെയ്ഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. പൂണെയിൽ ജോലി ചെയ്യുന്ന ഇരുവരും പർബാനിയിലേക്കുള്ള സ്ലീപ്പർ കോച്ച് ബസിൽ യാത്ര ചെയ്യുന്നതിനിടെ ഗർഭിണിയായ റിതികയ്ക്ക് പ്രസവ വേദന വരുകയും. ബസിനുള്ളിൽതന്നെ ആൺകുഞ്ഞിന് ജന്മം നൽകുകയും, കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ബസിന്റെ ജനലിലൂടെ പുറംതള്ളുകയുമായിരുന്നു.
ബസിൽ നിന്ന് എന്തോ പുറത്തേക്ക് എറിയുന്നത് ശ്രദ്ധിച്ച ഡ്രൈവർ അൽത്താഫിനോട് ചോദിച്ചപ്പോഴാണ് സംശയം തുടങ്ങിയത്. ഭാര്യ ഛർദിച്ചതാണെന്ന് അൽത്താഫ് പറഞ്ഞെങ്കിലും, പിന്നീട് നാട്ടുകാരൻ തുണിയിൽ പൊതിഞ്ഞ നിലയിൽ ശിശുവിനെ കണ്ടെത്തി. ഉടൻ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് ബസ് പിന്തുടർന്ന് ഇരുവരെയും പിടികൂടുകയും ചെയ്തു.
റിതികയും അൽത്താഫും തങ്ങൾ വിവാഹിതരാണെന്ന് പോലീസിനോട് പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച രേഖകൾ ഇവർക്കില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പർബാനിയിലെ സ്വദേശികളായ ഇരുവരും കഴിഞ്ഞ ഒന്നരവർഷമായി പൂണെയിൽ താമസിക്കുകയാണ്. കുഞ്ഞിനെ വളർത്താൻ കഴിയില്ലെന്നും അതുക്കൊണ്ടാണ് ഉപേക്ഷിച്ചതെന്നും ഇവർ മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
ഇരുവരുംക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.