ക്യാപ്റ്റൻ അമേരിക്ക,അയൺ മാൻ, ക്യാപ്റ്റൻ അമേരിക്ക, ഹൾക്ക്, ബ്ലാക്ക് പാന്തർ, തോർ തുടങ്ങിയ മാർവെൽ സൂപ്പർ ഹീറോകൾക്ക് ഇന്നും ലോകത്ത് ആരാധകർ ഏറെയാണ്. നമ്മുടെ എല്ലാം ചെറുപ്പകാലങ്ങളിൽ ഇവരുടെ പോലെയെല്ലാം ശക്തി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടാകും.
ഇന്നു പറയാൻ പോകുന്നത് ഇവർക്കെല്ലാം രൂപം നൽകിയ ഒരാളെ കുറിച്ചാണ്. അയാളുടെ പേര് ജാക്ക് കിർബി.
1917 ആഗസ്റ്റ് 28ന് അമേരിക്കയിലെ ന്യൂയോർക്കിലാണ് കിർബി ജനിച്ചത്. കാർട്ടൂണുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു ഇദ്ദേഹം 1930കളുടെ അവസാനത്തിൽ പത്രങ്ങളിൽ കാർട്ടൂൺ രചനകൾ നൽകിക്കൊണ്ട് കോമിക് ലോകത്തേക്ക് കാലെടുത്തുവെച്ചു.
1940ലാണ് ആദ്യത്തെ സൂപ്പർ ഹീറോയെ കിർബി ലോകത്തിന് സമ്മാനിച്ചത്. കൂട്ടുകാരനായ ജോ സൈമണുമായി ചേർന്ന് ബ്ലൂ ബോൾട്ട് എന്നാ കഥാപാത്രത്തിന് രൂപം നൽകി.തൊട്ടടുത്ത വർഷം 1941ൽ മാർവെലിൻ്റെ പ്രധാന സൂപ്പർ ഹീറോ കഥാപാത്രമായിരുന്ന ക്യാപ്റ്റൻ അമേരിക്കക്കും ജന്മം നൽകി.
1960 കളിൽ പ്രശസ്ത കോമിക് എഴുത്തുകാരനായ സ്റ്റാൻ ലീയുമായി ചേർന്ന് നിരവധി കഥാപാത്രങ്ങൾക്ക് രൂപകൽപ്പന ചെയ്തു. 1961ലെ ഫെന്റാസ്റ്റിക് ഫോർ, 1962ൽ ഹൾക്ക്, തോർ എന്നിവർക്ക് രൂപം നൽകിയപ്പോൾ തൊട്ടടുത്ത വർഷം എക്സ് മാനിനും രൂപം നൽകി. ഈ വർഷം തന്നെ ലോകം മുഴുവൻ ആരാധകരുള്ള അവഞ്ചേഴ്സിനെയും ഇവർ സംഭാവന നൽകി. 1962ൽ മറ്റൊരു സൂപ്പർഹീറോ ആയ അന്റ്- മാൻ (ant man) രൂപകൽപ്പന ചെയ്യുന്നതിലെ ഒരു സഹപ്രവർത്തകനുമായും കിർബി ഉണ്ടായിരുന്നു.
അവഞ്ചേഴ്സിലെ പ്രധാന കഥാപാത്രമായിരുന്ന അയൺ മാൻ രൂപകൽപ്പന ചെയ്യുന്നതിലും പ്രധാന പങ്കു വഹിച്ചു. 1966ൽ ബ്ലാക്ക് പാന്തറിനെയും രൂപകൽപ്പന ചെയ്തത് കിർബി തന്നെയായിരുന്നു. പിന്നെയും എട്രിഗൻ ദി ഡെമോൺ പോലെയുള്ള നിരവധി സൂപ്പർ ഹീറോ കഥാപാത്രങ്ങൾക്ക് അദ്ദേഹം രൂപകൽപ്പന ചെയ്തു.
കോമിക് ലോകത്തെ രാജാവ് എന്നറിയപ്പെടുന്ന ജാക്ക് കിർബി 1994
ഫെബ്രുവരി ആറിന് അമേരിക്കയിലെ കാലിഫോർണിയയിൽ വെച്ചു അന്തരിച്ചു