നിങ്ങൾ ഇന്ന് ഉറങ്ങുന്നു, എന്നാൽ കണ്ണ് തുറക്കുമ്പോൾ 11 ദിവസങ്ങൾ കടന്നു പോയിട്ടുണ്ട്. വിശ്വസിക്കുമോ നിങ്ങൾ..
എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലാണ് ആ അപൂർവ്വ സംഭവം നടന്നത്. 1752 സെപ്റ്റംബർ രണ്ടിന് ഉറങ്ങാൻ കിടന്ന ഇന്ത്യ പോലെയുള്ള ബ്രിട്ടീഷ് കോളനികളിലെയും , ബ്രിട്ടനിലെയും,അമേരിക്കയിലെയും ജനങ്ങൾ പിന്നീട് കണ്ണു തുറക്കുന്നത് സെപ്റ്റംബർ 14നാണ്.
ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന കലണ്ടർ ഗ്രിഗേറിയൻ കലണ്ടറാണ്. എന്നാൽ ഗ്രിഗേറിയൻ കലണ്ടർ നിലവിൽ വന്നത് 1500കളിലാണ്. അതുവരെ ജനങ്ങൾ ഉപയോഗിച്ചിരുന്നത് ജൂലിയൻ കലണ്ടർ ആയിരുന്നു.
ഭൂമി ഒരു പോയിന്റിൽ നിന്ന് കറങ്ങി അതേ പോയിന്റിലേക്ക് തിരിച്ചെത്താൻ വേണ്ടിയിരുന്ന സമയം 365 ദിവസവും ആറുമണിക്കൂറുമായിരുന്നു. അതിനാൽ തന്നെ ജൂലിയൻ കലണ്ടർ വിശ്വാസ പ്രകാരം ഒരു വർഷവും 365 ദിവസവുമാണ് ഉണ്ടായിരുന്നത്. പിന്നെ അധി വർഷത്തിൽ ( ലിപിയർ) 366 ദിവസവും ഉണ്ടാകും. ബിസി ഒന്നാം നൂറ്റാണ്ട് മുതൽ ലോകം സ്വീകരിച്ചത് ഈ കലണ്ടർ ആയിരുന്നു.
ഇപ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും ഇതുതന്നെയല്ലേ ഗ്രിഗേറിയൻ കലണ്ടർ ഫോളോ ചെയ്യുന്നതെന്നും.
1500കളിൽ കത്തോലിക്കാ മാർപാപ്പയായിരുന്ന ഗ്രിഗറി പതിമൂന്നാമന്റെ കണ്ണിൽ കലണ്ടറിലെ ഒരു പിഴവ് കാണുന്നു. ക്രിസ്ത്യൻ വിശ്വാസപ്രകാരം ഈസ്റ്റർ ആഘോഷിക്കുക Spring Equinox ( വസന്തകാലത്തിനു മുന്നേ 12 മണിക്കൂർ പകലും രാത്രിയും കൃത്യമായി വരുന്ന ദിവസം) കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ചകളിൽ ആയിരുന്നു. കലണ്ടർ പ്രകാരം ഇത് മാർച്ച് 21നായിരുന്നു. എന്നാൽ 1500കളിൽ മാർച്ച് 11ന് സംഭവിച്ചു എന്നത് ഗ്രിഗേറിയൻ പതിമൂന്നാമന്റെ ശ്രദ്ധയിൽപ്പെട്ടു. അതിനാൽ തന്നെ ഇത് ഈസ്റ്റർ ആഘോഷത്തിൽ പിഴവ് പറ്റും എന്ന് മനസ്സിലാക്കി. തുടർന്ന് അദ്ദേഹം ഇതിനെക്കുറിച്ച് പഠിക്കാൻ കത്തോലിക്ക സഭയിലെ തന്നെ ജ്യോതിശാസ്ത്ര പരമായ അറിവുള്ളവരെ നിയമിക്കുന്നു.
പിന്നീട് ക്രിസ്റ്റഫർ ക്ലാവിയസ് എന്ന ജ്യോതി ശാസ്ത്രജ്ഞന്റെ കീഴിലുള്ള സംഘം ആ പിഴവ് മനസ്സിലാക്കുന്നു. ജൂലിയൻ കലണ്ടർ നിയമപ്രകാരം ഭൂമി സൂര്യനെ ചുറ്റാൻ എടുത്ത സമയം 365 ദിവസവും ആറു മണിക്കൂർ ആയിരുന്നു. എന്നാൽ ഈ കണക്കിൽ ചെറിയൊരു പിഴവുണ്ടെന്ന് മനസ്സിലാക്കി. കൃത്യമായി പറഞ്ഞാൽ ഭൂമി സൂര്യനെ ചുറ്റാൻ എടുക്കുന്ന സമയം 365 ദിവസവും അഞ്ചു മണിക്കൂറും 48 മിനുറ്റും 46 സെക്കൻഡും ആയിരുന്നു, അഥവാ കലണ്ടർ നിയമപ്രകാരം ഒരു വർഷം കണക്കാക്കുന്നതിൽ 11 മിനുറ്റും 14 സെക്കൻന്റും കൂടുന്നുണ്ട് എന്നാണ് അർത്ഥം. ഇത് ചെറിയ വ്യത്യാസമാണെങ്കിലും
128 – 132 വർഷങ്ങൾ കൂടുമ്പോൾ ഒരു ദിവസത്തിൽ വ്യത്യാസം ഉണ്ടാക്കുന്നുണ്ട്.
അങ്ങനെ നോക്കുമ്പോൾ 1400ൽ അധികം ഫോളോ ചെയ്ത കലണ്ടറിൽ 10 ദിവസത്തെ വ്യത്യാസം ഉണ്ടെന്ന് മനസ്സിലാക്കി. അതിനാൽ തന്നെ ഇവർ ആ കലണ്ടർ സിസ്റ്റം മാറ്റാൻ തീരുമാനിക്കുന്നു.
തുടർന്ന് അലോയ്സിയസ് ലില്ലിയസ് എന്ന ലൂയിജി ലില്ലിയോ ( Aloysius Lilius – Luigi Lilio) എന്ന ഇറ്റാലിയൻ ജ്യോതി ശാസ്ത്രജ്ഞന്റെ നിർദ്ദേശപ്രകാരം ഒരു വഴി കണ്ടെത്തുന്നു.ഇനിമുതൽ കലണ്ടർ ഫോളോ ചെയ്യേണ്ടത് മറ്റൊരു രീതിയിലാണ്. ആദ്യം ചെയ്യേണ്ടത് വന്ന 10 ദിവസത്തെ വ്യത്യാസം നികത്തുക എന്നതായിരുന്നു. പിന്നീട് ലിപിയർ കണക്കാക്കുന്നതിൽ ചെറിയൊരു വ്യത്യാസം കൊണ്ടുവരിക.
ജൂലിയൻ കലണ്ടർ നിർദ്ദേശപ്രകാരം നാലു കൊണ്ട് ഹരിച്ചാൽ കൃത്യമായ തുക കിട്ടുന്ന വർഷങ്ങളിലായിരുന്നു ലിപിയർ ഉണ്ടായിരുന്നത്. ഇതിലാണ് ചെറിയൊരു മാറ്റം വരുത്തിയത്. ചെറിയൊരു മാറ്റം എന്ന് പറഞ്ഞാൽ ഈ ലിപിയർ എല്ലാ സമയത്തും വേണ്ട എന്നാണ് . ഇവിടെ ഹരിക്കേണ്ടത് നാലു കൊണ്ട് മാത്രമല്ലയിരുന്നു, 400 കൊണ്ട് ഹരിക്കണമായിരുന്നു.
കൃത്യമായി പറഞ്ഞു തരാം
1600 എന്നുകൊണ്ട് 400 ഹരിച്ചാൽ നാല് എന്ന കൃത്യ തുക കിട്ടും. അതിനാൽ 1600 മുതൽ 1699 വരെയുള്ള വർഷങ്ങളിലെ നാലു കൊണ്ട് ഹരിച്ചാൽ കൃത്യമായി തുക കിട്ടുന്ന ( 1600, 1604,1608,… Etc) വർഷങ്ങളിൽ ലിപിയർ കൊണ്ടുവരിക. എന്നാൽ 1700, 1800,1900 എന്നിവയെല്ലാം കൊണ്ട് 400 ഹരിച്ചാൽ കൃത്യമായ തുക കിട്ടില്ല. അത് കൊണ്ട് 1700 മുതൽ 1999 വരെ ഈ ലിപിയർ ചേർക്കേണ്ട ആവശ്യമില്ല. എന്നാൽ 2000 കൊണ്ട് 400നെ ഹരിച്ചാൽ അഞ്ചു എന്ന കൃത്യ തുക കിട്ടുന്നത് കൊണ്ട് പിന്നീടുള്ള 99 വർഷങ്ങളിലും ലിപിയർ കലണ്ടറിൽ ഉൾപ്പെടുത്താം. അതിനർത്ഥം 2096 കഴിഞ്ഞാൽ ഇനി ലിപിയർ വരണമെങ്കിൽ 2400 ആകണം.
ഈ സിസ്റ്റം വളരെയധികം ഇഷ്ടപ്പെട്ട ഇറ്റലി, സ്പെയിൻ, പോളണ്ട്, പോർച്ചുഗൽ പോലെയുള്ള കത്തോലിക്കൻ രാജ്യങ്ങൾ ഒൿടോബർ 1582 ഒക്ടോബർ നാലിന് ഈ കലണ്ടർ പിന്തുടരാൻ ആരംഭിച്ചു. അതിനാൽ തന്നെ നഷ്ടപ്പെട്ട പത്തു ദിവസങ്ങൾ കൂട്ടി പിറ്റേ ദിവസത്തെ അവർ ഒക്ടോബർ പതിനഞ്ചാക്കി കണക്കാക്കി. ഇതിനവർ ഗ്രിഗേറിയൻ കലണ്ടർ എന്ന പേരുമിട്ടു.
എന്നാൽ ഈ നിർദ്ദേശം കൊണ്ടുവന്ന ലൂയിജി ലില്ലിയോ ഇത് നടപ്പിലാക്കുമ്പോൾ ഭൂമിയോട് വിട പറഞ്ഞിരുന്നു.
ഫ്രാൻസ്, ബെൽജിയം, ലക്സംബർഗ്, ജർമനി പോലുള്ള രാജ്യങ്ങൾ പെട്ടെന്ന് ഈ കലണ്ടറിനെ സ്വീകരിച്ചെങ്കിലും 150ലധികം വർഷങ്ങൾ കഴിഞ്ഞാണ് ബ്രിട്ടൻ,അമേരിക്ക, ബ്രിട്ടന്റെ ഇന്ത്യ അടക്കമുള്ള കോളനി രാജ്യങ്ങളും ഈ കലണ്ടർ പിന്തുടരാൻ ആരംഭിച്ചത്.
കൃത്യമായി പറഞ്ഞാൽ 1752 സെപ്റ്റംബർ രണ്ടിനാണ് ഇവർ ഈ കലണ്ടർ പിന്തുടരാൻ ആരംഭിച്ചത്. ഗ്രിഗേറിയൻ കലണ്ടർ തുടക്കത്തിൽ നടപ്പിലാക്കിയ രാജ്യങ്ങൾ 10 ദിവസമാണ് കൂട്ടിയെങ്കിൽ ഇവർക്ക് 11 ദിവസങ്ങൾ കൂട്ടേണ്ടിവന്നു.
അതിനാൽ തന്നെ 1752 സെപ്റ്റംബർ രണ്ടിന് ഉറങ്ങാൻ കിടന്ന ജനങ്ങൾ എഴുന്നേറ്റത് സെപ്റ്റംബർ 14നാണ്. അവർക്ക് സെപ്റ്റംബർ 3 മുതൽ സെപ്റ്റംബർ 13 വരെയുള്ള ദിവസങ്ങൾ നഷ്ടപ്പെട്ടിരുന്നു. തുടക്കത്തിൽ കാര്യങ്ങൾ മനസ്സിലാവാതെ ജനങ്ങൾ ഇതിനെ എതിർത്തെങ്കിലും ഗവൺമെന്റിന് കൃത്യമായി പറഞ്ഞുകൊടുക്കാൻ സാധിച്ചു.