അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച് പല ജന മനസ്സുകളിലും ഇടം നേടിയ രണ്ടാളുകളാണുള്ളത്. ഒരാൾ ഫുട്ബോൾ മൈതാനങ്ങളിൽ തന്റെ ഇടം കാലുകൊണ്ട് മാന്ത്രികത കാണിച്ചപ്പോൾ മറ്റൊരാൾ നേരിടുന്ന അനീതികൾക്കെതിരെ ശബ്ദം ഉയർത്തി.
അനീതികൾക്കെതിരെ ശബ്ദം ഉയർത്തി പല വിപ്ലവങ്ങൾക്കും തുടക്കം കുറിച്ച ആ വ്യക്തിയുടെ ഓർമ ദിവസമാണ് ഒക്ടോബർ 9.
അദ്ദേഹത്തിന്റെ പേര് എർണസ്റ്റോ റാഫേൽ ഗുവേര ഡെ ലാ സെർന എന്നാണെങ്കിലും ലോകം അറിയുന്നത് മറ്റൊരു പേരിലാണ് “ചെ” ഗുവേര.
1928 മെയ് 14ന് അർജന്റീനയിലെ റൊസാരിയോയിലെ ഒരു സാധാരണ കുടുംബത്തിലായിരുന്നു ചെ” ഗുവേരയുടെ ജനനം. എന്നാൽ രേഖകളിൽ കാണിച്ചത് ജൂൺ 14 എന്നായിരുന്നു. അതിന് ഒരു വ്യക്തമായ ഒരു കാരണമുണ്ടായിരുന്നു. ചെഗുവേരയുടെ അമ്മയായ സീലിയ ഡി ലാ സെർന വൈ ലോസ കല്യാണത്തിന് ഒരു മാസം മുമ്പ് തന്നെ ഗർഭം ധരിച്ചിരുന്നു. ഇത് മറച്ചു വെക്കാനായി പിതാവായ ഏണസ്റ്റോ ചെ ഗുവേര ലിഞ്ച് രേഖയിൽ കാണിച്ച ഒരു കൃത്രിമമായിരുന്നു ഒരു മാസം വൈകിയുള്ള ജനന തീയതി.
പഠനത്തോടു വലിയ താൽപര്യം കാണിച്ച ചെ” ഗുവേരയും കുടുംബവും സാമ്പത്തികമായി വളരെയേറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു. രണ്ടാം വയസ്സിൽ തന്നെ ആസ്ത്മ രോഗിയായ ഇദ്ദേഹം അതിനെയെല്ലാം മാറിക്കടന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ബ്യൂണസ് അയറസ് സർവകലാശാലയിൽ പഠനം പൂർത്തിയാക്കി 1953ൽ സ്വപ്നസാഫല്യമായ ഡോക്ടർ എന്ന പദവിയും സ്വന്തമാക്കി. പഠനകാലയളവിൽ തന്നെ ഏറെ ഇഷ്ടപ്പെട്ട മോട്ടോർസൈക്കിൾ യാത്രക്കും ഇറങ്ങി തിരിച്ചിരുന്നു..
ലാറ്റിൻ അമേരിക്കയിലെ പല രാജ്യങ്ങളിലും നടത്തിയ ഈ യാത്രയിലൂടെ സാധാരണ ജനങ്ങൾ നേരിടുന്ന പല പ്രശ്നങ്ങളെയും കുറിച്ച് മനസ്സിലാക്കി. ഈ യാത്രയെ ആസ്പദമാക്കി അദ്ദേഹം ഒരു പുസ്തകവും എഴുതി. പലരുടെയും പ്രചോദനത്തിന് കാരണമായ ആ പുസ്തകത്തിന്റെ പേര് The Motorcycle Diaries.
പഠനം പൂർത്തിയാക്കിയ ചെ ഗ്വാട്ടിമാലയിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി പ്രവേശിക്കുകയും അവിടെ വിപ്ലവകാരിയായ ഹിൽഡ ഗാഡിയയും പ്രണയത്തിലാവുകയും ചെയ്യുന്നുണ്ട്. ഈ സമയത്ത് തന്നെ പല കമ്മ്യൂണിസ്റ്റു നേതാക്കളെയും ചെ” ഗുവേര പരിചയപ്പെടുന്നു. ഗ്വാട്ടിമാലയിലെ ഇടതു ഗവൺമെന്റിനെ അമേരിക്കയുടെ സഹായത്തോടെ അട്ടിമറിച്ചതോടെ ചെ” ഗുവേരയും ഹിൽഡ ഗാഡിയയും മെക്സിക്കോയിലേക്ക് താമസം മാറി.
ഇവിടെ വെച്ച് മറ്റൊരു വിപ്ലവകാരിയായ ഫിഡൽ കാസ്ട്രോയെ പരിചയപ്പെടുകയും ക്യൂബൻ വിപ്ലവത്തിലേക്ക് ഇറങ്ങാനും അനീതിക്കെതിരെ ശബ്ദമുയർത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂലൈ 26 എന്ന മൂവ്മെന്റിന്റെ ഭാഗമാവുകയും മെക്സിക്കോയിൽ അറസ്റ്റിൽ ആവുകയും ചെയ്യുന്നു.
തുടർന്ന് ജയിലിൽ നിന്നും മോചിതനായ ചെ ഫിഡൽ കാസ്ട്രോയുടെ മറ്റു വിപ്ലവകാരുടെയും കൂടെ 1956 ഡിസംബർ രണ്ടിന് ക്യൂബയിലേക്ക് പുറപ്പെട്ടു. എന്നാൽ പ്രതീക്ഷിക്കാതെയുള്ള കാലാവസ്ഥ യാത്രക്ക് തടസ്സം ആവുകയും ക്യൂബയിൽ നങ്കൂരമിട്ട ആ ബോട്ടിലെ വിപ്ലവകാരികളുടെ എതിരെ ബാറ്റിസ്റ്റ്യൂട്ട ഗവൺമെന്റിന്റെ സൈനികർ ആക്രമിക്കാനും കാരണമായി. തീരെ പ്രതീക്ഷിക്കാതെയുള്ള ഈ ആക്രമണത്തിൽ പരിക്കേറ്റ ചെഗുവേരയും കൂട്ടരും അടുത്തുള്ള ഒരു മലയിൽ അഭയം പ്രാപിച്ചു.
തുടർന്ന് ഒരു ഗറില്ല വിപ്ലവത്തിന് തുടക്കം കുറിക്കുകയും 1959 ജനുവരി ഒന്നിന് കാസ്ട്രോയുടെ കീഴിലുള്ള ഒരു ഗവൺമെന്റ് നിലവിൽ വന്നു.
ശേഷം കാസ്ട്രോയുടെ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായി ചുമതലയേറ്റ ചെഗുവേര 1965കളിൽ അർജന്റീനയിലും, ആഫ്രിക്കൻ രാജ്യമായ കോംഗോയിലെയും വിപ്ലവങ്ങൾക്ക് നേതൃത്വം വഹിച്ചെങ്കിലും വിജയിക്കാനായില്ല.
ശേഷം 1967ൽ ബോളീവിയ സാധാരണ ജനങ്ങൾ നേരിടുന്ന അനീതിക്കെതിരെ ചെഗുവേര ഇറങ്ങിത്തിരിക്കുന്നു. അവിടെ വെച്ച് വെറും 50 ൽ താഴെ അംഗങ്ങളെ കൂട്ടുപിടിച്ച് നാഷണൽ ലിബറേഷൻ ആർമിക്ക് തുടക്കം കുറിച്ചു. ഈ ചെറു സംഘമായ വിപ്ലവകാരികൾക്ക് നേരിടേണ്ടത് 1500ലധികം പേർ അണിനിരക്കുന്ന ബൊളിവിയൻ ആർമിയെയായിരുന്നു. തുടർന്ന് 1967 ഒക്ടോബർ എട്ടിന് ഈ അൻപതിൽ താഴെയുള്ള വിപ്ലവകാരികൾ ഒളിച്ചിരുന്ന കാടിനെ ബൊളിവിയൻ ആർമി വളഞ്ഞു. അതും നാട്ടുകാരിലെ ചിലരുടെ ചതിയിലൂടെയായിരുന്നു വിപ്ലവകാരികൾ ഒളിച്ചിരുന്ന ആ സ്ഥലം ആർമി വളഞ്ഞത്.
ഇവർക്കെതിരെ പോരാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചെഗുവേര പിടിയിലായി. വെടി വെച്ചാണ് ഇവർ ചെഗുവേരയെ പിടികൂടിയിരുന്നത്. ശേഷം ലഹോഗറിലെ താൽക്കാലിക ക്യാമ്പിൽ എത്തുകയും പിറ്റേന്ന് ചെഗുവേരയെ കാണാൻ അമേരിക്കൻ സിഐഎ ഏജന്റായ ഫെലിക്സ് റോഡിഗ്രസ് ഇവിടെ എത്തുകയും ചെഗുവേരയുമായി സംസാരിക്കുകയും ചെയ്തു.
എന്നാൽ അമേരിക്കയുടെ നിർദ്ദേശപ്രകാരം കൊല്ലാനായിരുന്നു തീരുമാനം. ആ മുതലാളിത്ത ശക്തികൾ വരെ ഭയന്ന ചെറുപ്പക്കാരനെ കഴുത്തിന് പിന്നിൽ വെടിവെച്ചു കൊല്ലാനാണ് നിർദ്ദേശിച്ചത്. കാരണം കൊല്ലപ്പെട്ടത് എൻകൗണ്ടറിലൂടെയാണെന്ന് തെളിയിക്കാൻ ആയിരുന്നു. ഇതിനായി ഇയാൾ നിയോഗിച്ചത് ബോളിവിയൻ സർജന്റ് ജയ്മി ടെറാൻ എന്ന ഉദ്യോഗസ്ഥനെയായിരുന്നു.
ഇത് മനസ്സിലാക്കിയ ചെഗുവേര ടെറാനോട് ഒരു വാക്ക് പറയുന്നുണ്ട്
” എന്നെ കൊല്ലാൻ വന്നതാണെന്ന് അറിയാം ” എന്നെ വെടിവെച്ചോളൂ ഭീരു , നിങ്ങൾ കൊല്ലാൻ പോകുന്നത് ഒരു സാധാരണ മനുഷ്യനെ മാത്രമാണ് “
വാക്കുകൾ അവസാനിച്ച ഉടനെ ആ തോക്കിന് മുന്നിൽ ചെഗുവേര ഇരയാകുന്നു. അഥവാ 1967 ഒക്ടോബർ 9ന് അമേരിക്ക അടക്കമുള്ള മുതലാളിത്ത രാജ്യങ്ങൾ ഭയന്ന ആ വിപ്ലവകാരി ലോകത്തോട് വിട പറഞ്ഞു.
ഫിഡൽ കാസ്ട്രോ അടക്കമുള്ള നേതാക്കൾ ക്യൂബയിലെ വിപ്ലവത്തിനുശേഷം ഒന്നടങ്ങിയപ്പോൾ അതിനു തയ്യാറാവതെ കോംഗോയിലെയും ബോളീവിയയിലെയും ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ആ 39 കാരന് ഇന്നും ഈ കേരളമടക്കമുള്ള ലോകത്തിലെ പല പ്രദേശങ്ങളിളെയും രാഷ്ട്രീയ സമൂഹ പ്രവർത്തകർക്ക് ഊർജം നൽകുന്നു.