92 വർഷമായിട്ടും ഇനിയും തെളിയാത്ത ഒരു വിമാന ഭീകരാക്രമണം,
അമേരിക്കൻ ചരിത്രത്തിലെ ആദ്യത്തെ വിമാന ഭീകരാക്രമണം എന്നു അറിയപ്പെടുന്ന ചെസ്റ്റർടൺ വിമാന സ്ഫോടന നടന്നിട്ട് ഇന്ന് 92 വർഷം തികയുകയാണ്.
1933 ഒക്ടോബർ 10 യുണൈറ്റഡ് എയർലൈൻസ് എന്ന കമ്പനിയുടെ യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 23. നാല് യാത്രക്കാരും മൂന്നു ജീവനക്കാരുമടക്കം ഏഴു പേരടങ്ങുന്ന ഈ സംഘം ന്യൂയോർക്കിൽ നിന്നും ചിക്കാഗോയിലേക്ക് പറക്കുന്നു. ന്യൂയോർക്ക് എയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനം ഒരു അപകടസൂചനയും നൽകിയില്ല.
എന്നാൽ ചെസ്റ്റർടൺ പ്രദേശത്തെത്തിയപ്പോൾ വിമാനം പൊട്ടിത്തെറിച്ചു. ഈ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന ഏഴുപേരും കൊല്ലപ്പെട്ടു. തുടക്കത്തിൽ കരുതിയിരുന്നത് മെക്കാനിക്കൽ തകരാർ എന്നായിരുന്നു.
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ ഏജന്റ് മൽവിൻ പർവിസ് കണ്ടെത്തിയത് ഇന്നും തെളിയിക്കപ്പെടാത്ത ഒരു ദുരൂഹമായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് TNT സ്ഫോടകവസ്തുക്കൾ കണ്ടുപിടിച്ചതോടെയാണ് അന്വേഷണം വഴിമാറിയത്. ഇതോടെ ഒരു ഭീകരാക്രമണം ആണെന്നും മനസ്സിലാകുന്നു.
വിമാനത്തിന്റെ ടോയ്ലറ്റ് ബാഗേജ് കമ്പാർട്ട്മെന്റുകൾ പൂർണ്ണമായി തകർന്നതും ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. മറ്റു ഭാഗങ്ങളുടെ തകരാറുകൾ വച്ച് നോക്കുമ്പോൾ വലിയ നാശനഷ്ടങ്ങൾ ആയിരുന്നു ഇവിടെ സംഭവിച്ചത്. സ്ഫോടക വസ്തുക്കൾ ടോയ്‌ലറ്റിലാണ് ഉപേക്ഷിച്ചിരുന്നത് എന്ന് ഇതിലൂടെ അന്വേഷണ ഉദ്യോഗസ്ഥനായ മൽവിന് മനസ്സിലായി.
തുടർന്നുള്ള അന്വേഷണത്തിൽ ഒരു ബാഗുമായി യാത്ര ചെയ്ത ഒരു യാത്രക്കാരനെ സംശയിച്ചിരുന്നു. എന്നാൽ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയ ആ ബാഗിൽ അപകടത്തിന് കാരണമായ ഒന്നും തന്നെയില്ലായിരുന്നുവെന്ന് അന്വേഷണത്തിലൂടെ മനസ്സിലായി. അവശിഷ്ടങ്ങളിൽ നിന്നൊരു തോക്കും കണ്ടെത്തിയത് ഇവരുടെ അന്വേഷണത്തെ കൂടുതൽ ഊർജ്ജിതമാക്കി. എന്നാൽ ഈ തോക്ക് ഒരു യാത്രക്കാരൻ ചിക്കാഗോയിലെ നോർത്ത് ഷോർ ഗൺ ക്ലബിൽ നടക്കുന്ന ഷൂട്ടിംഗിനായി കൊണ്ടുപോയതാണെന്ന് തെളിഞ്ഞതോടെ അന്വേഷണം വഴിമുട്ടി. നിരവധി മാഫിയ സംഘങ്ങളെ വരെ സംശയിച്ചെങ്കിലും തെളിവുകൾ ഒന്നുമില്ലായിരുന്നു.
ഇന്നും ഈ ഭീകരാക്രമണം ഒരു രഹസ്യമായി തുടരുമ്പോൾ വിമാനത്തിൽ ഉണ്ടായിരുന്ന ചിലരുടെ ഇൻഷുറൻസ് തട്ടിപ്പാണെന്നും ചില ലേഖനങ്ങളിലും റിപ്പോർട്ടുകളിലുമുണ്ട് .
സ്വന്തം ജീവൻ കളഞ്ഞ് കുടുംബത്തിനുവേണ്ടി ചെയ്ത ഒരു ത്യാഗമായി കാണപ്പെടുന്നു. എങ്കിലും ഈ ചിന്താഗതിക്ക് വ്യക്തമായ തെളിവുകളില്ല.