ഇന്ത്യയെയും പാകിസ്താനെയും ബാധിച്ച ദുരന്തമാണ് 2005 ഒക്ടോബർ 8നു ഉണ്ടായ ഭൂകമ്പം.
2004 ഡിസംബർ 26ന് നടന്ന ഭൂകമ്പം ലോകജനത മറക്കാനിടയില്ല. എന്നാൽ ഈ ദുരന്തത്തിന്റെ മുറിവുകൾ മാറുന്നതിനു മുമ്പേ മറ്റൊരു ദുരന്തത്തിനാണ് കശ്മീർ ജനത ഇരയായത്. ഒക്ടോബർ 8 ശനിയാഴ്ച, കാശ്മീർ ജനതയെ കണ്ണീരിലാഴ്ത്തിയ ദിവസം. 86,000 ത്തിലധികം ജീവനുകളാണ് ഭൂകമ്പത്തിൽ നഷ്ടപ്പെട്ടത്. ഈ ദുരന്തത്തിൻ്റെ 20ാം വാർഷികമാണ് ഇന്ന്.
പാക് അധീന കാശ്മീരിന്റെ ഭാഗമായ ബാലകോട്ടിൽ രാവിലെ ഏകദേശം 8: 50ന് അതിശക്തമായ ഒരു ഭൂകമ്പമുണ്ടായി. റെക്ടർ സ്‌കെയിലിൽൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പത്തിൽ ഇന്ത്യയിലെ ചില പ്രദേശങ്ങളും ഇരയായി. അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളെയും ഭൂകമ്പം പിടിച്ചു കുലുക്കി.
ജമ്മു കശ്മീർ ഇന്ത്യ-പാക് അതിർത്തി ഭാഗങ്ങളിലും, പാകിസ്താനിലെ മുസാഫറാബാദ് ബാലകോട്ട് അടക്കമുള്ള പ്രദേശങ്ങളിലും നാശനഷ്ടങ്ങൾ വിതറിയ ഈ ദുരന്തം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായി കാണുന്നു. തുടർച്ചയായ ദിവസങ്ങളിലും ചെറിയ രീതിയിൽ ഭൂചലനങ്ങൾ സൃഷ്ടിച്ചെങ്കിലും അഞ്ചിന് താഴെയായിരുന്നു പലതവണയും തീവ്രത രേഖപ്പെടുത്തിയത്.
ഇന്ത്യയിൽ മാത്രം 1800ൽ അധികം മരണങ്ങൾ രേഖപ്പെടുത്തിയ ഈ ദുരന്തത്തിൽ പാകിസ്ഥാനിൽ നഷ്ടപ്പെട്ടത് 86,000 ത്തിലധികം ജീവനുകളാണ്. ചില റിപ്പോർട്ടുകൾ ഒരു ലക്ഷം കടന്നുവെന്നും പറയുന്നു. 35 ലക്ഷത്തിലധികം പെരെ ഭവനരഹിതരാക്കുകയും ചെയ്തു. ദുരന്തങ്ങൾ ബാധിച്ചത് ഉയർന്ന പ്രദേശങ്ങളിൽ ആയതിനാൽ തന്നെ രക്ഷാപ്രവർത്തനത്തിനും വലിയ തടസ്സങ്ങൾ നേരിട്ടു. മാത്രമല്ല നിരവധി ആശുപത്രികൾ തകർന്നതും വലിയ തിരിച്ചടിയായി.
രക്ഷാപ്രവർത്തനത്തിനും മറ്റു സഹായങ്ങൾക്കുമായും ഇന്ത്യ – പാകിസ്ഥാൻ ഒരുമിച്ച് പ്രവർത്തിച്ച ചരിത്ര നിമിഷത്തിനും കൂടി ഈ ദുരന്തം ഒരു കാരണമായി. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ദുരന്തബാധിതർക്ക് സഹായങ്ങൾ ഒഴുകിയെത്തിയിരുന്നു. ഈ ദുരന്തത്തിന്റെ ഓർമ ദിവസമായ ഒക്ടോബർ എട്ടിന് പാകിസ്താൻ ദേശീയ പ്രതിരോധ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി അന്ന് കൊല്ലപ്പെട്ടവരുടെ ഓർമക്കായി പ്രാർത്ഥനകളും മറ്റും ഇപ്പോഴും നടത്താറുണ്ട്.