ഫലസ്തീനിൽ ഓരോ ദിവസവും വീഴുന്നത് പിഞ്ചു കുഞ്ഞുങ്ങൾ അടക്കം നിരവധി ജീവനുകളാണ്. സാധാരണക്കാരായ മനുഷ്യരുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത ഇസ്രായിലിന്റെ നരനായാട്ട് തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും “ഒക്ടോബർ ഏഴ്” എന്നും ഓർമിക്കപ്പെടേണ്ട ദിവസം തന്നെയാണ്.
കഥ ആരംഭിക്കുന്നത് ഏറെ കാലങ്ങൾക്ക് മുമ്പാണ്. ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന അന്നത്തെ ഫലസ്തീനിൽ 80 ശതമാനത്തിൽ അധികം ഇസ്ലാം മത വിശ്വാസികൾ, 10 ശതമാനം ക്രിസ്ത്യൻ വിശ്വാസികളും, 3 ശതമാനം ജൂത വിശ്വാസികളുമാണ് താമസിച്ചിരുന്നത്. രാജ്യത്തിന്റെ തലസ്ഥാനം മൂന്നു മതങ്ങളുടെയും പുണ്യ കേന്ദ്രമായ ജെറുസലേം ആയിരുന്നു. എങ്കിലും ഇവിടങ്ങളിൽ വളരെ സ്നേഹത്തോടും സഹകരണത്തോടും ഈ മതവിശ്വാസികളെല്ലാം ജീവിച്ചു.
പിന്നീട് ചില പ്രശ്നങ്ങൾ കാരണം ഇവിടെനിന്ന് യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് ജൂതമത വിശ്വാസികൾ കുടിയേറി. ഈ സമയത്താണ് തിയഡോർ ഹെർസൽ എന്ന വ്യക്തി ജൂതമത വിശ്വാസികൾക്ക് പ്രത്യേക രാജ്യം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ സിയോണിസ്റ്റ് എന്ന പ്രസ്ഥാനത്തിനും തുടക്കം കുറിച്ചു.
അതിനാൽ തന്നെ ഇന്നത്തെ ഇസ്രായിലിന്റെ ഭാഗമായ ഫലപ്രദേശങ്ങളിലേക്കും ഇവരുടെ ഒഴുക്കിന് കാരണമായി. കുറച്ചുകാലങ്ങൾക്ക് ശേഷമാണ് ഒന്നാം ലോകമഹായുദ്ധത്തിന് ( 1914 – 1919) ആരംഭമായത്.
ഈ സമയത്ത് പ്രധാന ശക്തികളായിരുന്ന ബ്രിട്ടൻ ജൂതന്മാരെ സമീപിച്ചു. ഓട്ടോമാൻ സാമ്രാജ്യത്തെ തോൽപ്പിക്കാൻ സഹായിച്ചാൽ ജൂത രാഷ്ട്രം നിർമിക്കാൻ സഹായിക്കാമെന്ന് ബ്രിട്ടൻ ഇവരോട് പറഞ്ഞു.
ബാൽഫോർ ഉടമ്പടി എന്നറിയപ്പെടുന്ന ഈ കരാർ ഇരുവരും ഒപ്പുവെക്കുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷുകാർ ചെയ്ത ഒരു ചതിയും ഇതിലുണ്ടായിരുന്നു. മക്ക ശരീഫായ ഹുസൈനുമായി ഒരു കരാർ ഒപ്പുവെക്കുന്നു. ഇത് പ്രകാരം യുദ്ധത്തിനുശേഷം ഇസ്രായിൽ – ഫലസ്തീൻ ഭാഗത്തിന്റെ അധികാരം നൽകാം എന്നായിരുന്നു ബ്രിട്ടൻ മുന്നോട്ടുവച്ച കരാർ. ഏകദേശം ഇതേ കരാറുമായി ഫ്രാൻസുമായും ഇവർ ഒപ്പു വെച്ചിരുന്നു.
എന്നാൽ യുദ്ധത്തിനുശേഷം നടന്നത് മറ്റൊന്നാണ്. ഈ പ്രദേശങ്ങളിൽ ബ്രിട്ടൻ അധികാരം പിടിച്ചെടുത്ത് മൂന്നു മതങ്ങളെയും ഭിന്നിപ്പിച്ചു ഭരിച്ചു. എങ്കിലും
ബാൽഫോർ ഉടമ്പടി പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജൂതന്മാരെ കൂടിയറാനും ബ്രിട്ടൻ അനുവദിച്ചു.
എന്നാൽ ഇത് ഇഷ്ടപ്പെടാത്ത ഫലസ്തീനിലെ ചില അറബ് ജനത ഇതിനെ എതിർത്തു. ഈ എതിർപ്പിനെ ബ്രിട്ടൻ ജൂതന്മാരുമായി ചേർന്നു അടിച്ചൊതുക്കി.
ശേഷം ബ്രിട്ടൻ വൈറ്റ് പേപ്പർ എന്ന ആശയം മുന്നോട്ടുവച്ചു. ഇത് പ്രകാരം ജൂതന്മാരുടെ കുടിയേറ്റം കുറക്കുമെന്നും പത്തു വർഷത്തിനുള്ളിൽ ജൂത – അറബ് എന്നിവർ ചേർന്നുള്ള ഒരു രാഷ്ട്രം രൂപീകരിക്കുമെന്നും ബ്രിട്ടൻ അറിയിച്ചു. എന്നാൽ ഇതിനെ ഇരു സമൂഹവും എതിർക്കുന്നതാണ് കണ്ടത്.
ഈ കാലത്ത് തന്നെയാണ് ഹിറ്റ്ലറിന്റെ നേതൃത്വത്തിലുള്ള നാസി പട്ടാളം ജൂത സമൂഹത്തെ കൊന്നൊടുക്കുന്നതും ലോകം കണ്ടത്. അതിനാൽ ഭയപ്പെട്ട ജൂത സമൂഹം വീണ്ടും ഇസ്രായിൽ ഭാഗങ്ങളിലേക്ക് പാലായനം ആരംഭിച്ചു. ഏകദേശം 60 ലക്ഷം ജൂതന്മാരെയാണ് ഹിറ്റ്ലറും നാസി പട്ടാളവും കൊന്നെടുക്കിയത്.
പിന്നീട് രണ്ടാം ലോകമഹായുദ്ധ ശേഷം ബ്രിട്ടൻ ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു. ഈ വിഷയത്തിൽ പരിഹാരം കാണാനും ബ്രിട്ടൻ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ മുൻ നിർത്തി ഐക്യരാഷ്ട്രസഭ മുന്നോട്ടുവെച്ചതാണ് ദ്വിരാഷ്ട്ര പരിഹാരം. ഇത് പ്രകാരം ഈ പ്രദേശം രണ്ടായി വിഭജിച്ച് ഇസ്രായിൽ, ഫലസ്തീൻ എന്നി രണ്ടു ഭരണകൂടത്തിന് അംഗീകാരം നൽകുക എന്നതായിരുന്നു ഐക്യരാഷ്ട്രസഭ പറഞ്ഞത്. എന്നാൽ ഈ ആശയത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇസ്രയിലിന് മധ്യത്തിലുള്ള പ്രദേശങ്ങൾ എങ്കിലും ഫലസ്തീന് ലഭിച്ചത് വിട്ടു മാറിയിട്ടുള്ള പ്രദേശങ്ങളായിരുന്നു. മൂന്ന് മതങ്ങൾക്കും ഒരുപോലെ പ്രാധാന്യമുള്ള ജെറുസലേമിനെ ഒരു ഇന്റർനാഷണൽ പ്രദേശമായും ഐക്യരാഷ്ട്രസഭ കണക്കാക്കി. എന്നാൽ ഈ പ്രശ്ങ്ങൾക്ക് ഒരു മുഖവിലയും നൽകാതെ ജൂതന്മാർ ഏകപക്ഷീയമായി 1948ൽ ഇസ്രായിൽ എന്ന രാഷ്ട്രത്തിന് രൂപം നൽകി.
എന്നാൽ ഈ അനീതിയെ എതിർത്ത അറബ് രാഷ്ട്രങ്ങൾ ഒന്നിച്ച് അറബ് ലീഗ് എന്ന സംഘടനക്കും രൂപം നൽകി. ശേഷം ഇവർ ഇസ്രായിലിന് എതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.
ഈ യുദ്ധം അറിയപ്പെട്ടത് അറബ് – ഇസ്രായിൽ യുദ്ധം എന്നാണ്. ഈ യുദ്ധത്തിൽ അമേരിക്ക, ബ്രിട്ടൻ എന്നിവരുടെ പിന്തുണയോടെ ഇസ്രായിൽ വിജയിക്കുന്നു. ശേഷം ഇവരുടെ അനുമതിയിൽ തന്നെ ജെറുസലേം അടക്കമുള്ള പ്രദേശങ്ങളിൽ ഭരണം പിടിച്ചെടുത്തു അധികാരം സ്ഥാപിച്ചു. ഈ കടന്നുകയറ്റത്തിനെയും അറബ് രാഷ്ട്രങ്ങൾ എതിർത്തു. 1967ൽ വീണ്ടും ഒരു യുദ്ധം നടക്കുകയും, ഇസ്രായിൽ വീണ്ടും അമേരിക്ക, ബ്രിട്ടൻ എന്നിവരുടെ സഹായം തേടുന്നു. ഇവരുടെ സഹായത്തോടെ ഫലസ്തീനിന്റെ കൂടുതൽ പ്രദേശങ്ങൾ വീണ്ടും ജൂതന്മാർ കയ്യടക്കി.
ഇതിനെ തുടർന്നണ് ഐക്യരാഷ്ട്ര സഭ ഇടപെടുകയും ഇസ്രായിലിനോട് കയ്യടക്കിയ എല്ലാ പ്രദേശങ്ങളും തിരിച്ചു നൽകണമെന്നും താക്കീതും നൽകി. ഇതോടെ ഇസ്രായിൽ ഇവിടെ നിന്ന് ഒഴിയുകയും, അറബ് രാജ്യങ്ങളുമായി ഒരു സമാധാന കരാർ ഒപ്പുവെക്കുന്നു. എന്നാൽ നിയമങ്ങൾ ലംഘിച്ച് ഇസ്രായിൽ ഫലസ്തീനിൽ അധികാരം സ്ഥാപിക്കാൻ ആരംഭിച്ചിരുന്നു.
ഈ സമയത്തു തന്നെയാണ് ഫലസ്തീന് ജനതക്ക് ഒരു അംഗീകാരവും നൽകാതെയിരുന്നതിനാൽ യാസർ അറഫത്തിന്റെ നേതൃത്വത്തിലുള്ള ഫലസ്തീൻ ലിബറൽ മൂവ്മെന്റ് എന്ന പ്രസ്ഥാനത്തിനും തുടക്കം കുറിക്കുന്നത്. വിവിധ മതക്കാർ ഉൾപ്പെട്ടിരുന്ന ഈ സംഘടന മുന്നോട്ടുവച്ച പ്രധാന ആവശ്യം ചില പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ഫലസ്തീൻ രൂപീകരിക്കണമെന്നും ബാക്കിയുള്ള പ്രദേശങ്ങൾ ഇസ്രായിലിന് നൽകാമെന്നായിരുന്നു.
എന്നാൽ വെസ്റ്റ് ബാങ്ക് പോലെയുള്ള പ്രദേശങ്ങളിൽ ജൂത പൗരന്മാർക്ക് താമസം അടക്കമുള്ള അവകാശങ്ങൾ നൽകി ഇസ്രായിൽ ഒരു കടന്നുകയറ്റത്തിന് തുടക്കം കുറിക്കുന്നത്. മതത്തിന്റെയും – പൊളിറ്റിക്സിന്റെയും എല്ലാം പേരും പറഞ്ഞ് ഇവിടെ അധികാരം കയ്യേറിയ ഇസ്രായിൽ പൗരന്മാരുടെ സുരക്ഷയ്ക്ക് വേണ്ടി സൈനിക ഉദ്യോഗസ്ഥരെയും, പോലീസിനെയും എല്ലാം ഇവിടേക്ക് അയച്ചു.
ഇതിനെ എതിർത്ത ഫലസ്തീൻ ജനത ഇൻതിഫാദ എന്ന പേരിൽ സമാധാനം പ്രക്ഷോഭത്തിന് തുടക്കം കുറിച്ചെങ്കിലും ഇതിനെ ഇസ്രായിൽ അടിച്ചമർത്തി. ഇതിൽ രോഷം പൂണ്ട ഒരു വിഭാഗം ഹമാസ് എന്ന സംഘടനക്കും രൂപം നൽകി. കൂടുതൽ ജനങ്ങൾ ഈ സംഘടനയിലേക്ക് കടന്നു വന്നതോടെ ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമായി.
പിന്നീടുള്ള പല കാലങ്ങളിലായി ഇസ്രായിൽ ഫലസ്തീനിന്റെ പ്രദേശങ്ങൾ കയ്യടക്കി. ലോകരാജ്യങ്ങൾ ഇതിനെ എതിർത്തു സമാധാന കരാർ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. മാത്രമല്ല ജെറുസലേം, വെസ്റ്റ് ബാങ്ക് അടക്കമുള്ള പ്രദേശങ്ങളിൽ അധികാരം കൈയേറിയ ഇസ്രായിൽ സ്വന്തം താല്പര്യ പ്രകാരം നിയമങ്ങൾ നിർമ്മിക്കുന്നു. ഇതിനെല്ലാം എതിർക്കുന്ന പലസ്തീൻ ജനതയെ ഇവർ ഒരു വിലയും കൽപ്പിക്കാതെ തോക്കിന് മുന്നിൽ ഇരയാക്കി. മാത്രമല്ല ഗാസ, വെസ്റ്റ് ബാങ്ക് പോലുള്ള പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഫലസ്തീൻ ജനതയെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു തടവിലാക്കുകയും, ക്രൂരമായി കൊല്ലുന്നതിനും എല്ലാം ലോകം സാക്ഷിയായി. 2023 ന് മുമ്പ് തന്നെ ഗാസയിൽ പല കാലങ്ങളിലായി ഇസ്രായിൽ നടത്തിയ അക്രമണങ്ങളിൽ വീണത് പതിനായിര കണക്കിന് ജനങ്ങളുടെ ജീവനായിരുന്നു.
ഇതിനെല്ലാം രോഷം പൂണ്ട ഹമാസ് സംഘടന 2023 ഒക്ടോബർ ഏഴിന് ഇസ്രായിൽ പ്രദേശങ്ങളിലേക്ക് ഒരേ സമയം 5000 മിസൈലുകൾ വിക്ഷേപിക്കുന്നു. പ്രതീക്ഷിക്കാതെയുള്ള ഈ ആക്രമണം കാരണം ഇസ്രായിലിൽ ആയിരത്തിലധികം ജനങ്ങൾ കൊല്ലപ്പെട്ടു.
ഇതിന്റെ പേരും പറഞ്ഞാണ് ഇസ്രായിൽ ആക്രമം തുടങ്ങിയതെങ്കിലും ഇത് വരെ അവസാനിച്ചിട്ടില്ല. ഇരകളാകുന്നതും ഒന്നുമറിയാത്ത കുട്ടികൾ അടക്കമുള്ള സാധാരണക്കാർ മാത്രം.
ഈ കാലയളവിൽ ഇസ്രായിൽ സൈന്യം കൊന്നൊടുക്കിയത് 67,160 ജീവനുകളെയാണ്. ഇത് റിപ്പോർട്ട് ചെയ്ത കൊലപാതങ്ങളാണ്. റിപ്പോർട്ട് ചെയ്യാത്തതും ഏറെയുണ്ട്. കൊല്ലപ്പെട്ടവരിൽ 18,000ത്തിൽ ചെറിയ കുട്ടികളും അടങ്ങുന്നു. ഗർഭപാത്രത്തിൽ നിന്നും ജനിച്ചു വീഴുന്ന പിഞ്ചുകുഞ്ഞുങ്ങൾ വരെ ഈ നരനായാട്ടിന് ഇരയാവുകയാണ്. കൂടാതെ ഇസ്രായലിന്റെ നരനായാട്ട് ലോകത്തെ അറിയിക്കാൻ മുന്നോട്ടുവന്ന 200ൽ അധികം മാധ്യമപ്രവർത്തകരെയും ഇവർ കൊന്നെടുക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഐക്യരാഷ്ട്രസഭ വരെ സമാധാന കരാറുമായി മുന്നോട്ടുവന്നെങ്കിലും നുണക്കഥകൾ പറഞ്ഞു ഇസ്രായിൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഫലസ്തീൻ അടക്കമുള്ള ലോകത്തെ വിവിധ പ്രദേശങ്ങളിൽ യുദ്ധങ്ങൾ അവസാനിച്ചു പുഞ്ചിരികൾ വിടരട്ടെ എന്ന പ്രാർത്ഥനയോടെ അവസാനിപ്പിക്കുന്നു