പ്രായമാകുന്നതിനനുസരിച്ച് പേശികളുടെ ബലവും ശക്തിയും കുറയുന്നത് (മസിൽ വീക്ക്നെസ്) സ്വാഭാവികമാണെങ്കിലും, ഈ അവസ്ഥ ജീവിത നിലവാരത്തെ ബാധിക്കാതിരിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണെന്ന് വിദഗ്ധർ പറയുന്നു. പ്രായമാകൽ, രോഗാവസ്ഥകൾ, ജീവിതശൈലി തുടങ്ങി പേശി ബലക്ഷയത്തിന് നിരവധി കാരണങ്ങളുണ്ട്. ഈ പ്രശ്‌നത്തെക്കുറിച്ചും അതിനെ നേരിടാനുള്ള വഴികളെക്കുറിച്ചും വിശദമായി പരിശോധിക്കാം.
പേശി ബലക്ഷയത്തിന്റെ പ്രധാന കാരണങ്ങൾ
പ്രായമാകൽ (Sarcopenia): 30 വയസ്സിന് ശേഷം പേശികളുടെ അളവും ശക്തിയും ക്രമേണ കുറയാൻ തുടങ്ങുന്നു. 60 വയസ്സിന് മുകളിൽ ഇത് കൂടുതൽ പ്രകടമാകും. ഇത് ‘സാർകോപീനിയ’ എന്നറിയപ്പെടുന്നു.
അനക്കമില്ലാത്ത ജീവിതശൈലി: വ്യായാമമോ ശാരീരിക പ്രവർത്തനങ്ങളോ ഇല്ലാത്തവർക്ക് പേശികൾ ദുർബലമാകാനുള്ള സാധ്യത കൂടുതലാണ്.
പോഷകാഹാരക്കുറവ്: പ്രോട്ടീൻ, വിറ്റാമിൻ ഡി തുടങ്ങിയവയുടെ അഭാവം പേശികളുടെ ആരോഗ്യത്തെ ബാധിക്കും.
വിട്ടുമാറാത്ത രോഗങ്ങൾ: ഡയബറ്റിസ്, തൈറോയ്ഡ് രോഗങ്ങൾ, ക്യാൻസർ, ആർത്രൈറ്റിസ് തുടങ്ങിയവ പേശി ബലക്ഷയത്തിന് കാരണമാകാം.
നാഡീസംബന്ധമായ പ്രശ്‌നങ്ങൾ: മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്, പാർക്കിൻസൺസ്, സ്‌ട്രോക്ക് തുടങ്ങിയവ പേശികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തും.
മരുന്നുകളുടെ പാർശ്വഫലങ്ങൾ: ചില മരുന്നുകൾ, പ്രത്യേകിച്ച് സ്റ്റിറോയിഡുകൾ, പേശികളെ ദുർബലപ്പെടുത്തിയേക്കാം.
പ്രത്യാഘാതങ്ങൾ
പേശി ബലക്ഷയം ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും. നടക്കാനോ പടികൾ കയറാനോ ബുദ്ധിമുട്ടുണ്ടാകും. വീഴ്ചയ്ക്കുള്ള സാധ്യത വർധിക്കുന്നത് പ്രായമായവർക്ക് അപകടകരമാണ്. ബേശീ ബലക്ഷയം നമുക്ക് ഇഷ്ടമുള്ള പോലെ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് വിലക്കുകയും സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാക്കുകയും ചെയ്യും. ഇത് മാനസികാരോഗ്യം തകരാനും കാരണമാകും.
പ്രതിരോധവും പരിഹാരവും
നിയന്ത്രിത വ്യായാമം:
സ്‌ട്രെങ്ത് ട്രെയിനിങ്: ഭാരമുള്ള വസ്തുക്കൾ ഉയർത്തിയുള്ള വ്യായാമം, റെസിസ്റ്റൻസ് ബാൻഡുകൾ എന്നിവ പേശികളെ ശക്തിപ്പെടുത്തും.
എയ്‌റോബിക് വ്യായാമം: നടത്തം, നീന്തൽ, സൈക്ലിങ് എന്നിവ ഹൃദയാരോഗ്യവും പേശി ശക്തിയും മെച്ചപ്പെടുത്തും.
പോഷകാഹാരം: പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ (മുട്ട, മത്സ്യം, പയർവർഗങ്ങൾ) ഉൾപ്പെടുത്തുക. വിറ്റാമിൻ ഡി, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ ഉപയോഗം വർധിപ്പിക്കുക.
വൈദ്യോപദേശം: പേശി ബലക്ഷയം അസ്വാഭാവികമായി തോന്നുകയോ വേഗത്തിൽ വഷളാകുകയോ ചെയ്താൽ ഡോക്ടറെ സമീപിക്കുക. രോഗനിർണയത്തിനായി രക്തപരിശോധന, എംആർഐ, അല്ലെങ്കിൽ പേശി ബയോപ്‌സി ആവശ്യമായി വന്നേക്കാം.
ജീവിതശൈലി മാറ്റങ്ങൾ: പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. മതിയായ ഉറക്കവും സമ്മർദ്ദ നിയന്ത്രണവും ഉറപ്പാക്കുക.