ഇൻസ്റ്റ റീലുകളിൽ മലയാളം പാട്ടുകൾക്കൊപ്പം ചുണ്ടനക്കി ശ്രദ്ധേയനായ സെൻസേഷണൽ താരം, ടാൻസാനിയൻ സ്വദേശി കിലി പോൾ ആടു ജീവിതത്തിലെ അങ്ങകലെ പാട്ടുമായി കളം പിടിക്കുന്നു. മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ഉണ്ണിയേട്ടൻ എന്ന കിലിപോളാണ് പെരിയോനെ, റഹ്മാനേ എന്ന പാട്ടുമായി എത്തിയത്.
നേരത്തെ ഹിന്ദി പാട്ടുകൾ ഏറ്റുപാടിയാണ് കിലി പോൾ താരമായിരുന്നത്. എന്നാൽ മലയാളം കൂടി പാടിയതോടെ മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണിയേട്ടനായി മാറാൻ അധികം താമസമുണ്ടായില്ല. തന്റെ ഒരു റീലിന് കിലി പോൾ പേരിട്ടത് ഉണ്ണിയേട്ടൻ എന്നായിരുന്നു.
ഏതാനും മാസം മുമ്പാണ് ‘പൂമാനമേ..ഒരുരാഗ മേഘം താ’ എന്ന ഗാനം പാടിയ റീൽ പങ്കുവെച്ചത്.
പരമ്പരാഗതമായ ആഫ്രിക്കൻ വേഷവിധാനങ്ങളിൽ ബോളിവുഡ് ഗാനങ്ങൾക്ക് ചുവടുവെയ്ക്കുന്ന കിലിയുടെയും സഹോദരി നീമ പോളിന്റെയും വീഡിയോകളെല്ലാം തന്നെ വൈറലാകാറുണ്ട്. 2021 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ‘ഷേർഷാ’ യിലെ ‘രാത്താ ലമ്പിയ’ എന്ന ഗാനത്തിന് ഇവർ ചെയ്ത റീലാണ് ആദ്യം ട്രെൻഡിംഗായതും കിലി പോളിനെ ശ്രദ്ധേയനാക്കിയതും. തുടർന്ന് ഇളയദളപതി വിജയുടെ ‘അറബിക് കുത്ത്’, അല്ലു അർജുന്റെ പുഷ്പയിലെ ‘സാമി’, ‘ഊ ആണ്ടവ’ തുടങ്ങി ഒരുപിടി തെന്നിന്ത്യൻ ഗാനങ്ങൾക്കും കിളിയും സഹോദരിയും ചുണ്ടനക്കി.
ടിക് ടോക്കിന്റെ നിരോധനത്തിന് പിന്നാലെ ഭാരതീയരോടൊപ്പം ‘റീൽസി’ലേക്ക് ചേക്കേറിയ കിലിക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം ഇപ്പോൾ 9 മില്യൺ ഫോളോവേഴ്സുണ്ട്.
കുട്ടിക്കാലം മുതൽ ഇന്ത്യൻ സിനിമയുടെ ആരാധകനാണ് കിലി. രണ്ടും മൂന്നും ദിവസമെടുത്താണ് ഓരോ പാട്ടും പഠിക്കുന്നത്. അർത്ഥം ഇന്റർനെറ്റിന്റെ സഹായത്തോടെ പഠിച്ചെടുക്കും. വൈദ്യുതി പോലുമില്ലാത്ത വീട്ടിൽനിന്നാണ് കിലിയും നീമയും ലിപ്സിംങ്ക് വീഡിയോകളിലൂടെ ലോകം കീഴടക്കിയത്. കടുത്ത ദാരിദ്ര്യവും ഇതിന് പുറമെ അജ്ഞാത സംഘങ്ങളുടെ മർദ്ദനവും വരെ ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇൻസ്റ്റയിൽനിന്ന് ഇരുവർക്കും ഇപ്പോൾ വരുമാനവും ലഭിക്കുന്നുണ്ട്.