ബുദ്ധിമാനാണെന്ന് തോന്നുന്ന ഒരാളെ നമുക്കെല്ലാവര്‍ക്കും എളുപ്പത്തില്‍ അറിയാന്‍ കഴിയും. അവന്‍ പരീക്ഷകളില്‍ മികവ് പുലര്‍ത്തുന്നു, പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നു, എല്ലാ കാര്യങ്ങളെക്കുറിച്ചും അല്‍പസ്വല്‍പം അറിവുമുണ്ടാകും. എന്നിരുന്നാലും ബുദ്ധിശക്തി എന്നാല്‍ പ്രതിഭ എന്നല്ല അര്‍ഥമാക്കുന്നത്. യഥാര്‍ഥ പ്രതിഭ ഉയര്‍ന്ന ഐ.ക്യുവിനും നേടിയെടുത്ത ബുദ്ധിശക്തിക്കും അപ്പുറമാണ്. അതുല്യമായ ചിന്താരീതികള്‍ യഥാര്‍ഥ പ്രതിഭയില്‍ ഉള്‍പ്പെടുന്നു.
യഥാര്‍ഥ പ്രതിഭകളെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്ന ചില സ്വഭാവവിശേഷങ്ങളും ശീലങ്ങളും ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സെല്‍ഫ് ഡെവലപ്‌മെന്റ് വിദഗ്ധയായ അമേരിക്കന്‍ എഴുത്തുകാരി സില്‍വിയ ഒജെഡ പറയുന്നു. പഠനങ്ങള്‍ അനുസരിച്ച്, നിങ്ങള്‍ വെറും ബുദ്ധിമാനല്ല, മറിച്ച്, ഒരു യഥാര്‍ത്ഥ പ്രതിഭയാണെന്ന് സൂചിപ്പിക്കുന്ന 11 അടയാളങ്ങള്‍ ഇവയാണ്.
1 – അസാധാരണ ചിന്ത
പ്രതിഭകള്‍ പലപ്പോഴും അസാധാരണ രീതിയിലാണ് ചിന്തിക്കുന്നത്. നിങ്ങള്‍ എപ്പോഴും അസാധാരണമായ പരിഹാരങ്ങളോ ആശയങ്ങളോ കണ്ടെത്തുന്നുണ്ടെങ്കില്‍ നിങ്ങളുടെ സര്‍ഗാത്മക പ്രതിഭക്കുള്ള സൂചനയാണിത്. മൗലികമായ ചിന്തയും പ്രശ്‌നങ്ങളെ ഒന്നിലധികം കോണുകളില്‍ നിന്ന് സമീപിക്കാനുള്ള കഴിവും ഒരു പ്രതിഭാശാലിയായ മനസ്സിന്റെ മുഖമുദ്രയാണ്. പരമ്പരാഗത പാതകള്‍ പിന്തുടര്‍ന്നുകൊണ്ടല്ല പ്രതിഭ വളരുന്നത്, മറിച്ച്, അനുമാനങ്ങളെ വെല്ലുവിളിക്കാനും മറ്റുള്ളവര്‍ അവഗണിക്കുന്ന കാര്യങ്ങള്‍ കണ്ടെത്താനുമുള്ള സന്നദ്ധതയില്‍ നിന്നാണ് അത് ഉയര്‍ന്നുവരുന്നത്. മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്തത് കാണാനും ബന്ധമില്ലാത്ത ആശയങ്ങളെ ബന്ധിപ്പിക്കാനും പുതിയ ചിന്താ പാതകള്‍ പിന്തുടരാനുമുള്ള കഴിവിലാണ് പലപ്പോഴും പ്രതിഭയുടെ സത്ത അടങ്ങിയിരിക്കുന്നത്. സൃഷ്ടിപരമായ ചിന്തയില്‍, പ്രത്യേകിച്ച് വ്യത്യസ്തമായ ആശയങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന വ്യക്തികള്‍ക്ക് സവിശേഷമായ തലച്ചോറ് ഘടനയുണ്ടെന്ന് ഹ്യൂമന്‍ ബ്രെയിന്‍ മാപ്പിംഗ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഭാവന, ധ്യാനം, സങ്കീര്‍ണമായ ആശയങ്ങള്‍ മനസിലാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങള്‍ വളരെ സര്‍ഗാത്മകരായ വ്യക്തികളില്‍ കൂടുതല്‍ വികസിച്ചതായി കാണപ്പെടുന്നു.
2 – കൂടിയ ജിജ്ഞാസ
പ്രതിഭകള്‍ക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് ജിജ്ഞാസയുണ്ട്. തങ്ങളുടെ പതിവ് താല്‍പര്യങ്ങള്‍ക്ക് പുറത്തുള്ള മേഖലകളില്‍ പോലും പുതിയ ആശയങ്ങള്‍ പഠിക്കാനും പര്യവേക്ഷണം ചെയ്യാനും അവര്‍ക്ക് അടങ്ങാത്ത ആഗ്രഹമുണ്ട്. അറിവിനോടുള്ള സ്‌നേഹവും തുടര്‍ച്ചയായ പഠനത്തിനായുള്ള ആഗ്രഹവുമാണ് അവരുടെ സവിശേഷത. ഈ തരത്തിലുള്ള ജിജ്ഞാസ വസ്തുതകള്‍ ശേഖരിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച്, തുടര്‍ച്ചയായ പര്യവേക്ഷണം, കൂടുതല്‍ ആഴത്തില്‍ ഇറങ്ങല്‍, ഉപരിപ്ലവമായ ഉത്തരങ്ങളില്‍ തൃപ്തരാകാതിരിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു. ബുദ്ധിമാന്മാരായ ആളുകള്‍ എന്തെങ്കിലും കണ്ടെത്തിക്കഴിഞ്ഞാല്‍ പരിശ്രമങ്ങള്‍ നിര്‍ത്തിയേക്കും. എന്നാല്‍ ഒരു പ്രതിഭ പ്രയാണം തുടര്‍ന്നുകൊണ്ടേയിരിക്കും. പലപ്പോഴും കാര്യങ്ങള്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്താന്‍ വേണ്ടി അവ്യക്തമായ വിഷയങ്ങളിലേക്കും ബന്ധമില്ലാത്ത മേഖലകളിലേക്കും അവര്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലും.
പ്രതിഭയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്ന് ആഴത്തിലുള്ളതും അന്തര്‍ലീനവുമായ ജിജ്ഞാസയാണ്, പ്രത്യേകിച്ച് ജോലിസ്ഥലത്ത്. കൂടുതല്‍ ജിജ്ഞാസയുള്ള ആളുകള്‍ കൂടുതല്‍ ആശയങ്ങള്‍ കൊണ്ടുവരിക മാത്രമല്ല, സൃഷ്ടിപരമായ പ്രക്രിയയില്‍ തന്നെ വ്യാപൃതരായിരിക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. ഈ ജിജ്ഞാസ കേവലം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെ കുറിച്ചായിരിക്കില്ല, മറിച്ച്, നവീകരണത്തിനായുള്ള ആശയങ്ങള്‍ കണ്ടെത്തുന്നതിനെ കുറിച്ചായിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ജിജ്ഞാസ നിങ്ങളെ ബുദ്ധിമാനാക്കുക മാത്രമല്ല, തൊഴില്‍ സ്ഥലങ്ങളെ പരിവര്‍ത്തനം ചെയ്യുന്ന തരത്തിലുള്ള ചിന്തയെ ഉത്തേജിപ്പിക്കുകയും ചെയ്യും.
3- സങ്കീര്‍ണമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രവണത
പ്രതിഭകള്‍ക്ക് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. സങ്കീര്‍ണമായ പ്രശ്‌നങ്ങളെ, കൈകാര്യം ചെയ്യാവുന്ന വ്യത്യസ്ത ഭാഗങ്ങളായി വിഭജിക്കാനും അവ വ്യക്തമായി കൈകാര്യം ചെയ്യാനും അവര്‍ക്ക് കഴിയും. അവര്‍ക്ക് പലപ്പോഴും ഒന്നിലധികം വിവരങ്ങള്‍ ഒരേസമയം ആഗിരണം ചെയ്യാനും ഫലപ്രദമായി സമന്വയിപ്പിക്കാനും കഴിയും. പലരും വ്യക്തമായ ഉത്തരങ്ങളും ലളിതമായ വിശദീകരണങ്ങളും തേടുമ്പോള്‍ യഥാര്‍ഥ പ്രതിഭകള്‍ അവ്യക്തതയെയും സങ്കീര്‍ണതയെയും നേരിടുന്നതില്‍ സുഖം അനുഭവിക്കുന്നു. അവര്‍ സങ്കീര്‍ണതയെ ഭയപ്പെടുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങള്‍ പലപ്പോഴും ആശയക്കുഴപ്പത്തിന്റെ മറുവശത്താണെന്ന് അറിഞ്ഞുകൊണ്ട് അത് കണ്ടെത്താന്‍ ശ്രമിക്കുന്നു.
ഉയര്‍ന്ന വൈജ്ഞാനിക സങ്കീര്‍ണതയുള്ള ആളുകള്‍ക്ക് ലോകത്തെ സങ്കീര്‍ണമായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിയുന്നതായി ശാസ്ത്രീയ പഠനം വ്യക്തമാക്കുന്നു. അതേസമയം, മറ്റുള്ളവര്‍ അമിതമായി ലളിതമാക്കുകയോ ആശയക്കുഴപ്പത്തിലാവുകയോ ചെയ്‌തേക്കാം. ഈ വൈജ്ഞാനിക വഴക്കം അവര്‍ക്ക് ബോധ്യങ്ങളോ ദിശാബോധമോ ഇല്ലെന്ന് അര്‍ഥമാക്കുന്നില്ല. ഈ സ്വഭാവമാണ് ദീര്‍ഘവീക്ഷണമുള്ള ചിന്തകരെയും മുന്‍നിര ശാസ്ത്രജ്ഞരെയും വ്യത്യസ്തരാക്കുന്നത്. അവര്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുക മാത്രമല്ല, അവയെ പുനര്‍നിര്‍മിക്കുകയും ചെയ്യുന്നു.
4 – നര്‍മബോധം
ഇത് അതിശയകരമായി തോന്നുമെങ്കിലും, പ്രതിഭകള്‍ക്ക് സവിശേഷവും ചിലപ്പോള്‍ വിചിത്രവുമായ നര്‍മബോധം ഉണ്ടാകുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അവര്‍ക്ക് നര്‍മം, വിരോധാഭാസം, വൈരുധ്യം എന്നിവ ഇഷ്ടമാണ്. ഉപരിപ്ലവമായ തമാശകള്‍ക്കപ്പുറമുള്ള നര്‍മത്തിലേക്ക് അവര്‍ പലപ്പോഴും ആകര്‍ഷിക്കപ്പെടുന്നു. അസാധാരണമായ രീതിയില്‍ ലോകത്തെ കാണാനുള്ള അവരുടെ കഴിവ് അവരുടെ നര്‍മത്തെ ആഴമേറിയതും പ്രവചനാതീതവുമാക്കുന്നു. പ്രതിഭകള്‍ക്ക് പലപ്പോഴും അവരുടെ മനസ്സിന്റെ സങ്കീര്‍ണതയും അതുല്യതയും പ്രതിഫലിപ്പിക്കുന്ന ഒരു സവിശേഷ നര്‍മബോധം ഉണ്ടായിരിക്കും.
ഇരുണ്ട നര്‍മത്തെ ഇഷ്ടപ്പെടുന്ന ആളുകള്‍ വാക്കാലുള്ളതും അല്ലാത്തതുമായ ബുദ്ധിശക്തി പരിശോധനകളില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന പ്രവണത കാണിക്കുന്നതായി വിയന്ന മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള പഠനത്തില്‍ കണ്ടെത്തി. അവര്‍ കൂടുതല്‍ വിദ്യാഭ്യാസമുള്ളവരും, ആക്രമണോത്സുകതയും നെഗറ്റീവ് മാനസികാവസ്ഥയും കുറഞ്ഞ അളവില്‍ പ്രകടിപ്പിക്കുന്നവരുമാണ്. അവരുടെ ചിരി മിക്ക ആളുകളും പൂര്‍ണമായും അവഗണിക്കാന്‍ സാധ്യതയുള്ള ചിന്താ പാളികളെ വെളിപ്പെടുത്തുന്നു.
5 – ഒരുപാട് സ്വപ്നം കാണല്‍
പകല്‍ക്കിനാവ് കാണുന്നത് പലപ്പോഴും ശ്രദ്ധ തിരിക്കുന്ന ഒന്നായി കണക്കാക്കപ്പെടുമ്പോള്‍ പ്രതിഭകള്‍ ഉല്‍പാദനക്ഷമമായി പകല്‍ക്കിനാവ് കാണുന്നു. മനസ്സിന്റെ ഈ അലഞ്ഞുതിരിയല്‍ അവരെ സൃഷ്ടിപരമായ ബന്ധങ്ങള്‍ സ്ഥാപിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നൂതന ആശയങ്ങള്‍ കൊണ്ടുവരാനും അനുവദിക്കുന്നു. പകല്‍ക്കിനാവുകളില്‍ നിന്ന് ഉണ്ടാകുന്ന നിശ്ചിത അളവിലുള്ള അമൂര്‍ത്തമായ ചിന്ത പ്രതിഭാശാലിയായ സര്‍ഗാത്മകതക്ക് നിര്‍ണായകമാണ്. പകല്‍ക്കിനാവ്, പ്രത്യേകിച്ച് പോസിറ്റീവും സൃഷ്ടിപരവുമായ പകല്‍ക്കിനാവ് മെച്ചപ്പെട്ട സര്‍ഗാത്മകതയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. വ്യത്യസ്ത തരം പകല്‍ സ്വപ്നങ്ങള്‍ പ്രത്യേകിച്ച് ഡിഫോള്‍ട്ട് മോഡ് നെറ്റ്വര്‍ക്ക്, സാലിയന്‍സ് നെറ്റ്വര്‍ക്ക് പോലുള്ള മസ്തിഷ്‌ക ശൃംഖലകളിലൂടെ സര്‍ഗാത്മകതയുമായി പൊതു ന്യൂറല്‍ അടിസ്ഥാനം പങ്കിടുന്നുവെന്ന് പഠനം കണ്ടെത്തി. മനസ്സിന്റെ അലഞ്ഞുതിരിയല്‍ ശ്രദ്ധ തിരിക്കുന്ന ഒന്നല്ല. മറിച്ച്, സൃഷ്ടിപരമായ ചിന്താശേഷിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു.
6 – ശക്തമായ ഉള്ളുണര്‍വ്
പ്രതിഭകള്‍ പലപ്പോഴും അവരുടെ അനുമാനത്തെയോ പ്രശ്‌നങ്ങള്‍, സാഹചര്യങ്ങള്‍, ആശങ്ങള്‍ എന്നിവയെ കുറിച്ച സ്വതസിദ്ധമായ അറിവിനെയോ വിശ്വസിക്കുന്നു. അവരുടെ അവബോധം അല്ലെങ്കില്‍ സഹജമായ അറിവ്, എല്ലാ ഡാറ്റയും അവരുടെ പക്കലില്ലെങ്കില്‍ പോലും വേഗത്തിലും ഫലപ്രദമായും തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ അനുവദിക്കുന്നു. ഇത്തരത്തിലുള്ള ആഴമേറിയതും സഹജമായതുമായ ധാരണ പലപ്പോഴും പഠനവും അനുഭവവും നിറഞ്ഞ ജീവിതത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. സൃഷ്ടിപരമായ പ്രക്രിയയില്‍ അവബോധജന്യമായ ഉള്‍ക്കാഴ്ച പലപ്പോഴും പങ്കു വഹിക്കുന്നു. വിദഗ്ധരായ പാചകക്കാരില്‍ നടത്തിയ പഠനമനുസരിച്ച്, അവരുടെ സൃഷ്ടിപരമായ തീരുമാനങ്ങള്‍ വേഗത്തിലുള്ളതും വ്യത്യസ്തവുമായ അവബോധജന്യമായ പ്രക്രിയകളാല്‍ നയിക്കപ്പെടുന്നുവെന്ന് വെളിപ്പെട്ടു. ഇത്തരത്തിലുള്ള സഹജമായ വിധിനിര്‍ണയം അവരെ സങ്കീര്‍ണമായ പ്രശ്നങ്ങളെ മറികടക്കാനും നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്താനും അനുവദിക്കുന്നു. അതുപോലെ വേഗത്തില്‍ പരിഹാരങ്ങള്‍ കണ്ടെത്തേണ്ട പ്രശ്‌നങ്ങളില്‍ പ്രതിഭകള്‍ പലപ്പോഴും വലിയ അളവില്‍ വിവരങ്ങള്‍ ഒരേസമയം ശേഖരിക്കുന്നതിന് അവരുടെ അവബോധത്തെ ആശ്രയിക്കുന്നു.
7 – മികച്ച ആത്മബോധം
പ്രതിഭകളുടെ ഒരു പ്രധാന സ്വഭാവം ഉയര്‍ന്ന തലത്തിലുള്ള ആത്മബോധമാണ്. അവര്‍ക്ക് അവരുടെ ശക്തികളും ബലഹീനതകളും വികാരങ്ങളും പെരുമാറ്റങ്ങളും മനസ്സിലാക്കാന്‍ കഴിയും. മറ്റുള്ളവര്‍ അവഗണിക്കുന്ന വിധത്തില്‍ പഠിക്കാനും വളരാനും ഈ ആത്മപരിശോധന അവരെ സഹായിക്കുന്നു. സൃഷ്ടിപരമായ പ്രക്രിയയില്‍ സ്വയം അവബോധത്തിന്റെ പ്രാധാന്യവും സ്വയം അവബോധത്തിന്റെ പ്രധാന വശങ്ങളായ സ്വയം വിലയിരുത്തലുകളും മെറ്റാകോഗ്‌നിറ്റീവ് വികാരങ്ങളും വളര്‍ച്ചാ മനോഭാവങ്ങളുമായും സൃഷ്ടിപരമായ സാധ്യതകളുമായും അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സമീപകാല ഗവേഷണങ്ങള്‍ എടുത്തുകാണിക്കുന്നു.
പോസിറ്റീവ് മെറ്റാകോഗ്‌നിറ്റീവ് വികാരങ്ങള്‍ ഉള്ളവരും മെച്ചപ്പെടുത്താനുള്ള കഴിവ് മനസ്സിലാക്കിയവരുമായ വ്യക്തികള്‍ വ്യത്യസ്തമായ ചിന്തകള്‍ നിര്‍വഹിക്കുന്നതില്‍ മികവ് പുലര്‍ത്തുന്നതായി സര്‍ഗാത്മകമായ അറിവിനെ കുറിച്ച പഠനം സൂചിപ്പിക്കുന്നു. സ്വയം പ്രതിഫലിപ്പിക്കാനും തങ്ങളുടെ സൃഷ്ടിപരമായ കഴിവുകളെ വിലയിരുത്താനുമുള്ള ഈ ശേഷി പ്രതിഭകളെ അവരുടെ സമീപനത്തെ പരിഷ്‌കരിക്കാന്‍ പ്രാപ്തരാക്കുന്നു. ഇത് അവരെ പ്രശ്‌നപരിഹാരത്തിലും നവീകരണത്തിലും കൂടുതല്‍ പ്രാവീണ്യമുള്ളവരാക്കുന്നു.
8 – പരാജയം ഭയപ്പെടാതിരിക്കല്‍
പരാജയം സൃഷ്ടിപരമായ പ്രക്രിയയുടെ ഭാഗമാണെന്ന് പ്രതിഭകള്‍ മനസ്സിലാക്കുന്നു. നിരുത്സാഹപ്പെടുന്നതിനു പകരം, വിജയത്തിലേക്കുള്ള ഒരു ചുവടുവെപ്പായി അവര്‍ അതിനെ കാണുന്നു. തിരിച്ചടികള്‍ നേരിടുമ്പോഴും മുന്നോട്ട് പോകാനും ആശയങ്ങളോ ബിസിനസുകളോ പരിഷ്‌കരിക്കാനും ഈ പ്രതിരോധശേഷി അവരെ സഹായിക്കുന്നു. അവരുടെ ഏറ്റവും വലിയ നേട്ടങ്ങള്‍ പരാജയങ്ങളുടെ കാലഘട്ടങ്ങള്‍ക്ക് ശേഷമാണ് ഉണ്ടാകുന്നത്. ഓരോ തെറ്റായ ചുവടുവെപ്പും വൈദഗ്ധ്യം നേടാനുള്ള ഒരു ചവിട്ടുപടിയായി പിന്നീട് തെളിയിക്കപ്പെടുന്നു.
പരാജയം നേരിടുമ്പോള്‍ മസ്തിഷ്‌കം അതിന്റെ തെറ്റുകളില്‍ നിന്ന് പഠിക്കുകയും സൃഷ്ടിപരമായ പ്രശ്‌നപരിഹാര പാതകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രക്രിയ നാഡീ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. ഇത് വ്യക്തികളെ പുതിയ പ്രശ്‌നങ്ങളെ പുതിയ രീതിയില്‍ സമീപിക്കാന്‍ അനുവദിക്കുന്നു. പരാജയം ഒരു തടസ്സമാകുന്നതിനു പകരം, പൊരുത്തപ്പെടാനും നവീകരിക്കാനും ഒടുവില്‍ വിജയിക്കാനുമുള്ള തലച്ചോറിന്റെ കഴിവിന് ഇന്ധനമായി മാറുന്നു.
9 – അവ്യക്തത സഹിക്കാനുള്ള ഉയര്‍ന്ന ശേഷി
അനിശ്ചിതത്വവും അവ്യക്തതയും മിക്ക ആളുകളേക്കാളും നന്നായി കൈകാര്യം ചെയ്യാന്‍ പ്രതിഭകള്‍ക്ക് കഴിയും. എല്ലാ ചോദ്യങ്ങള്‍ക്കും തങ്ങള്‍ക്ക് ഉത്തരം ഇല്ലാത്തതില്‍ അവര്‍ക്ക് സന്തോഷമുണ്ട്. വ്യക്തമല്ലാത്ത സാഹചര്യങ്ങളില്‍ പോലും അവര്‍ക്ക് വിജയിക്കാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഇത് അവരെ അനുവദിക്കുന്നു. അവ്യക്തതയോടുള്ള സഹിഷ്ണുത പലപ്പോഴും പുതിയ അനുഭവങ്ങളോടും പാരമ്പര്യേതര ആശയങ്ങളോടുമുള്ള തുറന്ന മനസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു.
യഥാര്‍ഥ പ്രതിഭകളെ സങ്കീര്‍ണതയോ അനിശ്ചിതത്വമോ എളുപ്പത്തില്‍ നിരുത്സാഹപ്പെടുത്തില്ല. വാസ്തവത്തില്‍, അത്തരം സാഹചര്യങ്ങളില്‍ അവര്‍ പലപ്പോഴും വിജയം കൈവരിക്കുന്നു. സര്‍ഗാത്മകതയെയും അവ്യക്തതയോടുള്ള സഹിഷ്ണുതയെയും കുറിച്ച് നടത്തിയ ഒരു പഠനത്തില്‍, അനിശ്ചിതത്വത്തില്‍ ആളുകള്‍ എത്രത്തോളം സുഖകരമായിരിക്കുന്നു എന്നതും സര്‍ഗാത്മകത പുലര്‍ത്താനുള്ള അവരുടെ കഴിവും തമ്മില്‍ പ്രധാന ബന്ധമുള്ളതായി കണ്ടെത്തി. അവ്യക്തതയോട് കൂടുതല്‍ സഹിഷ്ണുതയുള്ളവരാണെങ്കില്‍ കഥകള്‍ എഴുതുന്നത് പോലുള്ള സൃഷ്ടിപരമായ ജോലികളില്‍ അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കും.
10 – ചിന്തയിലും പ്രവൃത്തിയിലും തീവ്രമായ ഏകാഗ്രത
ഒരു പ്രവര്‍ത്തനത്തില്‍ തീവ്രമായ ശ്രദ്ധയും മുഴുകലും ഉള്ള അവസ്ഥയാണ് ഒഴുക്ക്. പ്രതിഭകള്‍ പലപ്പോഴും ഈ അവസ്ഥയില്‍ എത്തുന്നു. അവിടെ അവര്‍ സമയത്തിന്റെ ട്രാക്ക് നഷ്ടപ്പെട്ട് പൂര്‍ണമായും തങ്ങളുടെ ജോലിയില്‍ മുഴുകുന്നു. ഈ ശ്രദ്ധാ നിലവാരം അവരെ ഉയര്‍ന്ന അളവിലുള്ള സര്‍ഗാത്മകതയും ഉല്‍പാദനക്ഷമതയും കൈവരിക്കാന്‍ അനുവദിക്കുന്നു.
പരിചയസമ്പന്നരായ സംഗീതജ്ഞര്‍ ഈ അവസ്ഥയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശിക്കുന്നതായി ജാസ് ഇംപ്രൊവൈസേഷനെ കുറിച്ചുള്ള ഗവേഷണം വെളിപ്പെടുത്തുന്നു. പലപ്പോഴും സുഗമവും സഹജവുമായ പ്രകടനത്തെ പിന്തുണക്കുന്ന തലച്ചോറ് പാറ്റേണുകള്‍ അവര്‍ പ്രകടിപ്പിക്കുന്നു. ഈ കേന്ദ്രീകൃത അവസ്ഥകളില്‍ തലച്ചോറിന്റെ ഡിഫോള്‍ട്ട് മോഡ് നെറ്റ്വര്‍ക്കിലെ പ്രവര്‍ത്തനം കുറയുന്നു. ഇത് സ്വയം അവബോധത്തിന്റെ ഇടപെടല്‍ കുറക്കുന്നു.
കുറഞ്ഞ വൈജ്ഞാനിക ചിന്തയോടെ, വിപ്ലവകരവും സൃഷ്ടിപരവുമായ ഫലങ്ങള്‍ നല്‍കുന്ന ശ്രദ്ധാകേന്ദ്രം പ്രയോജനപ്പെടുത്താന്‍ ആഴത്തിലുള്ള വൈദഗ്ധ്യം അവരെ അനുവദിക്കുന്നു. അതുകൊണ്ടു തന്നെ, പ്രതിഭകളെ അവര്‍ അറിയപ്പെടുന്ന അസാധാരണമായ സര്‍ഗാത്മകതയുടെയും ഉല്‍പാദനക്ഷമതയുടെയും തലങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന പ്രധാന സംവിധാനമാണ് ഒഴുക്കിന്റെ അവസ്ഥ.
11 – ഏകാന്തത ഇഷ്ടപ്പെടല്‍
എല്ലാ പ്രതിഭകളും അന്തര്‍മുഖരല്ലെങ്കിലും, പലരും തങ്ങളുടെ ഊര്‍ജം വീണ്ടെടുക്കാനും ചിന്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏകാന്തത ഇഷ്ടപ്പെടുന്നു. ഒറ്റക്ക് സമയം ചെലവഴിക്കുന്നത് ആഴത്തിലുള്ള ചിന്ത, ആത്മപരിശോധന, ശ്രദ്ധ വ്യതിചലിക്കാതെ സ്വന്തം പദ്ധതികള്‍ പിന്തുടരാനുള്ള കഴിവ് എന്നിവക്ക് സഹായിക്കും. സ്വന്തം ചിന്തകളുമായി ആഴത്തില്‍ ബന്ധപ്പെടാനുള്ള അവസരമാണ് പലപ്പോഴും ഏകാന്തത.
ഒറ്റക്ക് സമയം ചെലവഴിക്കുന്നത് ഭാവനാത്മക ചിന്തയെ ഉത്തേജിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. ഏകാന്തത ഇഷ്ടപ്പെടുന്ന ആളുകള്‍ പലപ്പോഴും കൂടുതല്‍ സര്‍ഗാത്മകരാകുന്നു. കാരണം അവര്‍ക്ക് ശ്രദ്ധ തടസ്സപ്പെടാതെ ചിന്തകളില്‍ ആഴത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഒറ്റക്ക് പ്രവര്‍ത്തിക്കുമ്പോള്‍ പല സര്‍ഗാത്മക ആളുകളും പ്രതിഭകളും തങ്ങളുടെ പരമാവധി ചെയ്യുന്നു എന്ന ആശയവുമായി ഇത് പൊരുത്തപ്പെടുന്നു. ഏകാന്തത അവര്‍ക്ക് പുതിയ ആശയങ്ങള്‍ ചിന്തിക്കാനും പര്യവേക്ഷണം ചെയ്യാനും ശാന്തമായ ഇടം നല്‍കുന്നു.