അബഹ – അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് 17 നുഴഞ്ഞുകയറ്റക്കാരെ കടത്തിയ സ്വദേശി യുവാവിനെ അസീര്‍ പ്രവിശ്യ മുജാഹിദീന്‍ സുരക്ഷാ വകുപ്പ് അറസ്റ്റ് ചെയ്തു. യെമന്‍, എത്യോപ്യന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെയാണ് യുവാവ് കടത്താന്‍ ശ്രമിച്ചത്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് നാടുകടത്താന്‍ നിയമ ലംഘകരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ സൗദി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും മറ്റു സഹായങ്ങളും നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവ്, പത്തു ലക്ഷം റിയാല്‍ വരെ പിഴ, യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനവും അഭയം നല്‍കാന്‍ ഉപയോഗികുന്ന പാര്‍പ്പിടവും കണ്ടുകെട്ടല്‍ എന്നീ ശിക്ഷകള്‍ ലഭിക്കുമെന്ന് മുജാഹിദീന്‍ സുരക്ഷാ സേന പറഞ്ഞു. ഇഖാമ, തൊഴില്‍ നിയമ ലംഘകരയെും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്ന് മുജാഹിദീന്‍ സുരക്ഷാ സേനാ വക്താവ് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും വിവരം നല്‍കുന്നവര്‍ യാതൊരു ബാധ്യതയും ഏല്‍ക്കേണ്ടിവരില്ലെന്നും മുജാഹിദീന്‍ സുരക്ഷാ സേനാ വക്താവ് പറഞ്ഞു.



