കുവൈത്ത് സിറ്റി: വ്യാജ പേരുകളിൽ 16 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നടത്തിയ കുവൈത്തി യുവാവിനെ കുവൈത്ത് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. പണത്തിനു പകരമായി നിരവധി കുവൈത്തി പൗരന്മാരെ അപമാനിക്കാനും കിംവദന്തികൾ പ്രചരിപ്പിക്കാനുമാണ് പ്രതി ഈ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നത്. രണ്ടു സുഹൃത്തുക്കൾക്കൊപ്പം ഷോപ്പിംഗ് മാളിൽ നിൽക്കുമ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വ്യാജ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഏതാനും മൊബൈൽ ഫോണുകൾ പ്രതിയുടെ പക്കൽ കണ്ടെത്തി. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മറ്റൊരു മൊബൈൽ ഫോൺ കൂടി കണ്ടെത്തി. വ്യത്യസ്ത ഇനം മയക്കുമരുന്നുകളും ഇറക്കുമതി ചെയ്ത മദ്യക്കുപ്പികളും പ്രതിയുടെ താമസസ്ഥലത്ത് കണ്ടെത്തി.
തെറ്റായ വാർത്തകളും ദുരുദ്ദേശ്യപരമായ കിംവദന്തികളും പ്രചരിപ്പിക്കാനും കുവൈത്തി പൗരന്മാരെ അപമാനിക്കാനും നിരവധി വ്യാജ അക്കൗണ്ടുകൾ നടത്തിയിരുന്നതായി പ്രതി കുറ്റസമ്മതം നടത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുർക്കിയിൽ താമസിക്കുന്ന ആന്റിഗ്വ, ബർബുഡ പൗരനായ വ്യക്തിയുമായി ആശയവിനിമയം നടത്തുകയും സഹകരിക്കുകയും ചെയ്തതായും പണത്തിനു പകരമായി തങ്ങൾ ഇരുവരും സംയുക്തമായാണ് വ്യാജ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നെന്നും യുവാവ് മൊഴി നൽകി. മറ്റൊരാളെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയെ നേരത്തെ കോടതി മൂന്നു വർഷം തടവിന് ശിക്ഷിച്ചിരുന്നു.