മസ്കത്ത്– ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ ഒമാനിൽ പണി പൂർത്തിയാവുന്നു. സീബ് വിലായത്തിലെ അൽ ഖുദിൽ നിർമ്മാണം പുരോഗമിക്കുന്ന ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. 500 ഹെക്ടറിൽ വ്യാപിച്ചിരിക്കുന്ന ഈ ഗാർഡൻ, പൂര്‍ത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ സസ്യോദ്യാനമാകുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി നേരിൽവന്ന് വിലയിരുത്തി. നിർമ്മാണ പ്രവർത്തനങ്ങളും ലാൻഡ്സ്കേപിംഗ് ആസൂത്രണവും ഉൾപ്പെടെയുള്ള പുതിയ അപ്‌ഡേറ്റുകൾ അദ്ദേഹം വിശദീകരിച്ചു. പദ്ധതി സംഘത്തിന്റെ തൊഴിൽ നിഷ്ഠയും സംരംഭത്തെപ്പറ്റിയുള്ള ദൃഢനിശ്ചയവും അദ്ദേഹം പ്രശംസിച്ചു.
ഒമാന്റെ സമൃദ്ധമായ സസ്യ വൈവിധ്യവും കാർഷിക പൈതൃകവും സംരക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 1407 ഇനങ്ങൾ ഉള്ള പ്രാദേശിക ചെടികൾ സംരക്ഷിക്കപ്പെടുന്ന ഈ ബൊട്ടാണിക്കൽ ഗാർഡൻ, രാജ്യത്തിൻ്റെ ഇക്കോ ടൂറിസം മേഖലയിൽ വലിയ ഒരു ചുവടുവെപ്പാകും.
പദ്ധതിയിൽ ഉൾപ്പെടുന്നത് സന്ദർശക കേന്ദ്രം, ഒമാനിലെ വിവിധ പരിസ്ഥിതി മേഖലയെ പ്രതിനിധീകരിക്കുന്ന പ്രത്യേക സെക്ഷനുകൾ, കാർഷിക നഴ്‌സറി വിഭാഗം, ലബോറട്ടറി, കുട്ടികൾക്കും ഗവേഷകർക്കുമായി പ്രത്യേകം ഒരുക്കുന്ന പഠന കേന്ദ്രങ്ങൾ തുടങ്ങിയവയാണ്. രാജ്യാന്തര ഗവേഷകർക്കായി പാർപ്പിട സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണവും വിദ്യാഭ്യാസത്തിലൂടെ ബോധവൽക്കരണവും ലക്ഷ്യമിടുന്ന ഈ പ്രൊജക്റ്റ്, ഒമാനിലെ ഏറ്റവും ശ്രദ്ധേയമായ പ്രകൃതിദത്ത-സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായി മാറും എന്നുറപ്പാണ്.