അബുദാബി– വിവാഹ മോചനത്തിന് 2,270 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കരീബീയൻ യുവതി അബുദാബി കോടതിയിൽ. ഏറെ കാലമായി യുഎഇ താമസിച്ചു വരികയാണ് യുവതി. വിവാഹമോചനത്തിനായി യുവതി ആവശ്യപ്പെട്ട പണം ലഭിക്കുകയാണെങ്കിൽ ഒരുപക്ഷെ ഗൾഫ് രാജ്യങ്ങളിൽ തന്നെ ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ നഷ്ടപരിഹാര തുകയായി ഇതുമാറുമെന്നും യുവതിയുടെ അഭിഭാഷക ബൈറൺ ജെയിംസ് പറഞ്ഞു. കരീബിയയിൽ നിന്നുള്ള മുസ്ലിം ദമ്പതികളാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
വിവാഹസമയത്ത് ഇരുവരും ഒരുമിച്ച് സമ്പാദിച്ചത് വിവാഹമോചനസമയത്തും കൃത്യമായി വിഭജിക്കണമെന്ന് ബൈറൺ ജെയിംസ് പറഞ്ഞു. സമ്പാദിച്ച പണം, നിക്ഷേപങ്ങൾ,കുട്ടികളുടെ സംരക്ഷണം തുടങ്ങിയ കാര്യത്തിലും കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ നിയമവ്യവസ്ഥ സങ്കീർണ്ണമായ കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതും നീതിബോധം, സുതാര്യത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
“യുഎഇ ഇപ്പോൾ വെറുമൊരു സാമ്പത്തിക കേന്ദ്രമല്ല, ആളുകൾ അവരുടെ ജീവിതം കെട്ടിപ്പടുക്കുന്ന സ്ഥലമാണിത്. അതിൽ ബന്ധങ്ങൾ, കുടുംബങ്ങൾ, സ്വത്തുക്കൾ, ഭാവി എന്നിവ ഉൾപ്പെടുന്നു. ഉയർന്ന ആസ്തിയുള്ള വ്യക്തികൾ ഇവിടെ സ്ഥിരതാമസമാക്കും, ബന്ധങ്ങൾ തകരുമ്പോൾ അവർ സ്വാഭാവികമായും കോടതികളെ ആശ്രയിക്കുകയും ചെയ്യും.” ബൈറൺ ജെയിംസ് പറഞ്ഞു