ദുബൈ– വിസ് എയർ പ്രവർത്തനം അവസാനിപ്പിക്കുന്നതിന് പിന്നാലെ യുഎഇ റാഞ്ചാൻ എയർ അറേബ്യ. പുതിയ രണ്ട് എയർബസ് എ320 വിമാനങ്ങൾ കൂടി കൊണ്ടുവരുന്നതിലൂടെ തങ്ങളുടെ വിമാന കമ്പനി വിപുലീകരിക്കുകയാണ് എയർ അറേബ്യ. ഇതോടെ അവരുടെ മൊത്തം വിമാനങ്ങളുടെ എണ്ണം 12 ആയി. 2025 അവസാനിക്കുന്നതിന് മുമ്പായി രണ്ട് വിമാനങ്ങൾ കൂടി എത്തിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
രണ്ട് വിമാനങ്ങൾ കൂടി എയർ അറേബ്യ കൊണ്ടുവരുകയാണെങ്കിൽ വർഷാവസാനത്തോടെ കമ്പനിയുടെ ഓഹരി വിപണിയിൽ 40 ശതമാനം വരെ വളർച്ച ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദർ ചൂണ്ടികാണിക്കുന്നത്. ഇത് യുഎഇയുടെ വ്യോമയാന മേഖലയുടെ വളർച്ചയും എമിറേറ്റിന്റെ വിശാലമായ സാമ്പത്തിക വികസനത്തിനവും എയർ അറേബ്യയിലൂടെ സാധ്യമാകും എന്നാണ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
“പുതിയ വിമാനങ്ങൾ വാങ്ങിക്കുന്നതിലൂടെയും കമ്പനി വിപുലീകരിക്കുന്നതിലൂടെയും ഞങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും കമ്പനിയുടെ നെറ്റ്‍വർക്ക് വർദ്ധിപ്പിക്കുന്നതിനായുള്ള ഞങ്ങളുടെ പ്രതിബദ്ധത തുറന്നുകാണിക്കുന്നു. ഈ വളർച്ച അബുദാബിയിലേക്കും തിരിച്ചുമുള്ള വിമാന യാത്രയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയെ ചൂണ്ടികാണിക്കുന്നു,” എയർ അറേബ്യ ഗ്രൂപ്പ് സിഇഒ ആദേൽ അൽ അലി പറഞ്ഞു.


എയർ അറേബ്യയുടെ സമീപകാലങ്ങളിൽ യെരേവൻ, അൽമാറ്റി, സിയാൽകോട്ട് എന്നിവിടങ്ങളിലേക്കുള്ള നെറ്റ്‌വർക്ക് വിപുലീകരിച്ചിരുന്നു. എയർ അറേബ്യ ഇപ്പോൾ അബുദാബിയെ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, മധ്യേഷ്യ, ഇന്ത്യൻ ഉപഭൂഖണ്ഡം, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലായി 30-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് നോൺ-സ്റ്റോപ്പ് സർവീസുമായി ബന്ധിപ്പിക്കുന്നു, ഇത് താമസക്കാർക്കും ബിസിനസുകൾക്കും സന്ദർശകർക്കും ഒരുപോലെ തടസ്സമില്ലാത്ത യാത്രാ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു
മുമ്പേ പറക്കുന്ന എത്തിഹാദ്


എയർ അറേബ്യ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ അൽമാറ്റി, ബാക്കു, ബുക്കാറെസ്റ്റ്, മദീന, ടിബിലിസി, താഷ്‌കന്റ്, യെരേവാൻ എന്നിവയുൾപ്പെടെ ഏഴ് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കുമെന്ന് എത്തിഹാദ് എയർവേയ്‌സ് പ്രഖ്യാപിച്ചിരുന്നു. വിമാനങ്ങൾ ഉടൻ തന്നെ ലഭിക്കുമെങ്കിലും 2026 മാർച്ചിൽ ആയിരിക്കും സർവീസുകൾ ആരംഭിക്കുക. സീസണൽ സർവീസുകളുടെയും, നിലവിലുള്ള റൂട്ടുകളുടെയും, പുതിയ പ്രഖ്യാപനങ്ങൾ അടക്കം, 2025ൽ എത്തിഹാദ് എയർവേസിന്റെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 29 ആയി.
ഇത്തിഹാദിന്റെ സിഇഒ അന്റോണാൽഡോ നെവസ് പറഞ്ഞു: “ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണ്, കൂടുതൽ ആളുകളെ നേരിട്ട് അബുദാബിയിലേക്ക് കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ പുതിയ റൂട്ടുകൾ ഞങ്ങളെ അതിവേഗം വളരുന്ന, സാംസ്കാരികമായി സമ്പന്നമായ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുകയും യുഎഇയുടെ തലസ്ഥാനത്തെ ടൂറിസത്തിനും വ്യാപാരത്തിനുമുള്ള ആവശ്യം ഉത്തേജിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.”
ഈ വർഷം പ്രാഗ്, വാർസോ, സോച്ചി, അറ്റ്ലാന്റ എന്നീ നാല് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഉദ്ഘാടന വിമാന സർവീസ് നടത്തിയത് ഇത്തിഹാദ് ആഘോഷിച്ചു കഴിഞ്ഞു, കൂടാതെ വർഷം അവസാനിക്കുന്നതിന് മുമ്പ് 13 റൂട്ടുകൾ കൂടി ചേർക്കാൻ ഒരുങ്ങുകയാണ്. 2026 ലേക്കുള്ള മൂന്ന് പുതിയ സീസണൽ വേനൽക്കാല സ്ഥലങ്ങളിലേക്ക് ഇത്തിഹാദ് സർവീസ് നടത്തുമെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ്, പോളണ്ടിലെ ക്രാക്കോ, ഒമാനിലെ സലാല, റഷ്യയിലെ കസാൻ, എന്നിവിടങ്ങളിലേക്കും തിരക്കേറിയ യാത്രാ മാസങ്ങളിൽ സർവീസ് നടത്താൻ ഒരുങ്ങുന്നതായി എത്തിഹാദ് അറിയിക്കുന്നത്.


എഞ്ചിൻ പ്രശ്നങ്ങൾ, പ്രാദേശിക സംഘർഷങ്ങൾ, നിയന്ത്രണ തടസ്സങ്ങൾ എന്നിവ കാരണം 2025 സെപ്റ്റംബർ 1 മുതൽ വിസ് എയർ തൻറെ എല്ലാ അബുദാബി വിമാനങ്ങളും നിർത്തുമെന്ന് തിങ്കളാഴ്ചയാണ് അറിയിച്ചത്. ഹംഗറി ആസ്ഥാനമായുള്ള വിമാനക്കമ്പനിയുടെ ചെലവ് കുറയ്ക്കുന്നത് ഈ പ്രശ്നങ്ങൾ ബുദ്ധിമുട്ടാക്കി, അതിനാൽ വിസ് എയർ അതിന്റെ പ്രധാന വിപണിയായ യൂറോപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായാണ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.