അബുദാബി- ഒപെക് നിശ്ചയിക്കുന്ന ഉൽപാദന നിയന്ത്രണങ്ങളിൽ നിന്ന് മാറി സ്വന്തം താൽപ്പര്യപ്രകാരം എണ്ണയുൽപാദനം വൻതോതിൽ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെട്രോളിയം ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ നിന്നും റഷ്യ ഉൾപ്പെടുന്ന ഒപെക് പ്ലസ് സഖ്യത്തിൽ നിന്നും പിന്മാറാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് തീരുമാനിച്ചത്. 2027 ഓടെ പ്രതിദിന ഉൽപാദനം 50 ലക്ഷം ബാരലായി വർധിപ്പിക്കാനാണ് രാജ്യം പദ്ധതിയിടുന്നത്. ആഗോള വിപണിയിലെ എണ്ണയുടെ ആവശ്യകത കണക്കിലെടുത്ത് വിതരണത്തിലെ വിടവ് നികത്താൻ കഴിവുള്ള ഉത്തരവാദിത്തപ്പെട്ട ഉൽപാദക രാജ്യമായി തുടരാനാണ് യു.എ.ഇ ആഗ്രഹിക്കുന്നതെന്ന് ഊർജ മന്ത്രി സുഹൈൽ മുഹമ്മദ് അൽമസ്‌റൂഇ വ്യക്തമാക്കി.
എണ്ണ, വാതക മേഖലയിലെ നയങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തന്ത്രപരമായ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിൽ കൂടുതൽ വേഗത്തിൽ തീരുമാനമെടുക്കാൻ ഈ പിന്മാറ്റം രാജ്യത്തെ സഹായിക്കും. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതിനെത്തുടർന്ന് പല രാജ്യങ്ങളുടെയും എണ്ണശേഖരത്തിൽ കുറവുണ്ടായിട്ടുണ്ട്. ഈ കുറവ് നികത്താനും വിപണിയിൽ സ്ഥിരത ഉറപ്പാക്കാനുമാണ് യു.എ.ഇ പുതിയ ഉൽപാദന തന്ത്രം ആവിഷ്കരിച്ചിരിക്കുന്നത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഒപെക്കുമായുള്ള സഹകരണത്തെ രാജ്യം വിലമതിക്കുന്നുണ്ടെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ വ്യത്യസ്തമായ സമീപനം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്മാറാനുള്ള തീരുമാനം അറിയിച്ച് യു.എ.ഇ ഇതിനകം തന്നെ സൗദി ഊർജ മന്ത്രിക്കും ഒപെക് ഭാരവാഹികൾക്കും കത്തയച്ചിട്ടുണ്ട്. ഇതൊരു രാഷ്ട്രീയ തീരുമാനമല്ലെന്നും മറിച്ച് വിപണിയിലെ മുൻനിരയിൽ നിൽക്കാനുള്ള തന്ത്രപരമായ ചുവടുവെപ്പാണെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ യു.എ.ഇയുടെ ഈ പ്രഖ്യാപനം ഖേദകരമാണെന്ന് സൗദി പെട്രോളിയം മന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ഡോ. മുഹമ്മദ് സുറൂർ അൽസ്വബ്ബാൻ പ്രതികരിച്ചു. യു.എ.ഇ ഒരു പരമാധികാര രാഷ്ട്രമായതിനാൽ അവർക്ക് സ്വന്തം താൽപ്പര്യം സംരക്ഷിക്കാൻ അവകാശമുണ്ടെന്നും, യു.എ.ഇ പിന്മാറുന്നതിലൂടെയുണ്ടാകുന്ന വിടവ് നികത്താൻ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുന്നതിനാൽ കയറ്റുമതി പരിമിതമാണെന്നും അതുകൊണ്ട് തന്നെ യു.എ.ഇയുടെ ഈ തീരുമാനത്തിന് വിപണിയിൽ ഇപ്പോൾ ഉടനടി വലിയ സ്വാധീനമുണ്ടാകില്ലെന്നും സാമ്പത്തിക വിദഗ്ധനായ ഡോ. അനസ് ഹജി അഭിപ്രായപ്പെട്ടു. കടലിടുക്ക് തുറന്ന് കയറ്റുമതി വർധിക്കുമ്പോൾ മാത്രമേ ഇതിന്റെ ആഘാതം പ്രകടമാകൂ. 59 വർഷമായി ഒപെക്കിൽ അംഗമായ ഒരു രാജ്യം പിന്മാറുന്നത് രാഷ്ട്രീയമായും മാനസികമായും വിപണിയെ ബാധിച്ചേക്കാം. എങ്കിലും ഭാവിയിൽ ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാവുകയും എണ്ണ ഉൽപാദനം കുറയ്ക്കേണ്ട സാഹചര്യം വരികയും ചെയ്താൽ, യു.എ.ഇയുടെ ഈ സ്വതന്ത്രമായ നിലപാട് വലിയ പ്രതിസന്ധികൾക്ക് കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



