ദുബൈ– ദുബൈയിലെ ബാങ്ക് കൺസൾട്ടന്റായ ഇന്ത്യൻ പ്രവാസിയെ കബളിപ്പിച്ച് വാട്ട്‌സാപ് ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിയെടുത്തത് 23 ലക്ഷത്തോളം(100,000 ദിർഹം) രൂപ. സതീഷ് ഗഡ്ഡെ എന്ന ബാങ്ക് ജീവനക്കാരൻ വായ്പയിലൂടെ കടം വാങ്ങിയ പൈസയായിരുന്നു ട്രേഡിംഗിനായി നിക്ഷേപിച്ചിരുന്നത്. പണം മുഴുവൻ നഷ്ട്ടപ്പെട്ട അദ്ദേഹം നിലവിൽ പ്രതിമാസം തന്റെ ശമ്പളത്തിന്റെ പകുതിയിലധികം വായ്പയ്ക്കായി തിരിച്ചടക്കേണ്ടി വന്നിരിക്കുകയാണ്. ഇതേ തുടർന്ന് ദുബൈ പൊലീസിന് പരാതി നൽകിയിരിക്കുകയാണ് സതീഷ്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവങ്ങളുടെ തുടക്കം. ദുബൈയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ സതീഷിന് വാട്സാപ്പിലൂടെ പ്രതിമാസം 14,000 ദിർഹം (മൂന്നര ലക്ഷം രൂപ) ഓൺലൈൻ ട്രേഡിംഗ് വഴി സമ്പാദിക്കാമെന്ന് സന്ദേശം വരുന്നത്. തുടക്കത്തിൽ ഇത് അവഗണിച്ച സതീഷ് പക്ഷേ പിന്നീട് ഇവരുടെ മോഹന വാഗ്ദാനങ്ങളിൽ വീഴുകയായിരുന്നു.തുടർന്ന് അദ്ദേഹത്തെ സ്റ്റോക്ക് മാർക്കറ്റ് സ്ട്രാറ്റജി സി4 എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തു.ഗ്രൂപ്പിൽ 137 അംഗങ്ങളുണ്ടായിരുന്നു, ഇന്ത്യൻ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്ന അഡ്മിൻമാരാണ് ഇത് പ്രവർത്തിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. വിശ്വാസ്യത വളർത്തിയെടുക്കാൻ ഗ്രൂപ്പിലെ അംഗങ്ങൾ വലിയ ലാഭത്തിന്റെയും നിക്ഷേപ സ്ലിപ്പുകളുടെയും സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്യുന്നത് താൻ കാണാൻ തുടങ്ങി. ഒടുവിൽ, അഡ്മിൻമാരിൽ ഒരാളിൽ നിന്ന് അദ്ദേഹത്തിന് ഒരു സ്വകാര്യ സന്ദേശം ലഭിക്കുകയായിരുന്നു. കൂടുതൽ പണം സമ്പാദിക്കാമെന്ന വാഗ്ദാനവും ഉണ്ടായി. അടുത്ത കുറച്ച് ദിവസങ്ങളിൽ, ഗാഡ്ഡെയെ ArmorCapital.net എന്ന പ്ലാറ്റ്‌ഫോമിൽ ഒരു ട്രേഡിംഗ് അക്കൗണ്ട് തുറക്കാൻ പ്രോത്സാഹിപ്പിച്ചു. അഡ്മിന്റെ നിർദ്ദേശങ്ങൾ പാലിച്ച് അദ്ദേഹം യുഎഇ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ട് ഗഡുക്കളായി 65,000 ദിർഹം അയച്ചു. കൂടാതെ, തന്റെ ഇന്ത്യൻ അക്കൗണ്ടുകളിൽ നിന്ന് 800,000 രൂപ (ഏകദേശം 35,000 ദിർഹം) തട്ടിപ്പുകാർ നൽകിയ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കും ട്രാൻസ്ഫർ ചെയ്തു.
തനിക്ക് തുടക്കത്തിൽ തന്നെ സംശയങ്ങളുണ്ടായിരുന്നുവെന്നും പക്ഷേ അവർ ഔദ്യോഗിക രേഖകൾ പോലെ തോന്നിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ഒരു കമ്പനി രജിസ്ട്രേഷനും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഒരു സർട്ടിഫിക്കറ്റും കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു. ഈ സർട്ടിഫിക്കറ്റുകളൊക്കെ പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞുവെന്നും സതീഷ് ഖലീജ് ടൈംസിനോട് പറഞ്ഞു.


ഫണ്ടുകൾ നിക്ഷേപിച്ചുകഴിഞ്ഞതോടെ, വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലെ ഗാഡ്ഡെയുടെ അക്കൗണ്ട് സ്ഥിരമായ ലാഭം കാണിക്കാൻ തുടങ്ങി. “അവിടെ തത്സമയ ചാർട്ടുകളും ഗ്രാഫുകളും ഉണ്ടായിരുന്നു. ഞാൻ മണിക്കൂറുകളോളം സ്‌ക്രീനിൽ നോക്കി നിൽക്കുമായിരുന്നു. അത് സത്യമാണെന്ന് തോന്നിയെന്നും ഗാഡ്ഡെ പറഞ്ഞു.
പിന്നീടായിരുന്നു തട്ടിപ്പിന്റെ പ്രധാനഘട്ടമെത്തിയത്. അക്കൗണ്ട് മാനേജർ എന്ന് വിളിക്കപ്പെടുന്നയാൾ തന്റെ പേരിൽ ഒരു ഐപിഒ വാങ്ങിയെന്നും താൻ മറ്റൊരു 620,000 ദിർഹം കൂടി നിക്ഷേപിച്ചില്ലെങ്കിൽ തന്റെ മുഴുവൻ നിക്ഷേപവും നഷ്ടപ്പെടുമെന്നും പറഞ്ഞ് സന്ദേശമയച്ചു. തുടർന്ന് ഭയവും, സംശയവും നിറഞ്ഞ ഗാഡ്ഡെ തന്റെ നിസ്സഹായാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും പിന്നീട് മറുപടികളൊന്നും ലഭിച്ചില്ല. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വെബ്സൈറ്റ് അപ്രത്യക്ഷമായി.
തുടർന്നുള്ള ദിവസങ്ങളിൽ, ആരെയെങ്കിലും ബന്ധപ്പെടാമെന്ന പ്രതീക്ഷയിൽ അദ്ദേഹം വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നിരവധി നമ്പറുകളിലേക്ക് ഡയൽ ചെയ്തു. “മിക്കതും സ്വിച്ച് ഓഫ് ആയിരുന്നു. ചിലത് റിംഗ് ചെയ്യും, എടുത്ത ഉടൻ പക്ഷേ തന്റെ കേസ് ഉന്നയിച്ച നിമിഷം കോൾ കട്ട് ചെയ്യുമെന്നും അദ്ദേഹം പറയുന്നു. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.
സമീപ മാസങ്ങളിൽ തന്നെ ഇന്ത്യയിലും യുഎഇയിലും കോൾ സെന്ററുകൾ വഴി നിരവധി വ്യാജ ട്രേഡിംഗ് ഇടപാടുകൾ പൊലീസ് കണ്ടെത്തിയിരുന്നു.