റിയാദ്– പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വയനാട് കല്‍പ്പറ്റ സ്വദേശിനിയായ ഉംറ തീര്‍ഥാടക കെഎംസിസിയുടെ സഹായത്താല്‍ നാട്ടിലെത്തി. വയനാട്ടില്‍ നിന്ന് ഉംറ ഗ്രൂപ്പില്‍ വന്ന സഫിയയുടെ പാസ്‌പോര്‍ട്ട് മദീനയില്‍ നിന്നും ദമാമിലേക്കുള്ള യാത്ര മധ്യേ നഷ്ടപ്പെട്ട വിവരം അറിയുന്നത് ദമ്മാം എയര്‍പോര്‍ട്ടില്‍ വെച്ചാണ്. തുടര്‍ന്ന് ഗ്രൂപ്പിലുള്ള സഹ തീര്‍ത്ഥാടകരും അമീറുമടക്കം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. ഇവരുടെ വിവരങ്ങള്‍ അറിഞ്ഞ ദമാം കെഎംസിസി നേതാവ് ഇഖ്ബാല്‍ ആനമങ്ങാട് അവരെ വീട്ടിലേക്ക് കൊണ്ടുപോവുകയും സാമൂഹ്യ പ്രവര്‍ത്തകന്‍ ഷാജി വയനാടിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പുതിയ പാസ്‌പോര്‍ട്ടിനുള്ള രേഖകള്‍ ശരിയാക്കി.അപ്പോഴേക്കും വിവരമറിഞ്ഞു അബഹയില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന മകന്‍ നൗഫല്‍ ദമാമില്‍ എത്തിയിരുന്നു. ബുധനാഴ്ച രാത്രി വൈകി ഉമ്മയും മകനും താല്‍കാലിക പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് വേണ്ടി റിയാദില്‍ എത്തി. അവര്‍ക്ക് വേണ്ട താമസസൗകര്യങ്ങള്‍ റിയാദ് വയനാട് ജില്ലാ ഭാരവാഹികളായ ഷറഫ് കുമ്പളാട്, സുധീര്‍ ചൂരല്‍മല എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു.
തുടര്‍ന്ന് റിയാദ് സെന്‍ട്രല്‍ കമ്മിറ്റികെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നിര്‍ദ്ദേശാനുസരണം അഷ്‌റഫ് മാണ്ടാട്, ആബിദ് വയനാട്, റഷീദ് ഹുദവി, ഷഹീര്‍ റിപ്പണ്‍ എന്നിവരുടെ കൂടെ വ്യാഴാഴ്ച തന്നെ എംബസിയില്‍ നിന്നുള്ള താല്‍കാലിക പാസ്‌പോര്‍ട്ട് കരാസ്ഥമാക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ വയനാട് ജില്ലാ കെഎംസിസിഎടുത്തുകൊടുത്ത ടിക്കറ്റില്‍ സഫിയ നാട്ടിലേക്ക് തിരിച്ചു.
ഉംറക്ക് തീര്‍ഥാടകരെ കൊണ്ടുവരുന്ന ഗ്രൂപ്പുകള്‍ പലപ്പോഴും ദമ്മാം എയര്‍പോര്‍ട്ട് തെരഞ്ഞെടുക്കുമ്പോള്‍ ബസ് വഴിയുടെ ദൂര യാത്രയടക്കം തീര്‍ത്ഥാടകര്‍ക്ക് വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അമീര്‍മാര്‍ പലപ്പോഴും ഉത്തരവാദിത്വങ്ങള്‍ നല്ല രീതിയില്‍ ചെയ്യുന്നില്ലെന്നതും ഇത് ഗൗരവകരമായ കാര്യമാണെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു.



