കുവൈത്ത് സിറ്റി– നിയമ വിരുദ്ധമായി വാഹനമോടിക്കുന്ന, രേഖകൾ കൃത്യമല്ലാത്തവരെ പിന്തുടരാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ പരിശോധന ശക്തമാക്കി കുവൈത്ത്.
നിർമ്മിത ബുദ്ധിയുമായി സംയോജിപ്പിച്ച സാങ്കേതിക സംവിധാനത്തോട് കൂടിയ പുതിയ ഹൈടെക് സുരക്ഷാ പട്രോള്‍ വാഹനങ്ങളാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് ആധുനിക സാങ്കേതിക വിദ്യകളോടുകൂടിയ സുരക്ഷാ പട്രോള്‍ വാഹനം പുറത്തിറക്കിയതെന്ന് അധികൃതർ അറിയിച്ചു.
മുഖം തിരിച്ചറിയല്‍ സംവിധാനത്തോടെയുള്ള സ്മാര്‍ട്ട് മൊബൈല്‍ ക്യാമറ, വാഹന ലൈസന്‍സ് പ്ലേറ്റ് സ്‌കാനര്‍, പോര്‍ട്ടബിള്‍ വിരലടയാള തിരിച്ചറിയല്‍ ഉപകരണം തുടങ്ങിയവയെല്ലാം പുതിയ പട്രോള്‍ വാഹനത്തിലുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക സംവിധാനത്തോടെ ചിത്രങ്ങള്‍ നേരിട്ട് ആഭ്യന്തര മന്ത്രാലയ ഡാറ്റാബേസുമായി പരിശോധന നടത്തി അതിവേഗം തിരിച്ചറിയാന്‍ കഴിയും. വ്യക്തികളെയും വാഹനങ്ങളെയും കൃത്യമായി ഈ സംവിധാനത്തിലൂടെ തിരിച്ചറിയാം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും നടപടികളുടെ കൃത്യതയും വര്‍ധിപ്പിക്കാന്‍ വലിയ പിന്തുണ നല്‍കുന്ന ഈ നീക്കം കുവൈത്ത് സുരക്ഷാ രംഗത്ത് മുതൽക്കൂട്ടായ നടപടിയാണ്.



