മനാമ– മുൻ ബിസിനസ് പങ്കാളിക്ക് ലഭിക്കേണ്ട ലാഭം നൽകാത്തതിന് വാണിജ്യ കമ്പനിക്കെതിരെ 13,597 ബഹ്റൈൻ ദിനാർ(ഏകദേശം 30 ലക്ഷം രൂപ) അടയ്ക്കാൻ ബഹ്‌റൈൻ ഹൈ സിവിൽ കോടതി ഉത്തരവിട്ടു. 2019 മുതൽ 2023 വരെയുള്ള കാലഘട്ടത്തിലെ ലാഭവിഹിതവും ബോർഡ് ആനുകൂല്യങ്ങളടക്കവുമാണ് ഈ തുകയിലുള്‍പ്പെട്ടിരിക്കുന്നത്. ലാഭത്തിൽ നിന്നുള്ള പങ്കാളിയുടെ അർഹിക്കുന്ന വിഹിതം കമ്പനി നൽകിയിരുന്നില്ല എന്ന് കോടതി കണ്ടെത്തി. കമ്പനി ലാഭം നേടിയതായി സാക്ഷ്യപ്പെടുത്തിയ സാമ്പത്തിക രേഖകളും വിദഗ്ധ റിപോർട്ടുകളും കോടതിയിൽ സമർപ്പിക്കപ്പെട്ടു.
പരാതിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷകയായ സാറാ ഫൗവാദ് അത്തീഖ്, ഓരോ പങ്കാളിക്കും ബോർഡിലൂടെ അംഗീകരിച്ച മാസ ലാഭ വിഹിതവും മറ്റു ആനുകൂല്യങ്ങൾ ഉണ്ടായിരുന്നതായും, തന്റെ കക്ഷിക്ക് ഈ തുക ലഭിച്ചിരുന്നില്ലെന്നും കോടതിയിൽ പറഞ്ഞു. മൂന്നംഗങ്ങളുടെ പങ്കാളിത്തത്തിലുള്ള ഈ സ്ഥാപനത്തിൽ, മറ്റു രണ്ടു പങ്കാളികളും ചേർന്ന് പരാതിക്കാരനായ പങ്കാളിയെ കബളിപ്പിക്കുകയായിരുന്നു. സാമ്പത്തിക രേഖകൾക്കനുസരിച്ച് സ്ഥാപനത്തിന് ആ വർഷങ്ങളിൽ ലാഭം ഉണ്ടായിരുന്നുവെന്നും, അതിന് സാക്ഷ്യമായ രേഖകളും സാമ്പത്തിക റിപ്പോർട്ടുകളും കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
ലഭിക്കേണ്ട ലാഭ വിഹിതത്തിൽ നിന്ന് അവരുടെ കക്ഷിയെ ഒഴിവാക്കിയിട്ടുണ്ടെന്ന് അവർ വാദിച്ചു. ഹിയറിംഗിനിടെ അവതരിപ്പിച്ച വിദഗ്ദ്ധ സാമ്പത്തിക റിപ്പോർട്ടുകൾ കമ്പനി ലാഭം നേടിയതായി സ്ഥിരീകരിച്ചു. പണം മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയതായും അത് വരുമാനത്തിന്റെ ശരിയായ വിതരണത്തെ തടസ്സപ്പെടുത്തിയതായും കോടതി ചൂണ്ടിക്കാട്ടി.
ഇതിന്റെ അടിസ്ഥാനത്തിൽ, അവകാശിക്ക് 13,597 (30 ലക്ഷം രൂപ) ദിനാർ കുടിശ്ശികയുണ്ടെന്ന് കോടതി വിധിച്ചു. കോടതി ചാർജുകൾ, നിയമപരമായ ഫീസ്, വിദഗ്ദ്ധ റിപ്പോർട്ടുകളുടെ ചെലവ് എന്നിവയും കമ്പനി വഹിക്കണമെന്ന് കോടതി ഉത്തരവിട്ടു.