ഗാസ: ഗാസയിൽ നിന്ന് പത്തു ലക്ഷത്തോളം ഫലസ്തീനികളെ ലിബിയയിലേക്ക് സ്ഥിരമായി മാറ്റാനുള്ള പദ്ധതി നടപ്പാക്കാൻ ട്രംപ് ഭരണകൂടം പ്രവർത്തിക്കുന്നതായി അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. പദ്ധതി ഗൗരവ പരിഗണനയിലാണെന്നും അമേരിക്ക ലിബിയൻ നേതാക്കളുമായി ഇതേകുറിച്ച് ചർച്ച ചെയ്തിട്ടുണ്ടെന്നും മുൻ യു.എസ് ഉദ്യോഗസ്ഥൻ അടക്കമുള്ള അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ചാനൽ പറഞ്ഞു.
ഫലസ്തീനികളെ ലിബിയയിൽ സ്ഥിരിമായി പുനരധിവസിപ്പിക്കുന്നതിന് പകരമായി, പത്തുവർഷം മുമ്പ് മരവിപ്പിച്ച ബില്യൺ കണക്കിന് ഡോളറിന്റെ ഫണ്ടുകൾ അമേരിക്കൻ ഭരണകൂടം ലിബിയക്ക് കൈമാറുമെന്നും ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ചാനൽ കൂട്ടിച്ചേർത്തു.
അതേസമയം, ഗാസ മുനമ്പിൽ ഇസ്രായിൽ സൈനിക സമ്മർദം തുടരുകയാണ്. 36 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 250 ഫലസ്തീനികളെ ഇസ്രായിൽ കൊന്നൊടുക്കി. ഗാസയിൽ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുമായുള്ള ഇസ്രായിലിന്റെ വിയോജിപ്പ് പ്രകടവും വ്യക്തവും മിക്കവാറും പരസ്യവുമായി മാറിയ സമയത്താണ് ഇസ്രായിൽ ഗാസയിൽ കൂട്ടക്കുരുതി നടത്തുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും ഭരണകൂടങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങളും ശക്തമായിട്ടുണ്ട്.
നെതന്യാഹുവിനോട് ട്രംപിന് നീരസവും ദേഷ്യവുമുണ്ടെന്ന് മുൻ ഇസ്രായിലി ഡെപ്യൂട്ടി വിദേശ മന്ത്രിയും അമേരിക്കയിലെ മുൻ ഇസ്രായിൽ അംബാസഡറുമായ ഡാനി അയലോൺ പറഞ്ഞു. നെതന്യാഹുവിന്റെ പ്രവൃത്തികളെ ട്രംപ് അംഗീകരിക്കുന്നില്ല. അവയെ പഴയ മാനസികാവസ്ഥയായി ട്രംപ് കണക്കാക്കുന്നു. ഇസ്രായിൽ പ്രധാനമന്ത്രി ഒഴികെ ലോകം മുഴുവൻ തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്നതായി അദ്ദേഹം വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഗൾഫ് സന്ദർശന വേളയിൽ നെതന്യാഹുവിനെ മാറ്റിനിർത്താൻ ട്രംപ് തീരുമാനിച്ചതെന്നും ഡാനി അയലോൺ പറഞ്ഞു.
ഗാസയിലെ സ്ഥിതിഗതികൾ പരിഹരിക്കാൻ അമേരിക്ക പ്രവർത്തിക്കുന്നുണ്ടെന്നും നിരവധി ആളുകൾ അവിടെ പട്ടിണി കിടക്കുകയാണെന്നും ഗൾഫ് പര്യടനത്തിന്റെ സമാപനത്തിൽ, ഇന്നലെ അബുദാബിയിൽ വെച്ച് ട്രംപ് പറഞ്ഞിരുന്നു.