ഗാസ: ഗാസയിൽ അമേരിക്കൻ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കാൻ യു.എസ് പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് റിപോർട്ട്. ഗാസ ഭരണത്തിൽ അമേരിക്ക ഫലസ്തീൻ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തുമെന്നും ഏജൻസി റിപോർട്ടിൽ പറയുന്നു.
യുദ്ധാനന്തരം ഗാസയിലെ ഇടക്കാല ഭരണകൂടത്തിന് അമേരിക്ക നേതൃത്വം നൽകുന്നതിനെ കുറിച്ച് അമേരിക്കയും ഇസ്രായിലും ചർച്ച ചെയ്തിട്ടുണ്ട്. ഗാസ സൈനികവൽക്കരിക്കപ്പെടാതിരിക്കുകയും സ്ഥിരത കൈവരിക്കുകയും പ്രവർത്തിക്കാൻ കഴിയുന്ന ഫലസ്തീൻ ഭരണകൂടം ഉയർന്നുവരുകയും ചെയ്യുന്നതു വരെ ഗാസയുടെ മേൽനോട്ടം വഹിക്കാൻ അമേരിക്കൻ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുന്നത് കേന്ദ്രീകരിച്ചാണ് അമേരിക്കയും ഇസ്രായിലും കൂടിയാലോചനകൾ നടത്തിയതെന്നും റോയിട്ടേഴ്‌സ് പറഞ്ഞു.
സദ്ദാം ഹുസൈനെ അട്ടിമറിച്ച അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശത്തിന് തൊട്ടുപിന്നാലെ 2003-ൽ അമേരിക്ക ഇറാഖിൽ സ്ഥാപിച്ച സഖ്യ താൽക്കാലിക അതോറിറ്റിക്കു സമാനമായ ഭരണ ക്രമീകരണം ഗാസയിൽ ഏർപ്പെടുത്താനാണ് നീക്കം. നിരവധി ഇറാഖികൾ ഈ ഭരണ സംവിധാനത്തെ അധിനിവേശ ശക്തിയായി കണ്ടു. വർധിച്ചുവന്ന കലാപം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2004-ൽ സഖ്യ താൽക്കാലിക അതോറിറ്റി, ഇടക്കാല ഇറാഖി സർക്കാരിന് അധികാരം കൈമാറി.
ഗാസയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള അധികാരത്തിൽ പങ്കാളിത്തം വഹിക്കാൻ മറ്റു രാജ്യങ്ങളെ ക്ഷണിക്കും. എന്നാൽ ഏതൊക്കെ രാജ്യങ്ങളെയാണ് ക്ഷണിക്കുകയെന്ന കാര്യം വെളിപ്പെടുത്തിയില്ല. പുതിയ ഭരണകൂടം ഫലസ്തീൻ ടെക്‌നോക്രാറ്റുകളുടെ സഹായം തേടും. എന്നാൽ ഹമാസിനെയും അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പരിമിതമായ അധികാരമുള്ള ഫലസ്തീൻ അതോറിറ്റിയെയും ഒഴിവാക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം സ്ഥാപിക്കുന്ന കാര്യത്തിൽ കരാറിലെത്താൻ കഴിയുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. പ്രധാന അധികാരങ്ങൾ ആര് ഏറ്റെടുക്കണമെന്ന് തീരുമാനിക്കുന്നതിൽ ചർച്ചകൾ പുരോഗതി കൈവരിച്ചിട്ടില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. ഞങ്ങൾക്ക് സമാധാനം വേണം. ബന്ദികളെ ഉടൻ മോചിപ്പിക്കണം. ഇസ്രായിലിനൊപ്പം നിൽക്കുകയും സമാധാനം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ശക്തമായ സമീപനമെന്ന് അമേരിക്കൻ വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.
ഗാസയിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രൂപീകരിക്കുന്നത് അമേരിക്കയെ ഇസ്രായിൽ-ഫലസ്തീൻ സംഘർഷത്തിലേക്ക് കൂടുതൽ വലിച്ചിഴക്കും. ഇത് ഇറാഖ് അധിനിവേശത്തിനു ശേഷം മിഡിൽ ഈസ്റ്റിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ ഇടപെടലായിരിക്കും. ഗാസയിൽ ഒരു അധിനിവേശ ശക്തിയായി അമേരിക്ക കണക്കാക്കപ്പെടുകയാണെങ്കിൽ, അത്തരമൊരു നീക്കം മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികളിൽ നിന്നും എതിരാളികളിൽ നിന്നും ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഗാസയിൽ ഫലസ്തീൻ അതോറിറ്റിക്ക് യാതൊരു പങ്കും അനുവദിക്കില്ലെന്ന് നെതന്യാഹു ഉൾപ്പെടെയുള്ള ഇസ്രായിൽ നേതൃത്വം വ്യക്തമായി പറയുന്നു. ഫലസ്തീൻ അതോറിറ്റി ഇസ്രായിലിനോട് ശത്രുത പുലർത്തുന്നുവെന്ന് ഇസ്രായിൽ നേതാക്കൾ ആരോപിക്കുന്നു. ഗാസയിൽ ഫലസ്തീൻ പരമാധികാരത്തെയും നെതന്യാഹു എതിർക്കുന്നു. ഗാസയിൽ ഇസ്രായിൽ ആക്രമണം വ്യാപിപ്പിക്കുമെന്നും സുരക്ഷക്കായി കൂടുതൽ ഗാസ നിവാസികളെ ഗാസക്ക് പുറത്തേക്ക് നീക്കം ചെയ്യുമെന്നും നെതന്യാഹു തിങ്കളാഴ്ച പറഞ്ഞു.
ഗാസയിൽ ബന്ദികളാക്കിയ 59 പേരെ മോചിപ്പിക്കാൻ ഇസ്രായിൽ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഇസ്രായിൽ സൈനിക നടപടിയിൽ ഇതുവരെ 52,000 ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്.
നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിലെ ചില അംഗങ്ങൾ ഗാസയിൽ നിന്ന് ഫലസ്തീനികളുടെ സ്വമേധയായുള്ള കൂട്ട പലായനത്തിന് വഴിയൊരുക്കണമെന്നും ഗാസയിൽ ജൂതകുടിയേറ്റ കോളനികൾ പുനർനിർമിക്കണമെന്നും പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ, അമേരിക്കയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടത്തിന്റെ രൂപീകരണം പോലെ ഗാസയുടെ ഭാവിയെ കുറിച്ച നിർദേശങ്ങൾ ചില ഇസ്രായിലി ഉദ്യോഗസ്ഥർ രഹസ്യമായി പരിഗണിക്കുന്നുണ്ട്. ഒരു സാഹചര്യത്തിലും ഗാസയിൽ നിന്ന് ഫലസ്തീനികളുടെ കൂട്ട പലായനം ഉണ്ടാകില്ലെന്ന് ബന്ധപ്പട്ടവർ അനുമാനിക്കുന്നു. ഗാസ പുനർനിർമാണം പ്രത്യേക സുരക്ഷാ മേഖലകളിലേക്ക് പരിമിതപ്പെടുത്തുക, ഗാസ വിഭജിക്കുക, സ്ഥിരമായ സൈനിക താവളങ്ങൾ സ്ഥാപിക്കുക എന്നിവ ഈ നിർദേശങ്ങളിൽ ഉൾപ്പെടുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു.