ദുബൈ– ഇന്ത്യയുടെ യുപിഐ വഴിയുള്ള പേമെന്റ് സംവിധാനം യുഎഇയിൽ വ്യാപിപ്പിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ അറിയിച്ചു. ഇതുവഴി യുഎഇയിലേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് കറൻസി നോട്ടുകളെയോ ബാങ്ക് കാർഡുകളെയോ ആശ്രയിക്കാതെ മുഴുവൻ ഇടപാടുകളും യുപിഐ ആപ്പ് വഴി നിർവഹിക്കാനാണ് സൗകര്യമൊരുങ്ങുന്നത്. യുപിഐയും യുഎഇയുടെ ഡിജിറ്റൽ പേമെന്റ് ശൃംഖലയും കൈകോർക്കുന്നതോടെയാണ് ഇത് യാഥാർഥ്യമാവുക.
യുഎഇയിലേക്കെത്തുന്ന ഇന്ത്യൻ പ്രവാസികൾക്കും സന്ദർശകർക്കും മികച്ചതും വേറിട്ടതുമായ യാത്രാനുഭവമാണ് ഇതുവഴി ലഭിക്കുകയെന്ന് നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) അന്താരാഷ്ട്രവിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേമെന്റ്‌സ് ലിമിറ്റഡ് (എൻഐപിഎൽ) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ കൗൺസിൽ ജനറൽ വ്യക്തമാക്കി. നിലവിൽ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, ലുലു ഹൈപ്പർമാർക്കറ്റ് തുടങ്ങിയ പല ഔട്ട്‌ലെറ്റുകളിലും ഇന്ത്യൻ സന്ദർശകർക്ക് അവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണമടയ്ക്കാൻ യുപിഐ ഉപയോഗിക്കാം.
യുഎഇയുടെ പ്രാദേശിക പേമെന്റ് സംവിധാനമായ എഎഎൻഐ യുമായി യുപിഐ യെ സംയോജിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. നാലുമാസത്തിനകം ദുബായിലെ ടാക്സികളിൽ യുപിഐ ഉപയോഗിച്ച് പണം നൽകാനുള്ള സംവിധാനം ഏർപ്പെടുത്താൻ ചർച്ചകൾ പുരോഗമിക്കുകയാണ്. തടസ്സമില്ലാത്ത സേവനം ഇന്ത്യൻ ഉപയോക്താക്കൾക്ക് വേഗത്തിൽ ലഭ്യമാക്കാനായി എൻഐപിഎൽ യുഎഇയിലെ വ്യാപാരസ്ഥാപനങ്ങൾ, പേമെന്റ് സൊലൂഷൻ ദാതാക്കൾ, ബാങ്കുകൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
യുഎഇയിൽ യുപിഐയുടെ സ്വീകാര്യതയ്ക്ക് എൻപിസിഐ ഇന്റർനാഷണൽ ആക്കംകൂട്ടുകയാണെന്ന് എൻപിസിഐ ഇന്റർനാഷണൽ എംഡിയും സിഇഒയുമായ റിതേഷ് ശുക്ല പറഞ്ഞു. യുഎഇയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിലേക്ക് യുപിഐയെ പൂർണമായി ഉൾപ്പെടുത്തുമ്പോൾ ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ വിപ്ലവകരമായ മാറ്റങ്ങളാകും ഉണ്ടാകാൻ പോകുക.