അബൂദാബി – നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ‘യെസ് ഇന്ത്യ കോസ്മിക് കോൺഫ്ലൂവൻസ് സമ്മിറ്റിന്’ അബൂദാബി സാക്ഷ്യം വഹിച്ചു. ശാസ്ത്രവിഷയങ്ങളിൽ താൽപര്യമുള്ള പ്രവാസി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഈ പരിപാടി പുതിയ അറിവുകൾ തേടുന്ന ശാസ്ത്രപ്രേമികൾക്ക് ഒരു അപൂർവ്വ സംഗമമായിരുന്നു.
പതിനഞ്ച് വയസ്സുകാരനായ ജൂനിയർ ഐൻസ്റ്റീൻ ഇന്ത്യ എന്നറിയപ്പെടുന്ന സാരിം ഖാനും, അമേരിക്കയിലെ ജോർജ് മാസൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്രാൻഡ് നേടിയ ഹബേൽ അൻവറും സമ്മിറ്റിൽ അതിഥികളായി എത്തി. തങ്ങളുടെ വേറിട്ട അവതരണത്തിലൂടെ ഇവർ പ്രവാസി വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും ശാസ്ത്ര ലോകത്തെ അനന്ത സാധ്യതകൾ പരിചയപ്പെടുത്തുകയും ചെയ്തു.
ഗ്രാവിറ്റി, ബ്ലാക്ക് ഹോൾ, വൈറ്റ് ഹോൾ തുടങ്ങിയ വിഷയങ്ങൾ, ഐൻസ്റ്റീൻ്റെ റിലേറ്റിവിറ്റി സിദ്ധാന്തം, സ്പേസ് ടൈം, സ്പേസ് ട്രാവലിലെ സമയ വ്യത്യാസം എന്നിവയായിരുന്നു കോസ്മിക് സമ്മിറ്റിലെ പ്രധാന ചർച്ചാ വിഷയങ്ങൾ. നേരത്തെ രജിസ്റ്റർ ചെയ്ത നൂറിലധികം വിദ്യാർത്ഥികളാണ് സമ്മിറ്റിൽ പങ്കെടുത്തത്.
അത്ഭുത ബാല്യങ്ങളായ ഈ പ്രതിഭകളെ അണിനിരത്തി പ്രവാസ ലോകത്ത് ആദ്യമായാണ് ഇത്തരമൊരു ശാസ്ത്ര സമ്മിറ്റ് സംഘടിപ്പിച്ചത്. ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലായി അമ്പതിലധികം സ്കൂളുകളും മറ്റ് സ്ഥാപനങ്ങളും ഉൾപ്പെടുന്ന യെസ് ഇന്ത്യ ഫൗണ്ടേഷനാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. അൽ വഹ്ദ മാളിലെ ഗ്രാൻഡ് അറീന ഓഡിറ്റോറിയത്തിലായിരുന്നു ഈ സംഗമം. യെസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഷൗക്കത്ത് നഈമി അൽ ബുഖാരി കാശ്മീർ, അബ്ദുൽ ഗഫൂർ സഖാഫി, സൈഫുദ്ധീൻ, ഫസ്‌ലു റഹ്മാൻ, ജാബിർ ലത്തീഫ്, അബൂബക്കർ അസ്ഹരി, റഹീം ഹാജി പാനൂർ, അബ്ദുറഹ്മാൻ ഹാജി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. മൊയ്തുട്ടി നൊച്ചിയാട് സ്വാഗതവും യാസിർ വേങ്ങര നന്ദിയും പറഞ്ഞു.



