ദുബായ്- ഫോണിലെ വോയ്സ് ചാറ്റുകൾ കാണിച്ചു കൊടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാമുകനെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവതിക്ക് ആറുമാസം തടവ് വിധിച്ച് ദുബായ് കോടതി. 2022 ഓഗസ്റ്റ് 20 ന് ദുബായിലെ അൽ മുറാഖബാത്തിലെ അപ്പാർട്ട്മെൻ്റിലാണ് യുവതി കാമുകനെ കുത്തിയത്. തായ്ലന്റ് സ്വദേശിയായ യുവാവിനെയാണ് അറബ് വംശജയായ യുവതി കുത്തിപ്പരിക്കേൽപ്പിച്ചത്.
അടുക്കളയിൽവെച്ച് മറ്റൊരു സ്ത്രീയുമായി യുവാവ് വോയ്സ് ചാറ്റിൽ ഏർപ്പെടുന്നത് യുവതി കണ്ടിരുന്നു. ഇത് സംബന്ധിച്ച തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. നിരവധി തവണ ഫോൺ ചോദിച്ചെങ്കിലും യുവാവ് നൽകാൻ തയ്യാറായില്ല. ബലംപ്രയോഗിച്ച് പിടിച്ചെടുക്കാൻ നോക്കിയെങ്കിലും യുവാവ് വഴങ്ങിയില്ല. തുടർന്ന് അടുക്കളയിലെ കത്തിയെടുത്ത് കാമുകനെ കുത്തുകയായിരുന്നു. മൂന്നു തവണയാണ് കത്തി ഉപയോഗിച്ച് യുവാവിനെ ഇവർ കുത്തിയത്. കുത്തേറ്റ ഇയാൾ കുളിമുറിയിൽ വീഴുകയും ചെയ്തു. യുവാവിന്റെ ദേഹത്തുനിന്ന് അപ്പോഴും രക്തം ഒലിക്കുന്നുണ്ടായിരുന്നു. ഭയന്നുവിറച്ച യുവതി ഉടൻ പോലീസിനെ വിളിച്ച് സംഭവം പറഞ്ഞു.
പ്രോസിക്യൂഷൻ അന്വേഷണത്തിൽ, കൊലപാതകശ്രമം യുവതി സമ്മതിച്ച. എന്നാൽ താൻ അയാളെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ അയാൾ തന്നെ ആക്രമിച്ചതിന് ശേഷം സ്വയം സംരക്ഷിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും യുവതി വിശദീകരിച്ചു.
തെളിവുകളുടെ വെളിച്ചത്തിൽ, സ്ത്രീയുടെ പ്രവൃത്തികൾ കൊലപാതക ശ്രമത്തിനുപകരം മനഃപൂർവം ശാരീരിക ഉപദ്രവമുണ്ടാക്കുന്നതാണെന്ന് കോടതി കണ്ടെത്തി.
ഇരക്ക് പരിക്കേറ്റ ശേഷം അവൾ ആക്രമണം നിർത്തിയെന്നും ജീവൻ രക്ഷിക്കാനായി സഹായം തേടിയത് കൊല്ലാനുള്ള ഉദ്ദേശ്യമില്ലായ്മയെ സൂചിപ്പിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ആക്രമണം നടത്തിയ സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ആറ് മാസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. ശിക്ഷ കഴിഞ്ഞ് യുവതിയെ നാടുകടത്തും.