ഷാർജ: ഷാർജയിലെ അൽ നഹ്ദയിൽ അമ്മയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന് വ്യക്തമാക്കി വിപഞ്ചിക (33) എഴുതിയ കുറിപ്പ്, മരണശേഷം ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തിരുന്നതായി വിവരം.
ഈ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. എന്നാൽ, വിപഞ്ചികയുടെ ബന്ധുക്കൾ കുറിപ്പിന്റെ പകർപ്പ് സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും (ഒന്നര വയസ്സ്) ഫ്ലാറ്റിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന്, ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിപഞ്ചികയുടെ ബന്ധുക്കൾ രംഗത്തെത്തി.
വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പിൽ, തന്റെ മരണത്തിന് ഉത്തരവാദികൾ ഭർത്താവ് നിതീഷ്, ഭർതൃസഹോദരി നീതു, ഭർതൃപിതാവ് മോഹനൻ എന്നിവരാണെന്ന് ആരോപിക്കുന്നു. വിപഞ്ചികയ്ക്കും മകൾ വൈഭവിക്കും നീതി ലഭിക്കാൻ ഏത് വിധേനയും മുന്നോട്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അധികാരികൾക്ക് പരാതി നൽകി. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റ്, കേരള മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.
അതിനിടെ, കുഞ്ഞിന്റെ ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നു. വിപഞ്ചിക മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതായാണ് റിപ്പോർട്ട്. വിപഞ്ചികയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കും. പബ്ലിക് പ്രോസിക്യൂഷന്റെ തീരുമാനവും അന്ന് പ്രതീക്ഷിക്കുന്നു.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ എവിടെ സംസ്കരിക്കണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാൽ, കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ സംസ്കരിക്കണമെന്ന നിലപാടിലാണ് ഭർത്താവ് നിതീഷിന്റെ കുടുംബം.