ദുബായ് – യുഎഇയിലെ അസ്ഥിരകാലാവസ്ഥയെത്തുടര്‍ന്ന് ദുബായിലെ എല്ലാ ബീച്ചുകളും പൊതു പാര്‍ക്കുകളും മാര്‍ക്കറ്റുകളും അടച്ചതായി ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ബീച്ചുകള്‍, പൊതു പാര്‍ക്കുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ ഇന്ന് മെയ് 2 വ്യാഴാഴ്ച അടച്ചിടും. ഇന്ന് മുതല്‍ രാജ്യം പ്രതികൂല കാലാവസ്ഥയ്ക്ക് തയ്യാറെടുക്കുമ്പോള്‍, അടുത്ത രണ്ട് ദിവസത്തേക്ക് ”ഇടത്തരം മുതല്‍ കനത്ത മഴ” വരെ പെയ്യുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
യു എ ഇയില്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) പുറപ്പെടുവിച്ച അലേര്‍ട്ടുകള്‍ പ്രകാരം ഇന്നലെ മെയ് ഒന്നിന് അര്‍ദ്ധരാത്രി മുതല്‍ തന്നെ അബുദാബി അടക്കമുള്ള സ്ഥലങ്ങളില്‍ കനത്ത മഴ ആരംഭിച്ചിരുന്നു. പുലര്‍ച്ചെ 2.35 ന് തന്നെ ദുബായില്‍ ചാറ്റല്‍മഴയും മിന്നലും ഉണ്ടായി. ചില സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായി. ഇന്ന് രാത്രി 8 മണി വരെ അപകടകരമായ കാലാവസ്ഥാ സംഭവങ്ങള്‍ പ്രവചിച്ച്, രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും NCM ഓറഞ്ച് അലര്‍ട്ട് ആണ് ഇതുവരെ നല്‍കിയിരിക്കുന്നത്.
പുലര്‍ച്ചെ 4 മണിയോടെ, ദുബായിലെ ബുര്‍ജ് ഖലീഫ കനത്ത മേഘങ്ങളാല്‍ പൊതിഞ്ഞിരുന്നു. ഇടിമിന്നലും ഉണ്ടായിരുന്നു. അബുദാബിയില്‍, പ്രത്യേകിച്ച് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിന്റെ സ്ഥലത്തും ഇടിമിന്നല്‍ ഉണ്ടായി. റാസല്‍ഖൈമയിലെ മലനിരകളില്‍ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group