ദുബൈ– ദുബൈയിൽ ചില പ്രദേശങ്ങളിൽ ഇന്ന് നേരിയ മഴ പെയ്തതായി വിവരം. മഴ വർധിക്കാൻ സാധ്യതയുണ്ടെന്ന് ദ മെറ്റ് ഓഫീസ് പ്രവചിച്ചു. ലെഹ്‌ബാബ് മേഖലയിലാണ് നേരിയ മഴ പെയ്തതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) അറിയിച്ചു.
ദിവസം മുഴുവൻ ഇതേ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്നും പ്രത്യേകിച്ച്, എമിറേറ്റിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും എൻ.സി.എം പ്രവചിച്ചു. ഇന്ന് 44 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെടാനാണ് സാധ്യത. മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ ചൂട് ഒരു പരിധിവരെ കുറയാൻ ഇത് കാരണമാകും. രാത്രിയിൽ താപനില 25 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ദുബൈയിൽ ചില പ്രദേശങ്ങളിൽ കാറ്റിനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെട്ടേക്കാം. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ പൊടികാറ്റും ഉണ്ടായേക്കാം. കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഒമാൻ കടൽ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ടെന്നാണ് എൻ.സി.എം മുന്നറിയിപ്പ് നൽകുന്നത്.