ജിദ്ദ: വ്യാജ ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ കേസില്‍ യു.എ.ഇ വ്യാപാരിക്ക് ജിദ്ദ അപ്പീല്‍ കോടതി 1,00,800 റിയാല്‍ പിഴ ചുമത്തി. ജിദ്ദയില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഖാലിദ് അല്‍സുബൈദി എസ്റ്റാബ്ലിഷ്മെന്റ് ഉടമ ഖാലിദ് കറാമ ഈസ അല്‍സുബൈദിക്കാണ് പിഴ. സ്ഥാപനത്തില്‍ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കിടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത 5,200 വൈദ്യതി എക്സ്റ്റന്‍ഷന്‍ കേബിളുകള്‍ പിടിച്ചെടുത്തിരുന്നു.
തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കേസ് വാണിജ്യ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. സ്ഥാപനത്തില്‍ കണ്ടെത്തിയ വ്യാജ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും ഉടമയുടെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു. സൗദിയില്‍ വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.