ദുബൈ – തൊഴിൽ ഇടങ്ങളിൽ എഐ സ്വീകരിക്കുന്നതിൽ ആഗോള റാങ്കിങിൽ ഒന്നാം സ്ഥാനം നേടി യുഎഇ. ലോകത്തിലെ ഏറ്റവും വിപുലമായ ഡിജിറ്റൽ സമ്പദ് വ്യവസ്ഥകളെ യുഎഇ മറികടന്നതായി മൈക്രോസോഫ്റ്റിന്റെ എഐ ഫോർ ഗുഡ് ലാബ് പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എഐ ഉപയോഗപ്പെടുത്തുന്ന മുപ്പതിലേറെ രാജ്യങ്ങളിൽ നടത്തിയ സർവേയിലാണ് യുഎഇയിൽ ജോലി ചെയ്യുന്ന 59.4 ശതമാനം പേരും എഐ സോഫ്റ്റ് കോപൈലറ്റ്, ചാറ്റ്ജിപിടി, മിഡ്ജേർണി തുടങ്ങിയ എഐ സോഫ്റ്റ് വെയറുകക്ൾ ദിവസേന ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. 58.6 ശതമാനവുമായി സിംഗപ്പൂർ ആണ് രണ്ടാം സ്ഥാനത്ത്.
ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വീകാര്യതയിലും യുഎഇ മുന്നിലാണ്. 97% യുഎഇ നിവാസികളും നിർമിത ബുദ്ധി സങ്കേതികവിദ്യയും സൗകര്യങ്ങളും ഇഷ്ടപ്പെടുന്നവരാണ്. നിക്ഷേപവും സാമ്പത്തിക വളർച്ചയും വർധിപ്പിക്കാൻ ഒരു ലക്ഷം പേർക്ക് നിർമിത ബുദ്ധി പരിശീലനം നൽകാൻ യുഎഇയും മൈക്രോസോഫ്റ്റും നേരത്തെ ധാരണയിൽ എത്തിയിരിന്നു.



