ഗാസ: ഉപരോധിക്കപ്പെട്ട ഗാസ മുനമ്പിലേക്ക് അടിയന്തര മാനുഷിക സഹായങ്ങള്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ഇസ്രായിലുമായി കരാറിലെത്തിയതായി യു.എ.ഇ അറിയിച്ചു. യു.എ.ഇ വിദേശ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാനും ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോന്‍ സാഅറും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് ഗാസയില്‍ 15,000 സാധാരണക്കാരുടെ ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാനായി യു.എ.ഇയില്‍ നിന്ന് അടിയന്തര മാനുഷിക സഹായം എത്തിക്കാനുള്ള കരാറിലേക്ക് നയിച്ചതെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇന്നു പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുട്ടികള്‍ അടക്കം ഇരുപതിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗാസ മുനമ്പിന് വടക്കുള്ള ജബാലിയ അല്‍ബലദിലെ അല്‍നുസ്ഹ സ്ട്രീറ്റിലെ നബ്ഹാന്‍ കുടുംബവീട് ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മറ്റൊരു ആക്രമണത്തില്‍ മുലകുടി പ്രായത്തിലുള്ള പിഞ്ചു കുഞ്ഞ് അടക്കം മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ രക്തസാക്ഷികളായി. തങ്ങളുടെ ജീവനക്കാര്‍ കുറഞ്ഞത് 19 രക്തസാക്ഷികളെ നീക്കം ചെയ്തതായി സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ പറഞ്ഞു. അവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഇതില്‍ ഒരു ആഴ്ചയില്‍ താഴെ പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ സേന നടത്തിയ വ്യോമാക്രമണങ്ങളില്‍ ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ എ.എഫ്.പിയോട് പറഞ്ഞു.