മസ്‌കത്ത് – യു.എ.ഇ ആസ്ഥാനമായുള്ള അല്‍ബാഹിയ കമ്പനി ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കര്‍ അല്‍ബാഹിയക്കു നേരെയുണ്ടായ ആക്രമണത്തില്‍ മൂന്നു ജീവനക്കാരെ കാണാതായതായി ഒമാന്‍ മാരിറ്റൈം സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിന്റെ തീരത്ത് നിന്ന് 9.1 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ടാങ്കറിനു നേരെ ആക്രമണമുണ്ടായത്. ഒമാന്‍ റോയല്‍ നേവി കപ്പല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. സംഭവസ്ഥലത്തിന് സമീപമുണ്ടായിരുന്ന കപ്പലുകള്‍ എണ്ണ ടാങ്കറിലെ 18 ജീവനക്കാരെ ഒഴിപ്പിച്ചു. മൂന്ന് ജീവനക്കാരെ കാണാതായതായും ഒമാന്‍ മാരിറ്റൈം സെക്യൂരിറ്റി സെന്റര്‍ വ്യക്തമാക്കി.
ഒമാന്റെ പ്രദേശിക ജലാതിര്‍ത്തിയില്‍ ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എ.ഇയുടെ രണ്ടു എണ്ണ ടാങ്കറുകള്‍ക്കു നേരെ രണ്ട് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമണം നടത്തിയതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം ഇന്ന് പുലര്‍ച്ചെ അറിയിച്ചിരുന്നു. മൊംബാസ, അല്‍ബാഹിയ എന്നീ ടാങ്കറുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൊംബാസയിലെ ജീവനക്കാരനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നാല് പേരുടെ പരിക്കുകള്‍ ഗുരുതരമാണ്. പരിക്കേറ്റവരില്‍ ആറു പേര്‍ ഇന്ത്യക്കാരും രണ്ടു പേര്‍ ഉക്രെയ്ന്‍കാരുമാണ്. ആക്രമണത്തില്‍ ഉണ്ടായ തീപിടുത്തം മൂലം രണ്ട് ടാങ്കറുകള്‍ക്കും സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. അഗ്നിബാധ പിന്നീട് നിയന്ത്രണവിധേയമാക്കി. മൊംബാസ കപ്പലിലെ ജീവനക്കാരില്‍ ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അറിയിച്ച യു.എ.ഇ പ്രതിരോധ മന്ത്രാലയം അല്‍ബാഹിയ ടാങ്കറിലെ ജീവനക്കാരുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഈ കപ്പലിലെ 18 ജീവനക്കാരെ രക്ഷിക്കുകയും മൂന്നു പേരെ കാണാതാവുകയും ചെയ്തതായാണ് ഒമാന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കാണാതായ ജീവനക്കാര്‍ ഏതു രാജ്യക്കാരാണെന്ന കാര്യം വ്യക്തമല്ല.



