അബൂദാബി – ഭരണത്തുടർച്ചയുടെ ഭാഗമായി കേരളത്തിൽ വലിയമാറ്റങ്ങളുണ്ടായതായും അമേരിക്കയെപ്പോലും വെല്ലാൻ പാകത്തിൽ കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അബൂദാബി സിറ്റി ഗോൾഫ് ക്ലബ് മൈതാനത്ത് ‘മലയാളോത്സവം’ പരിപാടിയിൽ യുഎഇ മലയാളികളെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ൽ എൽഡിഎഫ് സർക്കാരിനെ ഏൽപ്പിച്ച ദൗത്യം, ജനത ആഗ്രഹിച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞു. കഴിഞ്ഞ ഒൻപതര വർഷത്തിൽ കേരളം എല്ലാ മേഖലയിലും വലിയ വളർച്ച കൈവരിച്ചു. ഗൾഫ് കുടിയേറ്റവും അതിന്റെ ഭാഗമായുണ്ടായ സാമ്പത്തിക മുന്നേറ്റവും മാറ്റത്തിൽ വലിയ പങ്കുവഹിച്ചു. 2016–21ൽ ആരംഭിച്ച വികസന പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ തുടർഭരണത്തിലൂടെ സാധിച്ചു. കൂടുതൽ വികസനത്തിലേക്ക് പോകാനും നാടിന്റെ പുരോഗതിയിലേക്ക് നയിക്കാനുമായത് തുടർഭരണത്തിന്റെ ഭാഗമായാണ്. അതിന് തുടർച്ചയുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ യൂസഫലി അധ്യക്ഷനായി. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. അൻസാരി സൈനുദ്ദീൻ സ്വാഗതവും കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ടി.കെ മണികണ്ഠൻ നന്ദിയും പറഞ്ഞു. വ്യവസായ പ്രമുഖരായ കെ.മുരളീധരൻ, ഗണേഷ് ബാബു, മുഹമ്മദ് സാലി, വിജയകുമാർ തുടങ്ങിയവരും പങ്കെടുത്തു.
രക്ഷാധികാരി റോയ് ഐ വർഗീസ്, വൈസ് ചെയർമാൻ ഇ.കെ.സലാം, കോ ഓർഡിനേറ്റർ കെ.കൃഷ്ണകുമാർ, മലയാളം മിഷൻ ചെയർമാൻ എ.കെ. ബീരാൻകുട്ടി, കെ.എസ്.സി പ്രസിഡന്റ് ടി.കെ.മനോജ്,ഐ.എസ്.സി പ്രസിഡന്റ് ജയചന്ദ്രൻ നായർ, മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, അൽഐൻ ഐഎസ്.സി പ്രസിഡന്റ് റസ്സൽ മുഹമ്മദ് പി.വി.പത്മനാഭൻ, ഇന്ത്യൻ ഇസ്ലാമിക് സെൻ്റർപ്രസിഡന്റ് പി.ബാവഹാജി തുടങ്ങി അബുദാബിയിലെയും അൽഐനിലെയും വിവിധ സംഘടനാ പ്രതിനിധികൾ പരിപാടികൾക്കു നേതൃത്വം നൽകി.



