യൂഎഇയിലെ ഗോള്‍ഡന്‍ വിസ പ്രോഗ്രാം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. വിദേശ നിക്ഷേപവും പുതിയ സംരഭകരേയു രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കൂടി പദ്ധതിയിട്ടാണ് ഈ നീക്കമെന്ന് വിസ, കമ്പനി രൂപീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദുബൈയിലെ ജെഎസ്ബിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഗൗരവ് കെശ്വാനിപറഞ്ഞു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളിലായി കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 250 ലധികം വ്യക്തികള്‍ക്ക് തങ്ങളുടെ കമ്പനി മുഖേന വിസ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സമീപഭാവിയില്‍ കൂടുതല്‍ വിഭാഗങ്ങള്‍ ചേര്‍ക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എഐ, കാലാവസ്ഥാ സാങ്കേതികവിദ്യ, ഐടി, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലുള്ളവര്‍ ധാരാളമെത്തുന്നുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ മാത്രം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട സ്വകാര്യ ബാങ്കര്‍മാര്‍, എഐ കണ്‍സള്‍ട്ടന്റുകള്‍, ക്ലൗഡ് വിദഗ്ദര്‍ എന്നിവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ട് എന്നും അദ്ദേഹം എടുത്തുപറയുന്നു.
ഏഷ്യ-പസഫിക് മേഖലയിലുള്ള വിവിധ മേഖലയിലുള്ളവരെ ലക്ഷ്യം വച്ചുകൊണ്ട് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. മാത്രമല്ല, ഗണ്യമായ വരുമാനമുള്ള സിഇഒമാര്‍, സിടിഒമാര്‍ തുടങ്ങിയ മുതിര്‍ന്ന പ്രൊഫഷണലുകള്‍ക്ക് ഇവിടെ നിക്ഷേപിക്കാനും താമസസ്ഥലമോ വീടോ നേടാനും അവരുടെ ആസ്തികള്‍ സ്വതന്ത്രമായി കൈകാര്യം ചെയ്യാനും കഴിയും. റസിഡന്‍സിയും നിക്ഷേപവും രണ്ടായാണ് പരിഗണിക്കപ്പെടുക. ആരെങ്കിലും ഒരു നിക്ഷേപം ലിക്വിഡേറ്റ് ചെയ്ത് മറ്റൊരു ആസ്തി വിഭാഗത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് അവരുടെ റെസിഡന്‍സി സ്റ്റാറ്റസിനെ ബാധിക്കാതെ അത് ചെയ്യാന്‍ കഴിയും. മികച്ച വിദ്യാര്‍ത്ഥികള്‍, ശാസ്ത്രജ്ഞര്‍, മികച്ച ആഗോള സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദധാരികള്‍, കോഡര്‍മാര്‍, ഉയര്‍ന്ന യോഗ്യതയുള്ള പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ നിരവധി വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ നിലവില്‍ 10 വര്‍ഷത്തെ റെസിഡന്‍സിയാണ് നല്‍കുന്നത്.